നിറയെ കായ്ച്ച ഈന്തപ്പന ചുവട്ടിൽ അനൂപ് ഗോപാൽ. 
Lifestyle

അങ്കമാലിയുടെ മണ്ണിലും ഈന്തപ്പന വിളവ്

കേരളത്തിൽ പലയിടത്തും ഈന്തപ്പനകൾ നട്ടിട്ടുണ്ടെങ്കിലും, മരം വളരുമെന്നല്ലാതെ കായ്‌ഫലമുണ്ടാകാറില്ല

സ്വന്തം ലേഖകൻ

അങ്കമാലി: അറബി നാടുകളിലെ മനോഹര കാഴ്ചയായ ഈന്തപ്പനത്തോട്ടം നമ്മുടെ കൊച്ചു കേരളത്തിൽ കാണണോ? അങ്കമാലി വേങ്ങൂരിലേയ്ക്ക് വന്നാൽ മതി. അങ്കമാലിയുടെ മണ്ണിലും ഈന്തപ്പഴം വിളയുമെന്ന് വേങ്ങൂരിലെ 'ആദിദേവം' എന്ന വീടിന്‍റെ വളപ്പിൽ നേരിട്ടു ബോധ്യപ്പെടാം.

പ്രവാസിയായ അനൂപ് ഗോപാലാണ് ജോലിചെയ്യുന്ന നാടിനോട് കൂറു പുലർത്തി വേങ്ങൂരിലെ സ്വന്തം വീട്ടുമുറ്റത്ത് ഈന്തപ്പനത്തോട്ടം തീർത്തിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് തൈകൾ നട്ടു പിടിപ്പിച്ചത്. രാജസ്ഥാനിൽ നിന്നു വാങ്ങിയതാണ് ഈന്തപ്പനയുടെ തൈകൾ.

അറബി നാട്ടിൽ വളരുന്ന ഈന്തപ്പന നാട്ടിൽ വേരുപിടിക്കുമോ എന്ന സംശയം മറ്റെല്ലാവരെയും പോലെ അനൂപിനുമുണ്ടായിരുന്നു. കേരളത്തിൽ പലയിടത്തും ഈന്തപ്പനകൾ നട്ടിട്ടുണ്ടെങ്കിലും, മരം വളരുമെന്നല്ലാതെ കായ്‌ഫലമുണ്ടാകാറില്ല. എങ്കിലും അങ്കമാലി വേങ്ങൂരിൽ പുതുതായി വീട് വെച്ചപ്പോൾ മുറ്റത്ത് അഞ്ച് ഈന്തപ്പന തൈകൾ നട്ടു. മുറ്റത്ത് ഈന്തപ്പനത്തോട്ടം ഉയർന്നതോടെ വീടിന്‍റെ അഴക് കൂടി എന്ന് അനൂപ് സാക്ഷ്യപ്പെടുത്തുന്നു. സമൂഹമാധ്യങ്ങളിൽ വീട് വൈറലാകുകയും ചെയ്തു.

നട്ടുപിടിപ്പിച്ച പനകളിൽ ഇപ്പോൾ ഈന്തപ്പഴം നിറയെ കായ്ച്ചിട്ടുമുണ്ട്. കായ പഴത്തുതുടങ്ങിയതോടെ കൗതുകക്കാഴ്ചയായി മാറിയിരിക്കുകയാണ് ഈന്തപ്പനകൾ. ഈന്തപ്പഴം കായ്‌ച്ചു നിൽക്കുന്നത് കാണാൻ ആളുകളും എത്തുന്നുണ്ട്.

മസ്‌കറ്റിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അനൂപ്. 10 വർഷമായി മസ്‌കറ്റിൽ ജോലി നോക്കുന്നു. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് ഈന്തപ്പനകളുടെ പരിചാരകർ.

ശക്തമായ മഴയ്ക്ക് സാധ‍്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം; മരണസംഖ്യ 2,200 കവിഞ്ഞു

ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

ബാറുകളിൽ നിന്ന് പണപ്പിരിവ്; കൈക്കൂലിയുമായി എക്സൈസ് ഇൻസ്പെക്റ്റർ പിടിയിൽ

ഫൊറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു അന്തരിച്ചു