കൊടും ചൂടിൽ ഫ്രൂട്ട് സലാഡ് വേണോ? അതിലും നല്ലത് ഫ്രൂട്ട് യോഗർട്ട്
മുമ്പെങ്ങുമില്ലാത്ത വിധം കേരളത്തിൽ ചൂടു കൂടുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയാണ് ആകെയൊരു ആശ്വാസം. പല ബേക്കറികളിലും ഫ്രൂട്ട് സ്റ്റാളുകളിലും ഫ്രൂട്ട് സലാഡ് കച്ചവടം നട്ടപ്പാതിരായ്ക്കു പോലും പൊടി പൊടിക്കുന്ന സമയം കൂടിയാണിത്. എന്നാൽ, മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത, കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ള മറ്റൊന്നാണ് ഫ്രൂട്ട് യോഗർട്ട്. ഫ്രൂട്ട് എസൻസും മധുരവും ചേർത്തു വരുന്ന ഫ്രൂട്ട് യോഗർട്ടല്ല ഇത്. തികച്ചും ആരോഗ്യപരമായ പ്രകൃതിദത്ത ചേരുവകളാൽ തയാറാക്കിയ ഫ്രൂട്ട് യോഗർട്ട്. ഇന്ന് നമുക്ക് അതിനെ പറ്റിയൊന്നു നോക്കാം.
എസൻസുകൾ ഒന്നും തന്നെയില്ലാത്ത യോഗർട്ടാണ് ആദ്യം വേണ്ടത്. തലേ ദിവസം അരകപ്പു വെള്ളത്തിൽ കുതിർത്ത ഒരു സ്പൂൺ ചിയ സീഡ്, വൃത്തിയാക്കിയ വിവിധ പഴങ്ങൾ ചെറുതായി അരിഞ്ഞത് എന്നിവ ഒന്നിച്ച് ഒരു ബൗളിലാക്കി അതിലേയ്ക്ക് യോഗർട്ട് മിക്സ് ചെയ്ത് ഇളക്കുക. മധുരം ആവശ്യമെങ്കിൽ ഒരു സ്പൂൺ തേൻ ചേർത്തു കൊടുക്കാം. ശ്രീലങ്കൻ സിനമൺ പൗഡർ ഒരു നുള്ള് ചേർക്കുന്നതും ആരോഗ്യത്തിനും രുചിക്കും നല്ലത്.
ഫ്രൂട്ട് സലാഡ് പലപ്പോഴും ഡയബറ്റിക് രോഗികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ഇതിന്‍റെ സ്ഥിരമായ ഉപയോഗം ചെറുപ്പക്കാരിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമ്പോൾ ഫ്രൂട്ട് യോഗർട്ട് വിശപ്പകറ്റുകയും ക്ഷീണം മാറ്റി ഉൽസാഹം പകരുകയും ധാതുപുഷ്ടിയാൽ ശരീരത്തെ ഉണർത്തുകയും ചെയ്യും.