ഭാര്യ സവാളയും വെളുത്തുള്ളിയും കഴിക്കില്ല; 23 വർഷം നീണ്ട തർക്കത്തിനൊടുവിൽ വിവാഹമോചനം
അഹമ്മദാബാദ്: സവാളയും വെളുത്തുള്ളിയും കഴിക്കുന്നതിന്‍റെ പേരിൽ ആരംഭിച്ച തർക്കത്തിൽ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് കോടതി. ഗുജറാത്ത് സ്വദേശികളായ ദമ്പതികളുടെ 23 വർഷം നീണ്ടു നിന്ന വിവാഹബന്ധമാണ് അവസാനിച്ചിരിക്കുന്നത്. പ്രത്യേക മത വിഭാഗത്തിൽ നിന്നുള്ള യുവതി സവാളയും വെളുത്തുള്ളിയും കഴിക്കാറില്ല. 2002ലാണ് യുവതി വിവാഹിതയായത്. അതിനു ശേഷം യുവതിക്കു വേണ്ടി ഭർത്താവിന്‍റെ അമ്മ സവാളയും വെളുത്തുള്ളിയും ചേർക്കാത്ത ഭക്ഷണം പ്രത്യേകം പാകം ചെയ്യുകയായിരുന്നു പതിവ്. ഇതേ തുടർന്നുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് 2007ൽ യുവതി കുഞ്ഞിനൊപ്പം തന്നെ ഉപേക്ഷിച്ച് പോയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും കാണിച്ച് ഭർത്താവ് അഹമ്മദാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
2013ൽ ഭർത്താവ് അഹമ്മദാബാദ് കുടുംബക്കോടതിയിൽ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടി യുവാവ് വിവാഹമോചന ഹർജി ഫയൽ ചെയ്തു. 2024 മേയിൽ കോടതി വിവാഹമോചനം അനുവദിച്ചു. എന്നാൽ കോടതി അനുവദിച്ച പ്രകാരമുള്ള ജീവനാംശം 18 മാസമായി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നം വീണ്ടും പൊങ്ങി വന്നത്.
കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു യുവതിയുടെ ഉത്തരവ്. എന്നാൽ വിവാഹമോചനത്തിൽ യുവതിക്ക് പരാതിയില്ലെന്നും ജീവനാംശം മുടങ്ങിയതിൽ മാത്രമാണ് പ്രശ്നമെന്നും കണ്ടെത്തിയതിനാൽ ഹൈക്കോടതി വിവാഹമോചന ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. 13 ലക്ഷം രൂപയാണ് യുവതിക്ക് ജീവനാംശമായി നൽകേണ്ടത്. ഇതിൽ മൂന്നു ലക്ഷത്തോളം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് യുവതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജീവനാംശമായി നൽകേണ്ട ബാക്കി തുക എത്രയും പെട്ടെന്ന് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.