Food for thought
അവഗണിക്കാൻ കഴിയാത്ത വിധം ശക്തമായ ഒരു കുടൽ-മസ്തിഷ്ക ആശയവിനിമയം നമ്മുടെയെല്ലാം ഉള്ളിൽ നടക്കുന്നുണ്ട്. കുടലിലെ വ്യതിയാനങ്ങൾ തലച്ചോറിനെ ബാധിക്കുമെന്നും ഓർമശക്തിയെ തന്നെ ഇല്ലാതാക്കാമെന്നും ഒരു അന്താരാഷ്ട്ര പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ തടയാൻ സഹായിക്കുന്ന തരത്തിൽ, ഓർമക്കുറവിലേക്കു നയിക്കുന്ന വഴികളെക്കുറിച്ചുള്ള വിവരങ്ങളാണ് ബിഎംസി എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്.
അജയൻ
വയറ്റിലേക്ക് പോകുന്ന ആഹാരമായിരിക്കാം തലച്ചോർ എങ്ങനെ പ്രവർത്തിക്കണമെന്നു നിശ്ചയിക്കുന്നത്. കുടലും തലച്ചോറും തമ്മിൽ അത്രമേൽ സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു; കുടലിലെ ബാക്റ്റീരിയകളുടെ ആരോഗ്യം തന്നെയാണ് തലച്ചോറിന്‍റെ ആരോഗ്യത്തെയും ഓർമശക്തിയെയും നിർണയിക്കുന്നതത്രെ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ 'സെന്‍റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത്' മേധാവിയായ ശാസ്ത്രജ്ഞൻ ബേബി ചക്രപാണി, ജർമനിയിലെ ടെക്നിഷെ യൂണിവേഴ്സിറ്റാറ്റ് ബ്രൗൺസ്വെയ്ഗിലെ സുവോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ക്രിസ്റ്റിൻ മിച്ചൽസെൻ-പ്രൂസ്, ബ്രൗൺസ്വെയ്ഗിലെ ഹെൽഹോൾട്സ് സെന്‍റർ ഫോർ ഇൻഫെക്ഷൻ റിസർച്ചിലെ മാർട്ടിൻ കോർട്ടെ എന്നിവർ നേതൃത്വം നൽകി, അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനമാണ് ഈ കുടൽ-മസ്തിഷ്ക ബന്ധത്തെ എടുത്തുകാണിക്കുന്നത്.
എലികളിൽ നടത്തിയ പഠനത്തിലൂടെയാണ് ഇതു തെളിയിക്കപ്പെട്ടത്. കുടലിലെ ബാക്റ്റീരിയകളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥ തെറ്റുന്നത് (ഗട്ട് ഡിസ്ബയോസിസ്) തലച്ചോറിലെ രോഗപ്രതിരോധ കോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കുമെന്നും അത് ഓർമക്കുറവിനു കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തി.
തുടർച്ചയായി 14 ദിവസത്തേക്ക് വീര്യമേറിയ പലതരം ആന്‍റിബയോട്ടിക്കുകൾ നൽകി എലികളുടെ കുടലിലെ സ്വാഭാവിക ബാക്റ്റീരിയകളുടെ സന്തുലിതാവസ്ഥ മാറ്റിയാണ് ഗവേഷകർ പരീക്ഷണം നടത്തിയതെന്ന് ഡോ. ചക്രപാണി പറഞ്ഞു. ഇതിനുശേഷം എലികളെ വിവിധ പെരുമാറ്റ പരീക്ഷണങ്ങൾക്ക് വിധേയമാക്കി. ഫലങ്ങൾ അദ്ഭുതപ്പെടുത്തുന്നതായിരുന്നു: അവയുടെ ദീർഘകാല ഓർമശക്തിയിൽ വലിയ കുറവുണ്ടായി. ഒരു നിശ്ചിത സ്ഥലം ഓർത്തുവയ്ക്കാനുള്ള ശേഷിയും, പരിചിതമായ വസ്തുക്കളെ പുതിയവയിൽ നിന്ന് തിരിച്ചറിയാനുള്ള ശേഷിയും നഷ്ടപ്പെട്ടു. എങ്കിലും അവയുടെ ഹ്രസ്വകാല ഓർമശക്തിക്ക് യാതൊരു തകരാറും സംഭവിച്ചില്ല.
തലച്ചോറിൽ ദീർഘകാല ഓർമകൾ രൂപപ്പെടുന്ന 'ഹിപ്പോകാമ്പസ്' എന്ന ഭാഗത്തെയാണ് ഈ തകരാർ പ്രധാനമായും ബാധിച്ചതെന്ന് പഠനം പറയുന്നു. ഇതോടെ തലച്ചോറിലെ രോഗപ്രതിരോധ കോശങ്ങൾ കൂടുതൽ അക്രമാസക്തമാവുകയും 'മൈക്രോ ഗ്ലിയ' എന്ന് വിളിക്കപ്പെടുന്ന ചില പ്രത്യേക കോശങ്ങൾ തങ്ങളുടെ സ്വഭാവം മാറ്റുകയും ചെയ്തു. കുടലിലെ സന്തുലിതാവസ്ഥ തെറ്റിയതോടെ, സാധാരണ നിലയിൽ തലച്ചോറിനെ കാത്തുസൂക്ഷിക്കുന്ന ഈ കോശങ്ങൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും അവയുടെ നീണ്ട ശാഖകൾ ചുരുക്കി കൂടുതൽ ചെറുതാവുകയും ചെയ്തു.
ഈ മൈക്രോ ഗ്ലിയ കോശങ്ങളുടെ ഉള്ളിലെ മാലിന്യ നിർമാർജന അറകൾ (കോശങ്ങൾക്കുള്ളിലെ റീസൈക്ലിങ്, വേസ്റ്റ് ഡിസ്പോസൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ലൈസോസോമൽ വെസിക്കിളുകൾ) സാധാരണയെക്കാൾ വളരെ വലുതായതായി ഗവേഷകർ ശ്രദ്ധിച്ചു. ഇതു കാണിക്കുന്നത്, അവ കോശങ്ങളിലെ പദാർഥങ്ങളെ വൻതോതിൽ നശിപ്പിക്കാൻ തുടങ്ങി എന്നാണ്. വെറുതെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനു പകരം, ഉത്തേജിപ്പിക്കപ്പെട്ട ഈ മൈക്രോ ഗ്ലിയ കോശങ്ങൾ തലച്ചോറിലെ സന്ദേശവിനിമയത്തിനു സഹായിക്കുന്ന ആരോഗ്യകരമായ സിനാപ്സുകളെ കൂടി തിന്നുതീർക്കാൻ തുടങ്ങി. നാഡീവ്യൂഹങ്ങൾ തമ്മിലുള്ള ഈ ബന്ധം നഷ്ടപ്പെട്ടതാണ് ഓർമക്കുറവിനു കാരണമായതെന്ന് പഠനം വ്യക്തമാക്കുന്നു.
വയറ്റിലുണ്ടാകുന്ന ഒരു പ്രശ്നം തലച്ചോറിലെ രോഗപ്രതിരോധ കോശങ്ങളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നത് എങ്ങനെയാണെന്ന് അന്വേഷിച്ച ഗവേഷകർ അതിനു കാരണമാകുന്ന 'സിഎൻടിഎഫ്' എന്ന പ്രത്യേക പ്രോട്ടീനും കണ്ടെത്തി. സിഎൻടിഎഫിന്‍റെ അളവ് അമിതമായി ഉയരുന്നതാണ് മൈക്രോ ഗ്ലിയ കോശങ്ങളെ അക്രമാസക്തമാക്കുന്നതെന്നും, അത് സിനാപ്സുകളെ നശിപ്പിക്കാൻ കാരണമാകുന്നു എന്നും പഠനം സൂചിപ്പിക്കുന്നു. അതേസമയം, നാഡീകോശങ്ങളുടെ വളർച്ചയ്ക്കും അതിജീവനത്തിനും പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്ന തലച്ചോറിന്‍റെ വളമായി വിശേഷിപ്പിക്കപ്പെടുന്ന 'ബിഡിഎൻഎഫ്' പ്രോട്ടീന്‍റെ അളവ് കുത്തനെ കുറയുകയും ചെയ്തു. സിഎൻടിഎഫിന്‍റെ വർധനയും ബിഡിഎൻഎഫിന്‍റെ കുറവും ചേർന്നുള്ള ഈ ഇരട്ടപ്രഹരമാണ് എലികളിൽ ഓർമശക്തിയെയും പഠനശേഷിയെയും ബാധിച്ചതെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കുസാറ്റ് എന്നിവയുടെ പിന്തുണയോടെയായിരുന്നു പഠനം. കുസാറ്റിലെയും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെയും ഗവേഷകരായ കൃഷ്ണപ്രിയ, ഋഷികേശ്, കെ.കെ. ദയാമൃത, ഇസബെൽ ഹക്ക്, ഷിറിൻ ഹുസൈനി, ഐശ്വര്യ ദീപ്തി, താര സുധാദേവി, ഉണ്ണികൃഷ്ണൻ ശിവൻ എന്നിവർ പഠനത്തിൽ പങ്കാളികളായി.
ആന്‍റിബയോട്ടിക്കുകൾ വഴി കുടലിലെ ബാക്റ്റീരിയകളെ നശിപ്പിക്കുന്നത് സിഎൻടിഎഫിന്‍റെ അളവ് കൂട്ടുമെന്നും, ഇത് പഠനത്തിനും ഓർമയ്ക്കും അത്യന്താപേക്ഷിതമായ ഹിപ്പോകാമ്പസിലെ ധാരാളം നാഡീബന്ധങ്ങളെ ഇല്ലാതാക്കാൻ തലച്ചോറിലെ ശുചീകരണ കോശങ്ങളെ പ്രേരിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ലളിതമായി പറഞ്ഞാൽ, ഇത് തോട്ടക്കാർ ഒരു മരം വെട്ടി ഒതുക്കുന്നത് പോലെയാണ്; ഉണങ്ങിയ ചില്ലകൾ മാത്രം മാറ്റേണ്ട അവർ ഒരു തെറ്റായ സന്ദേശം കാരണം നല്ല ചില്ലകൾ കൂടി വെട്ടിമാറ്റി മരത്തെ ദുർബലപ്പെടുത്തുന്നു. അതുപോലെ തലച്ചോറിന് ഓർമയെയും ചിന്തയെയും പിന്തുണയ്ക്കുന്ന പ്രധാനപ്പെട്ട ബന്ധങ്ങൾ നഷ്ടപ്പെടുന്നു.
കൃത്യമായ നാരുകളടങ്ങിയ ഭക്ഷണം, പതിവായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവയിലൂടെ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നത്. ആരോഗ്യകരമായ കുടൽ ബാക്റ്റീരിയകൾ തലച്ചോറിലെ നാഡീശൃംഖലകളെ സംരക്ഷിക്കാൻ സഹായിക്കുന്നു; ആ സൂക്ഷ്മ വ്യവസ്ഥയ്ക്ക് തകരാർ സംഭവിക്കുമ്പോൾ നമ്മുടെ ഓർമശക്തിയും ചിന്താശേഷിയും പതറിത്തുടങ്ങാം.