തുടക്കം സിനിമയ്ക്ക് ആരംഭം കുറിക്കുന്ന ചടങ്ങിൽ മോഹൻലാലും കുടുംബവും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം.

 
Entertainment

തുടങ്ങി 'തുടക്കം': വിസ്മയ മോഹൻലാൽ ക്യാമറയ്ക്കു മുന്നിൽ

മോഹൻലാലിന്‍റെ മകൾ വിസ്മയ നായികയാവുന്ന തുടക്കം എന്ന സിനിമ ഒദ്യോഗികമായി ലോഞ്ച് ചെയ്തു; ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യും.

വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന, തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഒഫീഷ്യൽ ലോഞ്ചിങ് വ്യാഴാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തി.

ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടെയും ബന്ധുമിത്രാദികളുടെയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ആശിർവാദ് സിനിമാമ്പിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്, മോഹൻലാൽ ആദ്യ തിരി തെളിച്ചതോടെയാണ് തുടക്കമായത്. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമവും പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.

ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നടന്‍റെ കടന്നുവരവും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു. ആന്‍റണി പെരുമ്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയാണ് ഈ നടൻ. മോഹൻലാലാണ് ആശിഷിനെ ചടങ്ങിൽ അവതരിപ്പിച്ചത്. എമ്പുരാൻ എന്ന ചിത്രത്തിൽ നിർണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ്. അന്ന് ഈ നടനാരെന്നത് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുണർത്തിയിരുന്നു.

ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആന്‍റണി അവതരിപ്പിക്കുന്നത്. ആശിഷിന്‍റെ കടന്നുവരവും തികച്ചും യാദൃച്ഛികമാണന്ന് മോഹൻലാൽ പറഞ്ഞു. ഇതിൽ ഒരു കഥാപാത്രം ഉണ്ടായപ്പോൾ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു. അയാൾ അതിനു സമ്മതം മൂളി- അദ്ദേഹം പറഞ്ഞു.

''നാൽപ്പത്തിയെട്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ അഭിനയ രംഗത്ത് എത്തുമ്പോൾ ഇത്തരം വലിയ ചടങ്ങുകളൊന്നും ഇല്ലായിരുന്നു. വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അതിന് അനുയോജ്യമായ ഒരു കഥ ഒത്തുവന്നത് ഈ ചിത്രത്തിലാണ്. അഭിനയം ഈസിയായ കാര്യമല്ല. അത് തെരഞ്ഞെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം അവർക്കുള്ളതാണ്. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് നമുക്കു ചെയ്യാനുള്ളത്. അതിനുള്ള പ്രൊഡക്ഷൻ ഹൗസ് ഇപ്പോഴുണ്ട്''- മകൾ അഭിനയ രംഗത്തേക്കു കടന്നു വരുന്നതിനെക്കുറിച്ച് മോഹൻലാൽ വിശദീകരിച്ചു.

മോഹൻലാൽ ഭദ്രദീപം തെളിച്ച് സിനിമയ്ക്കു തുടക്കം കുറിക്കുന്നു.

മകൾ അഭിനയ രംഗത്ത് കടന്നു വരുന്നത് അമ്മയെന്ന നിലയിൽ തനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയെന്ന് സുചിത്ര മോഹൻലാലും ചടങ്ങിൽ വ്യക്തമാക്കി.

ജോഷി, ദിലീപ്, മേജർ രവി, വൈശാഖ്, തരുൺ മൂർത്തി, ആരുൺ ഗോപി, സിയാദ് കോക്കർ, സാബു ചെറിയാൻ, എം. രഞ്ജിത്, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ആഷിക് ഉസ്മാൻ, ആൽവിൻ ആന്‍റണി ഔസേപ്പച്ചൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

തുടക്കം സിനിമയ്ക്ക് ആരംഭം കുറിക്കുന്ന ചടങ്ങിൽ മോഹൻലാലും കുടുംബവും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം.

ഒരു കൊച്ചു കുടുംബ ചിത്രം എന്നു മാത്രമേ ചിത്രത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി വ്യക്തമാക്കിയിട്ടുള്ളൂ. മോഹൻലാൽ ഉണ്ടോയെന്ന ചോദ്യത്തിന്, ഒരു പക്ഷേ മിന്നായം പോലെ വന്നു പോയെന്നു വരാം എന്ന് മോഹൻലാലും ജൂഡ് ആന്തണിയും ഒരുപോലെ പറഞ്ഞു.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം. ജേക്സ് ബിജോയ്. ഛായാഗ്രഹണം ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ