.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ശനിയാഴ്ച ആഘോഷിക്കും. 24 ദേവീദേവന്മാർ പങ്കെടുക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ ദേവമേള എന്നാണ് ആറാട്ടുപുഴ പൂരം വിശേഷിപ്പിക്കപ്പെടുന്നത്. ആഘോഷങ്ങളേക്കാൾ ചടങ്ങുകൾക്കാണ് ആറാട്ടുപുഴ പൂരത്തിൽ പ്രാധാന്യം. മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിധ്യമുള്ള പൂരമഹോത്സവം കാണാൻ യക്ഷകിന്നരഗന്ധർവാദികളും പിശാചരക്ഷോഗണങ്ങളും പൂരപ്പാടത്തെത്തുമെന്നാണ് വിശ്വാസം.
ആറാട്ടുപുഴ പൂരം നാളിൽ കാശി വിശ്വനാഥക്ഷേത്രം, തൃശൂർ വടക്കുംനാഥൻ ക്ഷേത്രം എന്നിങ്ങനെ രാജ്യത്തെ പല പ്രധാന ക്ഷേത്രങ്ങളിലും അത്താഴപൂജ വൈകിട്ട് ആറിനു മുൻപ് നടത്തി നേരത്തെ നടയടയ്ക്കും. പരമശിവൻ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ പോകുമെന്ന സങ്കൽപ്പത്തിന്‍റെ അടിസ്ഥാനത്തിലാണിത്.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് നാലോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം 6.30ന് ദേവമേളയ്ക്ക് സാക്ഷിയാകാനും ആതിഥ്യം വഹിക്കാനും ശാസ്താവ് 15 ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽക്കെട്ടിനു പുറത്തേക്കെഴുന്നള്ളുമ്പോൾ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. എല്ലാ വീഥികളിലൂടെയും വിദേശികളടക്കമുള്ള പൂരപ്രേമികൾ ആറാട്ടുപുഴയിലേയ്ക്കൊഴുകും.
250ൽപരം പ്രമുഖ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളത്തിന്‍റെ അകമ്പടി. ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്‍റെ തിരുമുമ്പിൽ നടക്കുന്ന പഞ്ചാരിയിൽ അണിചേരും. പാമ്പാടി രാജൻ ശാസ്താവിന്‍റെ തിടമ്പേറ്റും. പഞ്ചാരിമേളം കൊട്ടി കലാശിച്ചാൽ എഴുന്നെള്ളി നിൽക്കുന്ന ഗജവീരന്മാരുടെ അകമ്പടിയോടെ കൈപ്പന്തത്തിന്‍റെ ശോഭയിൽ ശാസ്താവ് ഏഴുകണ്ടംവരെ പോകും. തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നാരായാനായാണ് ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത്. മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളി നിലപാടു നിൽക്കും.
ചാത്തക്കുടം ശാസ്താവിന്‍റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാടു നിൽക്കാൻ ഉത്തരവാദിത്വമേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളും. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാൽ ദേവീദേവന്മാരുടെ പൂരങ്ങൾ ആരംഭിക്കും. തേവർ കൈതവളപ്പിലെത്തുന്നതു വരെ എഴുന്നള്ളിപ്പുകൾ തുടരും. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്ക്കും മധ്യേ തെക്കുവടക്കു കിടക്കുന്ന നടയിലും പടിഞ്ഞാറുഭാഗത്തുള്ള വിശാലമായ പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവുമായിട്ടാണ് എഴുന്നള്ളിപ്പുകൾ നടക്കുന്നത്.
ഏകദേശം 11ഓടെ തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തകുടം ശാസ്താവിന്‍റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴ് ആനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടർന്ന് ഒന്നിന് പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്‍റെയും അകമ്പടിയോടെ എഴുന്നെള്ളും.
12ഓടെ എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും. അഞ്ച് ആനകളുടെ അകമ്പടിയും പഞ്ചാരിമേളവും ശേഷം ഒന്നിന് അന്തിക്കാട് ചൂരക്കോട് ഭഗവതിമാർ ആറ് ആനകളുടെയും പഞ്ചാരിമേളത്തിന്‍റെയും അകമ്പടിയോടെ എഴുന്നെള്ളും.
11ഓടെ നെട്ടിശേരി ശാസ്താവ് അഞ്ച് ആനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടെയും എഴുന്നെള്ളും.
ആറാട്ടുപുഴ പൂരം ദിവസം അർധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാൽ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിലെത്തും. പല്ലിശേരി സെന്‍റർ മുതൽ കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യം. തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളം. മേളം അവസാനിക്കുന്നതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരക്കും. വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടും കൂടി വിരാജിക്കുകയാണെന്ന സങ്കൽപം. ദൃശ്യശ്രാവ്യസുന്ദരമായ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രം ഭക്തജനങ്ങൾ ഒത്തുചേരും. ഭൂമിദേവിയോടും ലക്ഷ്മിദേവിയോടും കൂടി എഴുന്നെള്ളി നിൽക്കുന്ന തേവരേയും ദേവിമാരെയും ഒരുമിച്ച് പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുമാണ്. സൂര്യോദയംവരെ ഇരുഭാഗങ്ങളിലും പാണ്ടിമേളം.
ആറാട്ടുപുഴ പൂരം ദിവസം അർധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിശ്വാസം. തേവർ കൈതവളപ്പിൽ വന്നാൽ ദേവിമാരുടെ ആറാട്ട് തുടങ്ങും. വിഷഹാരിയായ കടലാശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടർന്ന് മറ്റു ദേവിമാരും ആറാടും. കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാൽ തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി മന്ദാരം കടവിലേക്ക് എഴുന്നെള്ളും. ഇവിടെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിക്കും. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിൽ അത്യപൂർവ്വമാണ്. പരമപവിത്രമായ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടയും. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമധ്യേ ശംഖ് മുഴക്കും. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വയ്ക്കുന്നത്
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് യാത്രയായാൽ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയാകുന്ന ദേവീദേവന്മാർക്ക് ഉപചാരം പറയുന്ന ചടങ്ങാണ് പിന്നീട്.ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മ തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോകും. അവിടെവെച്ച് ആറാട്ടുപുഴ ശാസ്താവിന്‍റെ ജൌതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്‍റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്യും.രാജകീയ കിരീടത്തിന്‍റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങും.