ഉയിർ സിനിമയിൽ റോഷൻ മാത്യു.
വൗ സിനിമാസിന്‍റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റോറിയുടെ നടപടിക്രമങ്ങളിലൂടെ ആരംഭിക്കുന്ന ട്രയിലർ ചെന്നെത്തുന്നത് ഒരു മർഡർ മിസ്റ്ററിയുടെ അകത്തളങ്ങളിലേക്കാണ്.
ഒരു സ്ത്രീയുടെ മരണം... അതു മർഡർ ആണന്ന നിഗമനത്തിലേക്കാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതെന്ന് ട്രെയിലറിലൂടെ മനസിലാക്കാം. ഒരു കൊലപാതകത്തിന്‍റെ എല്ലാ ദുരൂഹതകളും കോർത്തിണക്കി തികഞ്ഞ സസ്പൻസ് ത്രില്ലറായി അവതരിപ്പിക്കാനാണ് പത്മകുമാർ ശ്രമിച്ചിരിക്കുന്നത്.
ജൂൺ 26-ന് പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. ഇക്കുറി പ്രദർശനശാലകളിലാണ് ട്രെയിലർ ആദ്യം പ്രദർശിപ്പിച്ചു തുടങ്ങിയത്. തിയെറ്ററുകളിൽ പ്രേക്ഷകരുടെ പ്രശംസ നേടിയ ശേഷമാണ് നവ മാധ്യമങ്ങളിൽ ട്രെയിലർ എത്തുന്നത്.
മലബാറിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്‍റെ കഥ രൂപപ്പെട്ടിരിക്കുന്നത്. ഇൻസ്പെക്റ്റർ അൻഷാദിന്‍റെ മൂലകഥയ്ക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവരോടൊപ്പം തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും മഹേഷ് ഷെട്ടിയും, കൂടാതെ മാസ്റ്റർ ആര്യൻ എസ്. പൂജാരി, ബേബി മിത്ര സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഷിബു ചക്രവർത്തി, സന്തോഷ് വർമ എന്നിവരുടെ ഗാനങ്ങൾക്ക് മണികണ്ഠൻ അയ്യപ്പ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ് - രഞ്ജൻ ഏബ്രഹാം.