അന്യ​ഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയോ? 3i/Atlas ന് പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ!

 
Lifestyle

അന്യ​ഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയോ? 3i/Atlas ന് പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങൾ!

അന്യഗ്രഹജീവികൾ മനുഷ്യർക്ക് എല്ലായ്‌പ്പോഴും താത്പര്യമുള്ള ഒരു വിഷയമാണ്

ഒരു വലിയ പേടകത്തിൽ ബഹിരാകാശത്തു കൂടെ പാഞ്ഞെത്തുന്ന അന്യഗ്രഹജീവികൾ... ഭൂമിയാണവരുടെ ലക്ഷ്യം.. പക്ഷേ ഭൂമിയെ കീഴടക്കാനല്ല, ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു വലിയ ആണവ ദുരന്തത്തിൽ നിന്ന് മനുഷ്യരെ മുഴുവൻ സംരക്ഷിക്കുന്നതിനായാണ് അവർ എത്തുന്നത്.. കേൾക്കുമ്പോൾ ഒരു ഫാന്‍റസി കഥ പോലെ തോന്നും.. പക്ഷേ ആകാശത്തു കൂടി പാഞ്ഞു വന്നിരുന്ന 3i/ അറ്റ്ലസ് എന്ന ഇന്‍റർസ്റ്റെല്ലാർ വസ്തുവിനെക്കുറിച്ച് ഇതു വരെയും ഉണ്ടായിരുന്ന ധാരണകൾ ആയിരുന്നു ഇതെല്ലാം..

അന്യഗ്രഹജീവികൾ മനുഷ്യർക്ക് എല്ലായ്പ്പോഴും താത്പര്യമുള്ള ഒരു വിഷയമാണ്. സിനിമകളിലൊക്കെ കാണും പോലെ എലിയൻസ് നമ്മുടെ ചുറ്റിനും ജിവിക്കുന്നുണ്ടെങ്കിലോ? ഹാർവാഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ അന്യഗ്രഹ ജീവികൾ ഭൂമിക്ക് പുറത്തല്ല ഭൂമിയിൽ തന്നെ ഉണ്ടെന്നും പറയുന്നു.. അതിനിടെയാണ് സൗരയൂഥത്തിന് പുറത്തു നിന്നൊരു പേരറിയാ വസ്തു പാഞ്ഞു വരാൻ തുടങ്ങിയത്. ജൂലൈയിലാണ് നാസ അതിവേഗം സഞ്ചരിക്കുന്ന വസ്തുവിനെ കണ്ടെത്തിയത്. വാൽനക്ഷത്രമാകാമെന്ന ധാരണയിൽ 3i/ അറ്റ്ലസ് എന്നു പേരു നൽകി ഗവേഷകർ അതിനു പുറകേ കൂടി.

അതിനിടെയാണ് മറ്റു ചില തിയറികൾ പുറത്തു വരാൻ തുടങ്ങിയത്. അതിലൊന്നിനെക്കുറിച്ചാണ് ആദ്യം പറഞ്ഞത്. ഇതൊരു സാധാരണ വാൽനക്ഷത്രമല്ലെന്നാണ് ഹാർവാഡ് ശാസ്ത്രജ്ഞനായ ആവി ലോബ് പറയുന്നത്. 3I/ATLAS ഒരു സാങ്കേതിക ഉപകരണമാവാമെന്നാണ് ലോബിന്‍റെ നിഗമനം. ഇവ ജീവന്‍റെ വിത്ത് വിതറാൻ വന്നതാവാമെന്നും ലോബ് പറയുന്നു. പാഞ്ഞടുക്കുന്ന വസ്തുവിന്‍റെ അസാധാരണ സ്വഭാവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലോബ് ഇത്തരമൊരു വാദം ഉയർത്തുന്നത്. മിക്ക ശാസ്ത്രജ്ഞരും ഇതിനെ സാധാരണ വാൽനക്ഷത്രമായി മാത്രം കണക്കാക്കുമ്പോൾ, ലോബ് ഇതിന്‍റെ രൂപം, വലിപ്പം, പെരുമാറ്റം എന്നിവയിലെ അസാധാരണത്തം ചൂണ്ടിക്കാട്ടി സ്വന്തം നിഗമനത്തിൽ ഉറച്ചു നിന്നു.

3I/ATLAS ന്‍റെ രാസഘടന, ഭീമാകാരമായ വലിപ്പം, സൂര്യനോടുള്ള പെരുമാറ്റം എന്നിവ സാധാരണ വാൽനക്ഷത്രങ്ങളിൽ നിന്ന് വിഭിന്നമാണെന്ന് ലോബ് പറയുന്നത്. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് കൂടുതൽ ജിജ്ഞാസയോടെ പഠിക്കണം, പൂർണമായി തള്ളിക്കളയരുതെന്നും ലോബ് നിരന്തരം ആവർത്തിച്ചു.

അതിനിടെ ചേർത്തു വായിക്കാവുന്ന മറ്റൊന്ന് കൂടി സംഭവിച്ചു. ബൾഗേറിയൻ പ്രവാചകയായ ബാബ വാംഗ ഒരു പ്രവചനം നടത്തി. 2026-ൽ മനുഷ്യരാശിക്ക് അന്യഗ്രഹ ജീവികളുമായി സമ്പർക്കമുണ്ടാവാമെന്നായിരുന്നു പ്രവചനം. അതോടെ 3i/അറ്റലസിന്‍റെ വരവും ബാബ വാംഗയുടെ പ്രവചനവുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ കൂടി.

‌പക്ഷേ ചർച്ചകളെയും ഭയത്തെയും സംശയങ്ങളെയെല്ലാം പിഴുതെറിഞ്ഞു കൊണ്ട് 3i/ അറ്റ്ലസ് ഈ കഴിഞ്ഞ വെള്ളിയാഴ്ച അതായത് ഡിസംബർ 19ന് ഭൂമിയ്ക്കരികിലൂടെ കടന്നു പോയി. ഒന്നും സംഭവിച്ചില്ല. 3i/ അറ്റ്ലസിന് പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ചും ഭൂമിക്ക് പുറത്ത് ജീവന്‍റെ സാന്നിധ്യമുണ്ടോ എന്നുമൊക്കെയുള്ള ചോദ്യങ്ങൾ ബാക്കിയാക്കിയാണ് ഈ വാൽനക്ഷത്രം കടന്നു പോയത്. ഇതിന് പിന്നിൽ അന്യഗ്രഹ ജീവികളുണ്ടാവാമെന്ന സാധ്യത പലരും മുന്നോച്ച് വച്ചെങ്കിലും നാസയിലെ ശാസ്ത്രജ്ഞർ അത് തള്ളിക്കളയുന്നു.3i/ അറ്റ്ലസ് ഒരു വാൽനക്ഷത്രമാണെന്ന് അപ്പോഴും നാസ ഉറപ്പിച്ചു പറഞ്ഞു. സൗരയ‌ൂഥത്തിലെത്തുന്ന മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവാണിത്.. 2026 മാർച്ചോടെ 3i/ അറ്റ്ലസ് വ്യാഴത്തിനടുത്തേക്കുള്ള നീണ്ട യാത്ര തുടങ്ങുമെന്നും 3i/ അറ്റ്ലസിനെ ട്രാക്ക് ചെയ്യാനുള്ള ശ്രമം നടത്തുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. അന്യഗ്രഹ ജീവികൾ ഒരു സങ്കൽപ്പവും ശാസ്ത്രീയ അന്വേഷണ വിഷയവും മാത്രമായി തുടരുന്നുവെന്ന് ചുരുക്കം.

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ചരിത്രനേട്ടം; ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ ആശുപത്രി

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്