ചായയിൽ കാപ്പിയൊഴിച്ച 'ഡേർട്ടി ചായ'; പ്രഭാതങ്ങൾ ഉന്മേഷഭരിതമാക്കാം
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ചായയിൽ ബോൾഡ് എസ്പ്രെസ്സോ കലർത്തി ഏലയ്ക്കയും കറുവപ്പട്ടയും ചേർത്തെടുക്കുന്ന രുചികരമായ ഫ്യൂഷന്‍റെ പേരാണ് ഡേർട്ടി ചായ്. തേയിലയുടെയും കാപ്പിയുടെയും പാലിന്‍റെയും സുഗന്ധദ്രവ്യങ്ങളുടെയും സമ്മിശ്രമായ ഗന്ധവും രുചിയും പ്രഭാതങ്ങളെ ഉന്മേഷഭരിതമാക്കും.
ദഹനത്തെയും രക്തചംക്രമണത്തെയും ഒരുപോലെ സഹായിക്കാൻ ഡേർട്ടി ചായ്ക്കു കഴിയും എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഡേർട്ടി ചായ് ഉണ്ടാക്കാൻ ആവശ്യമുള്ളവ
കറുവപ്പട്ടയുടെ ചെറിയ കഷ്ണം- 1
ചതച്ച ഏലയ്ക്ക- 4
കുരുമുളക്- 4
കരയാമ്പൂ-2
തക്കോലം-1
ടീ ബാഗ്- 2
വാനില എക്സ്ട്രാക്റ്റ്-1/2 ടീ സ്പൂൺ
ചതച്ച ജാതിക്ക- ഒരു നുള്ള്
പാൽ- 250 മില്ലി ലിറ്റർ
ബ്രൗൺ സോഫ്റ്റ് ഷുഗർ- 1 ടീ സ്പൂൺ
ബ്രൂവ്ഡ് എസ്പ്രെസ്സോ-60 മില്ലി ലിറ്റർ
ചായ ഉണ്ടാക്കുന്ന വിധം
കറുവപ്പട്ട, ഏലയ്ക്ക, കുരുമുളക്, കരയാമ്പൂ, തക്കോലം എന്നിവ ഇളം തീയിൽ ചൂടാക്കുക. 2 മിനിറ്റ് ചൂടാക്കിയതിനു ശേഷം ഇവ ഒരു ചായപ്പാത്രത്തിലേക്ക് പകർത്തുക. ടീ ബാഗും വാനില എക്സ്ട്രാക്റ്റും ജാതിപത്രിയും ചേർക്കുക. ഇതിലേക്ക് 250 മില്ലി ലിറ്റർ തിളപ്പിച്ച വെള്ളം ഒഴിച്ച് 3 മിനിറ്റ് വയ്ക്കുക. ശേഷം ഒരു സോസ്പാനിൽ പാലും ബ്രൗൺ ഷുഗറും മിക്സ് ചെയ്തെടുക്കുക. പാലിൽ ഷുഗർ നന്നായി അലിയുന്നതു വരെ ചൂടാക്കുക. ഒരു വിസ്ക് ഉപയോഗിച്ച് നല്ലവണ്ണം കലക്കി പതപ്പിച്ചെടുക്കാം. 60 മില്ലി ലിറ്റർ എസ്പ്രെസോ കപ്പിലേക്ക് എടുത്തതിനു ശേഷം ചൂടായ പാൽ പതിയെ ഒഴിക്കാം. മുകളിൽ ജാതിപത്രിയും തക്കോലവും വിതറി അലങ്കരിച്ച് ചൂടോടെ കുടിക്കാം.