ശരീരത്തിൽ പന്നിയുടെ വൃക്കയുമായി ജീവിച്ചത് 271 ദിവസം; പിന്നെ വീണ്ടും ഡയാലിസിസിലേക്ക്
വൃക്ക ദാതാവിനെ കിട്ടാഞ്ഞതിനെ തുടർന്ന് പരീക്ഷണാർഥം പന്നിയുടെ വൃക്കയുമായി യുഎസ് സ്വദേശിയായ ടിം ആൻഡ്രൂസ് ജീവിച്ചത് 271 ദിവസം . 66കാരനായ ടിമ്മിന്‍റെ ശരീരത്തിൽ 2025 ജനുവരിയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശസ്ത്രക്രിയയിലൂടെ വച്ചു പിടിപ്പിച്ചത്. അതിനു ശേഷം ടിമ്മിന് ഡയാലിസിസ് വേണ്ടി വന്നിരുന്നില്ലെന്ന് മസാചുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഡോക്റ്റർമാർ പറയുന്നു. എന്നാൽ 271 ദിവസം കഴിഞ്ഞതോടെ പന്നിയുടെ വൃക്ക പതിയെ പ്രവർത്തനരഹിതമായി. അതോടെ ഡോക്റ്റർമാർ ആ വൃക്ക എടുത്തു നീക്കിയ ശേഷം വീണ്ടും ഡയാലിസിസ് ആരംഭിച്ചു. ഒടുവിൽ 2026 ജനുവരിയിലാണ് ടിമ്മിന് മനുഷ്യ ദാതാവിനെ ലഭിച്ചത്. മരണപ്പെട്ട ഒരാളുടെ വൃക്കയാണ് ടിമ്മിന്‍റെ ശരീരത്തിലേക്ക് മാറ്റി വച്ചത്.
വൃക്ക രോഗ ചികിത്സയിലെ നിർണായക ഘട്ടമായിരുന്നു ഇതെന്ന് ഡോക്റ്റർമാർ പറയുന്നു. മനുഷ്യർക്ക് പന്നികളുടെ വൃക്ക വയ്ക്കാവുന്ന അവസ്ഥയായി എന്ന് അതിനു അർഥമില്ല.
എന്നാൽ അണുബാധ അടക്കമുള്ള നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണെന്നും ഡോക്റ്റർമാർ പറയുന്നു. മനുഷ്യന്‍റെ വൃക്ക എടുത്തു വച്ചപ്പോഴും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായില്ലെന്നും പന്നിയുടെ വൃക്ക മൂലം യാതൊരു വിധത്തിലുള്ള അസുഖവും ടിമ്മിന്‍റെ ശരീരത്തിൽ ഉണ്ടായില്ല എന്നുമാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.