റോസ്മേരി ഇലകൾ
file photo
റീന വർഗീസ് കണ്ണിമല
കേരളത്തിൽ അത്ര സുപരിചിതയല്ല റോസ്മേരി ഇലകൾ. എന്നാലോ, ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾക്ക് കണക്കുമില്ല. നമ്മുടെ നിത്യോപയോഗത്തിൽ റോസ്മേരി ഇലകൾ ഉപയോഗിക്കേണ്ടതിന്‍റെ അവശ്യകത വലുതാണ്. മാംഗനീസിനാൽ സമ്പന്നമാണ് റോസ്മേരി ഇലകൾ. ഉണങ്ങിയ റോസ്മേരി ഇലകൾ ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് ശരീരത്തിൽ മാംഗനീസ് കുറവുള്ളവർക്ക് നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചെടുക്കാൻ സഹായിക്കും. മാംഗനീസ് ശരീരത്തിന്‍റെ ഉപാപചയ പ്രക്രിയയിൽ മുഖ്യ പങ്കു വഹിക്കുന്നു. ശരീരത്തിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്നതും മാംഗനീസ് ആണ്.
റോസ്മേരിയുടെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ പൗരാണിക കാലം മുതൽക്കേ പ്രശസ്തമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാർണോസിക് ആസിഡ് ശക്തമായ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾക്ക് പേരു കേട്ട ഒരു സംയുക്തമാണ്. കാർണോസിക് ആസിഡ് ശരീരത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയും ട്യൂമർ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആന്‍റി ബാക്റ്റീരിയൽ, ആന്‍റി വൈറൽ, ആന്‍റി ഫംഗൽ ഗുണങ്ങൾ ഉള്ള റോസ്മേരി ഇലകൾ മിതമായ അളവിൽ നിത്യ ഭക്ഷണത്തോടൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നതിനും റോസ്മേരി ഇലകൾ സഹായകമാണ്. ഓർമശക്തി വർധിപ്പിക്കുന്നതിനും വൈജ്ഞാനിക പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നതിനും റോസ്മേരി സഹായിക്കുന്നു. നേത്രാരോഗ്യത്തിലും കരളിന്‍റെ പ്രവർത്തന മികവിനും ആസ്മയ്ക്കെതിരെയും റോസ്മേരിയിലെ ഫൈറ്റോ കെമിക്കലുകൾ പ്രവർത്തിക്കുന്നു.
അൽഹൈമേഴ്സ് രോഗികളിൽ അറിവും ഓർമശക്തിയും വർധിപ്പിക്കുന്നതിനും റോസ്മേരിയിലെ കാർണോസിക് ആസിഡ്, റോസ്മാരിനിക് ആസിഡ് തുടങ്ങിയവ സഹായിക്കുന്നു. ചർമസംരക്ഷണത്തിനും റോസ്മേരി ഇലകൾ ഫലപ്രദമാണ്. ആന്‍റി-ഏജിങ് ഗുണങ്ങളുള്ളതിനാൽ യുവി രശ്മികൾ മൂലം ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ നീക്കുന്നതിനും സഹായിക്കുന്നു.