ദേശീയ ആംബുലന്‍സ് സേവനം; മാര്‍ഗ രേഖ തയാര്‍

 
file image
Health

ദേശീയ ആംബുലന്‍സ് സേവനം; മാര്‍ഗ രേഖ തയാര്‍

എല്ലാ ആംബുലൻസുകൾക്കും പ്രത്യേക മാനദണ്ഡങ്ങൾ. രാജ്യവ്യാപക ശൃംഖലയുമായി ""112''നെ ബന്ധിപ്പിക്കും

MV Desk

ദേശീയ ആംബുലന്‍സ് സേവനത്തിന്‍റെ 2026ലെ പ്രവര്‍ത്തന മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സമിതിയുടെ (സിസിഎച്ച്എഫ്ഡബ്ല്യു) 16ാം സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നഡ്ഡ പ്രകാശനം ചെയ്തിരിക്കുകയാണല്ലോ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ ഏകീകരിക്കാനും അടിയന്തര ആരോഗ്യ ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും സമഗ്ര ദേശീയ ചട്ടക്കൂടൊരുക്കുന്നതാണ് ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം തയാറാക്കിയ ഈ മാര്‍ഗരേഖ.

അടിയന്തര വൈദ്യസഹായ ശൃംഖലയിലെ ആദ്യ നിര്‍ണായക കണ്ണിയായി ആംബുലന്‍സ് സേവനങ്ങള്‍ നിലകൊള്ളുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പുള്ള പരിചരണം, രോഗിയുടെ നില സുരക്ഷിതമാക്കല്‍, സുരക്ഷിത യാത്ര, വിദഗ്ധ ചികിത്സാ നിര്‍ദേശത്തിലൂടെ അനുയോജ്യമായ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കല്‍ എന്നിവ ഉറപ്പാക്കുകയാണ് ഇവയുടെ പ്രവർത്തന ലക്ഷ്യം.

രാജ്യത്തെ ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരം, ലഭ്യത, കാര്യക്ഷമത, പ്രതികരണ ശേഷി എന്നിവ ഉറപ്പാക്കാന്‍ ഏകീകൃത മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണ് പ്രവര്‍ത്തന മാര്‍ഗരേഖയിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

അടിയന്തര മെഡിക്കല്‍ ഗതാഗതത്തിന്‍റെ എല്ലാ മേഖലകളിലെയും പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതാണ് ഈ മാര്‍ഗരേഖ. ആംബുലന്‍സുകളുടെ തരംതിരിക്കല്‍, ജനസംഖ്യാടിസ്ഥാനത്തില്‍ വിന്യാസവും ആസൂത്രണവും, മനുഷ്യവിഭവ ശേഷിയുടെ ആവശ്യകത, ഉപകരണങ്ങള്‍, മരുന്നുകള്‍, മറ്റ് സാമഗ്രികള്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് പരിശീലനവും നൈപുണ്യ മാനദണ്ഡങ്ങളും, അണുബാധ തടയലും നിയന്ത്രണ നടപടികളും, വാഹന പരിപാലന ചട്ടങ്ങള്‍, പ്രവര്‍ത്തന നിരീക്ഷണ സംവിധാനങ്ങള്‍, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ എല്ലാ ആംബുലന്‍സുകളും ""എഐഎസ് -125'' എന്ന ഡിസൈൻ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഈ മാര്‍ഗരേഖ നിഷ്‌കര്‍ഷിക്കുന്നു. അടിയന്തര മെഡിക്കല്‍ വാഹനങ്ങളുടെ മികച്ച സുരക്ഷയും ഗുണനിലവാരവും ഏകീകരണവും ഇതിലൂടെ ഉറപ്പാക്കുന്നു. 2018 ഏപ്രിൽ ഒന്നിനും അതിനു ശേഷവും നിർമിക്കുന്ന എൽ, എം വാഹന വിഭാഗങ്ങളിൽപ്പെട്ട എല്ലാ റോഡ് ആംബുലൻസുകളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രത്യേക വിഭാഗത്തിലുള്ള ആംബുലൻസുകളിൽ അടിയന്തര, രക്ഷാ ഉപകരണങ്ങൾ നിർബന്ധമായും സ്ഥാപിക്കണം. ഇക്കൊല്ലം ഒക്റ്റോബർ ഒന്നിനും അതിനുശേഷവും നിർമിക്കുന്ന എല്ലാ ഇലക്‌ട്രിക് റോഡ് ആംബുലൻസുകളിലും (ഇ- ആംബുലൻസുകൾ) വിമാനത്തിലെ മെഡിക്കൽ ഉപകരണങ്ങൾക്കു പവർ നൽകാൻ സ്ഥാപിച്ചിട്ടുള്ള തരത്തിലെ അധിക ബാറ്ററികൾ നിർബന്ധം.

ജിപിഎസ് അധിഷ്ഠിത ആംബുലന്‍സ് ട്രാക്കിങ്, കോള്‍ ലോഗിങ് സംവിധാനങ്ങള്‍, ഘടനാപരമായ രോഗനിര്‍ണയ ചട്ടങ്ങള്‍, ഏകീകൃത വാഹന വിന്യാസ സംവിധാനങ്ങള്‍, തത്സമയ പ്രകടന ഡാഷ്ബോര്‍ഡുകള്‍ എന്നിവയടങ്ങുന്ന സംയോജിത കമാന്‍ഡ് ആന്‍ഡ് ഡിസ്പാച്ച് കേന്ദ്രങ്ങള്‍ (ഐസിഡിസി) സ്ഥാപിക്കുന്നത് ഈ മാര്‍ഗരേഖ പ്രോത്സാഹിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആംബുലന്‍സ് സേവനങ്ങളെ 112 എന്ന ഏകീകൃത അടിയന്തര പ്രതികരണ നമ്പറുമായി ക്രമാനുഗതമായി സംയോജിപ്പിക്കും. വേഗമേറിയതും ഏകോപിതവുമായ അടിയന്തര പ്രതികരണം ഇതുവഴി സാധ്യമാക്കും.

അടിയന്തര ചികിത്സാ നിര്‍ദേശങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ കേന്ദ്രങ്ങള്‍, റഫറല്‍ കേന്ദ്രങ്ങള്‍, ആംബുലന്‍സ് താവളങ്ങള്‍, അപകട സാധ്യതയും ഭീഷണിയും കൂടുതലുള്ള പ്രദേശങ്ങള്‍, കിടക്കകളുടെ ലഭ്യത, തീവ്രപരിചരണ സജ്ജീകരണം എന്നിവയുടെ ജിഐഎസ് അധിഷ്ഠിത ഭൂപട നിര്‍മാണം മാര്‍ഗരേഖ വിഭാവനം ചെയ്യുന്നു. ഈ സംയോജിത സമീപനത്തിലൂടെ അടിയന്തരമായി വാഹനങ്ങള്‍ ലഭ്യമാക്കുന്നവര്‍ക്ക് രോഗികളെ തിരിച്ചറിയാനും കുറഞ്ഞ സമയത്തിനകം ഏറ്റവും അനുയോജ്യമായ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനും സാധിക്കും.

വിവരാധിഷ്ഠിത ആസൂത്രണത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അടിയന്തര ഫോണ്‍ കോളുകളുടെ എണ്ണം, അപകടമേഖലകള്‍, റഫറല്‍ രീതികള്‍, ഗതാഗത സാഹചര്യങ്ങള്‍, ഭൂപ്രകൃതി, ഭൂമിശാസ്ത്രപരമായ സാഹചര്യം എന്നിവയുടെ വിശകലനം അടിസ്ഥാനമാക്കി ശാസ്ത്രീയ ആംബുലന്‍സ് വിന്യാസം എന്നിവ പ്രവര്‍ത്തന മാര്‍ഗരേഖ ശിപാര്‍ശ ചെയ്യുന്നു, ഇതുവഴി ആംബുലന്‍സുകളുടെ പരമാവധി ഉപയോഗവും മെച്ചപ്പെട്ട പ്രതികരണ സമയവും ഉറപ്പാക്കുന്നു.

ദേശീയ ആംബുലന്‍സ് സേവനത്തിന്‍റെ 2026ലെ പ്രവര്‍ത്തന മാര്‍ഗരേഖ ഇന്ത്യയുടെ അടിയന്തര ആരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലായി മാറും.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

എഫ്‌സിആര്‍എ 2.0 പോര്‍ട്ടലും ഇലക്ട്രോണിക് - ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ കാര്‍ഡും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍