"ലെപ്റ്റോസ്പൈറ' എന്ന ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്

 
Health

എലിപ്പനി: മുന്നൊരുക്കങ്ങളോടെ നേരിടാം ഈ മഴക്കാലത്തെ

"ലെപ്റ്റോസ്പൈറ' എന്ന ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്

MV Desk

ഡോ. സ്മിത മുരളീധരൻ

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈർപ്പം കൂടിയ കാലാവസ്ഥയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടുതലുള്ളതും എലിപ്പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ പെരുകുന്നതിന് വഴിവയ്ക്കുന്നവയാണ്.

എന്താണ് എലിപ്പനി?

കാരണങ്ങൾ:

"ലെപ്റ്റോസ്പൈറ' എന്ന ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്റ്റീരിയ പുറന്തള്ളപ്പെടുന്നത്. വളരെ അപൂർവമായി നായ, പൂച്ച, പശു, പന്നി തുടങ്ങിയ മറ്റ് വളർത്തു മൃഗങ്ങളുടെയും ഇത് പകരാം. കനത്ത മഴ പെയ്യുമ്പോൾ ഇവരുടെ വിസർജ്യങ്ങൾ വെള്ളപ്പൊക്കത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മണ്ണിലും കലരുന്നു. ഈ മലിനജലവുമായി സമ്പർക്കം ശരീരത്തിലെ ചർമത്തിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ ബാക്റ്റീരിയ ശരീരത്തിൽ പ്രവേശിക്കാം. മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരാം.

രോഗലക്ഷണങ്ങൾ:

പ്രാരംഭ ഘട്ടത്തിൽ സാധാരണ പനിയായി തോന്നിപ്പിക്കുമെങ്കിലും ശക്തമായ പനിയും വിറയലും, കടുത്ത തലവേദനയും പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം, പേശികളിലെ അസഹനീയമായ വേദന, കണ്ണുകൾക്ക് കടുത്ത ചുവപ്പ് നിറം, ഛർദി, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ചിലരിൽ പനി കുറഞ്ഞതിനു ശേഷം രോഗം കൂടുതൽ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഈ ഘട്ടത്തിൽ കണ്ണ്, ചർമം എന്നിവ മഞ്ഞനിറമാവുക, മൂത്രത്തിന്‍റെ അളവ് കുറയാം, കറുത്ത നിറത്തിൽ മലം പോവുകയോ രക്തം ഛർദിക്കുകയോ ചെയ്യുക, ശ്വാസതടസം എന്നിവ ഉണ്ടാകാം. ഇത് വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.

പ്രതിരോധവും മുൻകരുതലുകളും:

•കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും എലിപ്പനിയെ പൂർണമായും പ്രതിരോധിക്കാൻ സാധിക്കും.

•കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങാതിരിക്കുക. നിർബന്ധമാണെങ്കിൽ ഗംബൂട്ട്, ഗ്ലൗസ് എന്നിവ ധരിക്കുക.

•ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് പൂർണമായും മൂടുക. മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വൃത്തിയുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക.

•തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരസാധനങ്ങൾ മൂടിവെക്കുക. കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുക.

•എലി നശീകരണത്തിന് മുൻഗണന നൽകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

•മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ഡോക്റ്ററുടെ നിർദേശപ്രകാരം "ഡോക്സിസൈക്ലിൻ' പ്രതിരോധ ഗുളിക കഴിക്കുക.

തുടക്കത്തിലേ കണ്ടെത്തിയാൽ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ച് എലിപ്പനി പൂർണമായും ഭേദമാക്കാം. അതിനാൽ ഈ മഴക്കാലത്ത് പനി വന്നാൽ സ്വയം ചികിത്സ പൂർണമായും ഒഴിവാക്കി, ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്റ്ററുടെ സേവനം തേടാൻ മടിക്കരുത്.

(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇന്‍റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്‍റാണ് ലേഖിക)

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്