6 കമ്പനികള്‍ക്ക് നോട്ടീസ്
ന്യൂഡൽഹി: "എനർജി ഡ്രിങ്ക്' എന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ആറു കമ്പനികൾക്ക് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ നോട്ടീസ്. റെഡ് ബുൾ എനർജി ഡ്രിങ്ക്, പെപ്സി കോയുടെ അഡ്രിനാലിൽ റഷ് എനർജി ഡ്രിങ്ക്, റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സിന്‍റെ കാംപ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കൊക്ക കോളയുടെ മോൺസ്റ്റർ എനർജി എന്നിവയ്ക്കാണ് നോട്ടീസ് അയച്ചത്.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പ്രകാരം എനർജി ഡ്രിങ്ക് എന്നൊരു വിഭാഗം പ്രത്യേകമായി ഇല്ലെന്നും ഇത്തരത്തിൽ ബ്രാൻഡ് ചെയ്യുന്നതും പേര് നൽകുന്നതും പ്രചാരണം നടത്തുന്നതും ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. എനർജി ഡ്രിങ്ക് എന്നൊരു കാറ്റഗറി ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. ഭക്ഷ്യ സുരക്ഷയിലെ കാറ്റഗറി സംവിധാനം ഉത്പന്നങ്ങളെ തരംതിരിക്കാൻ മാത്രമുള്ളതാണെന്നും അത് ഉത്പന്നത്തിന്‍റെ പേരോ വിഭാഗമോ ആയി ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വ്യക്തമാക്കി.
കൂടാതെ, ഈ ബ്രാൻഡുകളുടെ പരസ്യത്തിലെ അവകാശവാദങ്ങളെയും അഥോറിറ്റി തള്ളി. "ശരീരത്തിനും മനസിനും ഉന്മേഷം നൽകുന്നു', "ശ്രദ്ധ കൂട്ടുന്നു', "ഊർജനില വർധിപ്പിക്കുന്നു', "പൊതുവായ ക്ഷീണം മാറ്റാൻ സഹായിക്കുന്നു' തുടങ്ങിയ പ്രചാരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരം ഭക്ഷണ പദാർഥങ്ങൾക്ക് ഇത്തരം പ്രവർത്തനപരമോ ആരോഗ്യപരമോ ആയ അവകാശവാദങ്ങൾ ഉന്നയിക്കാൻ അനുമതിയില്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.