വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ
സെപ്റ്റംബർ 11 വരെ ട്രാവല്‍ ഏജന്‍റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്‍റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ എയർ ഇന്ത്യ യൂറോപ്പിലേക്കുള്ള ടിക്കറ്റുകള്‍ നൽകും.
കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍ ഇന്ത്യ. യാത്ര കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.
എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. സെപ്റ്റംബർ 11 വരെ ട്രാവല്‍ ഏജന്‍റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിങ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്റ്റ് സെന്‍റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിങ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്‍റെ ബുക്കിങ്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം.
വണ്‍ ഇന്ത്യ ഫെയര്‍ സെയിലിന്‍റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ നിന്ന് യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ക്ക് ഒരേ നിരക്കായിരിക്കും.
റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസില്‍ 47,000 രൂപയാണ് നിരക്ക്. പ്രീമിയം ഇക്കോണമിക്ക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലണ്ടന്‍ ഹീത്രോയിലേക്ക് 49,999 രൂപയുടെ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രീമിയം ഇക്കോണമിക്ക് 89,999 രൂപ, ബിസിനസ് ക്ലാസിന് 1,69,999 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.