ഷെഫ് സുരേഷ് പിള്ളയും നൗഷാദും ആലുവയിലെ ഗ്രാന്‍റ് ഹോട്ടലിൽ. 
Lifestyle

കൊച്ചിക്കയുടെ ഹോട്ടലിലെ പൊറോട്ടയും മട്ടനും കഴിക്കാൻ സെലിബ്രിറ്റി ഷെഫ്

തേങ്ങാപ്പാലിൽ കുഴച്ച പുട്ട്, നാടൻ തറാവ് മുട്ട റോസ്റ്റ്, ചെറുപയർ ഉലത്ത്, ഗ്രാന്‍റ് സ്പെഷ്യൽ പഫ്സ്, പഴം റോസ്റ്റ് ഒക്കെ ഇവിടത്തെ സ്പെഷ്യലുകളാണ്

ജെറോം മൈക്കിൾ

ആലുവ: പഴമയുടെ രുപി വിളമ്പുന്ന ആലുവയിലെ കൊച്ചിക്കയുടെ 'ഗ്രാന്‍റ് ഹോട്ടലിൽ' പാചക വിദഗ്ധൻ ഷെഫ് പിള്ള എത്തി സൗഹൃദം പുതുക്കി ഇഷ്ട ഭക്ഷണവും കഴിച്ചു മടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ഷെഫ് പിള്ള ആലുവ ബാങ്ക് ജംഗ്ഷനിലെ 120 വർഷം പഴക്കമുള്ള ഗ്രാന്‍റ് ഹോട്ടലിൽ എത്തിയത്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേയാണ് സുരേഷ് പിള്ള ഇവിടെ ഇറങ്ങിയത്.

ആലുവയിലെ ഗ്രാന്‍റ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കണമെന്നു കരുതിയാണ് പുറപ്പെട്ടെതെങ്കിലും, ആലുവ പിന്നിട്ട് അങ്കമാലി എത്തിയപ്പോഴാണ് ഭക്ഷണ കാര്യം ഓർത്തത്, ഉടനടി വണ്ടി തിരികെ ആലുവയിലേക്ക്, ഹോട്ടൽ ഉടമ നൗഷാദിനെ വിളിച്ച് ഭക്ഷണത്തിന് എത്തുന്ന വിവരവും അറിയിച്ചു. നൗഷാദ് ഉടനെ ഷെഫ് പിള്ളയുടെ ഇഷ്ട ഭക്ഷണമായ മട്ടൻ റോസ്റ്റും ചൂടൻ പെറോട്ടയും തയാറാക്കി. ഹോട്ടലിൽ എത്തി സുഭിക്ഷമായി ഭക്ഷണവും കഴിച്ച് കറിയുടെ പ്രത്യേക രുചി എടുത്തുപറഞ്ഞ് അരമണിക്കൂറോളം ചെലവിട്ട് പാചകക്കാരോട് കുശലവും പറഞ്ഞാണ് മടങ്ങിയത്.

നൗഷാദിന്‍റെ മകൻ നിഹാൽ ഷെഫാണ്. ഹോട്ടൽ മാനേജ്മെന്‍റ് പഠനവുമായി ബന്ധപ്പെട്ട് നിഹാൽ കുമരകത്തുള്ള സമയത്തെ സൗഹൃദമാണ് സുരേഷ് പിള്ളയും നൗഷാദും തമ്മിൽ. പലപ്പോഴും ആലുവ വഴി പോകുമ്പോൾ ഗ്രാന്‍റ് ഹോട്ടലിലെ മട്ടൻ റോസ്റ്റ് അപ്പവും പൊറോട്ടയുമൊക്കെ കഴിക്കാറുണ്ട് ഷെഫ് പിള്ള.

120 വർഷം പഴക്കം ഉള്ള ആലുവായിലെ ഗ്രാന്‍റ് ഹോട്ടൽ ഇപ്പാൾ മുന്നാം തലമുറയാണ് നടത്തുന്നത്. നൗഷാദിന്‍റെ മൂത്താപ്പ കൊച്ചികാക്ക തുടങ്ങി വച്ച ഹോട്ടലിൽ ഇന്നും ജനത്തിരക്കാണ്. തേങ്ങാപ്പാലിൽ കുഴച്ച പുട്ട്, നാടൻ തറാവ് മുട്ട റോസ്റ്റ്, ചെറുപയർ ഉലത്ത് ഒക്കെ ഇവിടത്തെ ബ്രേക്ക് ഫാസ്റ്റ് സ്പെഷ്യലുകളാണ്. ഉച്ചയ്ക്ക് മട്ടൻ, ബീഫ്, ചിക്കൻ ബിരിയാണി, മട്ടൻ റോസ്റ്റ്, ബീഫ് റോസ്റ്റ്, അപ്പം, പൊറോട്ട. വൈകിട്ട് ഗ്രാന്‍റ് സ്പെഷ്യൽ പഫ്സ്, പഴം റോസ്റ്റ്, പഴംപൊരി എന്നിവയ്ക്കും ആരാധകർ ഏറെയാണ്.

പഴമക്കാരുടെ ഇടയിൽ കൊച്ചിക്കയുടെ ഹോട്ടൽ എന്നാണ് ഗ്രാന്‍റ് ഇന്നും അറിയപ്പെടുന്നത്. കൊച്ചിക്കയുടെ മകൻ പരേതനായ പരീത് പിള്ളയുടെ മക്കളായ നൗഷാദും ഷാനവാസും ചേർന്നാണ് ഇപ്പോൾ ഹോട്ടൽ നടത്തുന്നത്. യുഎസിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫായ നൗഷാദിന്‍റെ മകൻ നിഹാൽ ഇപ്പോൾ നാട്ടിലുണ്ട്. കാനഡയിലെ വൻകിട ഹോട്ടൽ ഗ്രൂപ്പിന്‍റെ ഷെഫായി ജോലി ലഭിച്ചതിനെ തുടർന്ന് അടുത്ത മാസം കാനഡയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് നിഹാൽ.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു