തിരിച്ചറിയാം സ്ത്രീകളിലെ പ്രമേഹ ലക്ഷണങ്ങൾ

 
Image by xb100 on Freepik
Health

തിരിച്ചറിയാം സ്ത്രീകളിലെ പ്രമേഹ ലക്ഷണങ്ങൾ | Video

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും മനോനില, ഏകാഗ്രത, ഓർമശക്തി എന്നിവയെയും ബാധിക്കും

പ്രമേഹം വരുന്നത് പലപ്പോഴും വലിയ ലക്ഷണങ്ങൾ ഇല്ലാതെയാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് പ്രമേഹരോഗികളാകുന്നത്. അതിൽ ചിലർ പ്രീഡയബറ്റിക് അവസ്ഥയിൽ ആയിരിക്കും. എന്നാൽ, ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു. ശരീരഭാരത്തെയും ഊർജനിലയെയും മാത്രമല്ല, ഹൃദയാരോഗ്യം, വൃക്കകളുടെ പ്രവർത്തനം, കാഴ്ചശക്തി എന്നിവയെയും പ്രമേഹം ബാധിക്കും. ഇത് വന്ധ്യതയ്ക്ക് പോലും കാരണമാകുന്നു.

സ്ത്രീകളിൽ ഗ്ലൂക്കോസും ഇൻസുലിനും ശരീരം പ്രോസസ് ചെയ്യുന്നത് പുരുഷൻമാരുടേതിൽ നിന്നും വ്യത്യസ്തമായാണ്. ആർത്തവം, ഗർഭം, ആർത്തവവിരാമം തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന ഹോർമോൺ മാറ്റം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്നു. സ്ത്രീകളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ആയി പ്രമേഹം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. ഇത് രോഗനിർണയത്തിനും ചികിത്സ ആരംഭിക്കുന്നതിനും തടസം ആകുന്നു. പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങൾ പുരുഷന്മാരെക്കാളധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. പ്രമേഹ രോഗികളായ സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് നോക്കാം:

  1. 8 മണിക്കൂർ ഉറങ്ങിയതിനു ശേഷവും ക്ഷീണം അനുഭവപ്പെടാറുണ്ടോ? ഇത് പ്രമേഹം ഉണ്ടെന്നതിന്റെ സൂചനയാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്, ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിൽ നിന്നും കോശങ്ങളെ തടയുന്നു. ഇതുമൂലം ശരീരത്തിൽ ഊർജം നഷ്ടപ്പെടുന്ന അവസ്ഥ വരുന്നു. ഇതിന്റെ ഫലമായിട്ട് മധുരമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള തോന്നലുണ്ടാകും. എന്നാൽ, അത് നല്ലതല്ല. ഇത് കൂടുതലായി ദോഷം ചെയ്യും. ക്ഷീണം മാറുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധന്റെ സഹായം തേടി വേണ്ട പരിശോധനകള്‍ നടത്തുന്നതാണ് ഉത്തമം.

  2. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ തുടർച്ചയായി യോനിയിൽ യീസ്റ്റ് ഇൻഫക്‌ഷനും മൂത്രനാളിയിലെ അണുബാധയും ഉണ്ടാകുന്നതാണ് അടുത്ത ലക്ഷണം.

  3. കാഴ്ച്ച മങ്ങുന്നതും പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഗ്ലൂക്കോസിന്റെ ഉയർന്ന അളവ് കണ്ണിലെ ലെൻസിന് വീക്കം ഉണ്ടാക്കുകയും ഫോക്കസ് ചെയ്യാൻ പ്രയാസം ആകുകയും ചെയ്യും. ക്രമേണ കാഴ്ചക്കുറവ് മാറാത്ത അവസ്ഥ വരെ വരാം.

  4. മൂഡ് സ്വിങ്‌സാണ് അടുത്തതായി വരുന്നത്. പ്രമേഹം കേവലം ശാരീരികമായ അവസ്ഥമാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും മനോനില, ഏകാഗ്രത, ഓർമശക്തി എന്നിവയെയും ബാധിക്കും. തുടർച്ചയായി ഉണ്ടാകുന്ന മറവി, ഉത്കണ്ഠ, അസ്വസ്ഥത ഇതെല്ലാം പ്രമേഹ ലക്ഷണമാകാം.

ഇത്രയും ലക്ഷണങ്ങൾ നിരീക്ഷിച്ച് ശരിയായ ചികിത്സ നടത്തുകയാണെങ്കിൽ സ്ത്രീകളിലെ പ്രമേഹം ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സ്റ്റീഫനും രാകേഷിനും ജയം

"ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ": രാഷ്‌ട്രപതി

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി

കന്നഡ നടൻ ദർശൻ അറസ്റ്റിൽ

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ