ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ഭീകരസംഘമായ ഷെഹ്‌സാദ് ഭട്ടി ശൃംഖലയെയാണു തകർത്തത്. അറസ്റ്റിലായവരിൽ രണ്ടു മലയാളികളുമുണ്ട്.
ISI-backed network busted; 253 terrorists arrested.

ഐഎസ്ഐ പിന്തുണയുള്ള ശൃംഖലയെ തകർത്തു; 253 ഭീകരർ പിടിയിൽ

file image

Updated on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തു വന്‍ ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ട ഐഎസ്‌ഐ പിന്തുണയുള്ള ശൃംഖലയെ ഇന്ത്യൻ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. 253 പേരെ പിടികൂടി. ഭീകരസംഘമായ ഷെഹ്‌സാദ് ഭട്ടി ശൃംഖലയെയാണു തകർത്തത്. പിടിയിലായവരിൽ രണ്ട് മലയാളികളുമുണ്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തിലും നടപ്പാക്കുന്ന 'സീറോ ടോളറന്‍സ്' നയത്തിന്‍റെ ഭാഗമായിയിരുന്നു ഓപ്പറേഷൻ. രാജ്യത്തുടനീളം നടത്തിയ പരിശോധനയില്‍ 14 സംസ്ഥാനങ്ങളിൽ നിന്നാണ് 253 പേരെ കസ്റ്റഡിയിലെടുത്തതെന്ന് അമിത് ഷാ സമൂഹമാധ്യമത്തിൽ അറിയിച്ചു. ഈ ശൃംഖലയ്ക്കെതിരേ 80ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഐഇഡികള്‍, പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്റ്ററിയുടെ മുദ്രയുള്ള ഗ്രനേഡുകള്‍, പിസ്റ്റളുകള്‍, ലൈവ് കാട്രിഡ്ജുകള്‍, ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്ന സിസിടിവി ക്യാമറകള്‍ എന്നിവയുള്‍പ്പെടെ വന്‍തോതിലുള്ള ആയുധശേഖരവും ഉപകരണങ്ങളും ഈ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും ഐഎസ്‌ഐ പിന്തുണയുള്ളതുമായ ഭീകരസംഘമാണ് ഷെഹ്‌സാദ് ഭട്ടി ശൃംഖലയെന്ന് സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യയിലുടനീളം ഗ്രനേഡ്, ഐഇഡി, പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടത്തുന്നതിലും ആസൂത്രിത കൊലപാതകങ്ങളിലും ഈ സംഘത്തിന് പങ്കുണ്ട്. കൂടാതെ പൊലീസ്, പ്രതിരോധ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നതിനും, ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമായി പ്രാദേശിക ഏജന്‍റുമാര്‍ക്ക് ഇവര്‍ പണം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഷെഹ്‌സാദ് ഭട്ടി ആസൂത്രണം ചെയ്ത അട്ടിമറി നീക്കങ്ങള്‍ തടയാൻ സംസ്ഥാന പൊലീസ് സേനകളുമായി രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് (62), ഹരിയാന (52), ഡല്‍ഹി (51), പഞ്ചാബ് (44), രാജസ്ഥാന്‍ (15), മഹാരാഷ്ട്ര (8), ഉത്തരാഖണ്ഡ് (5), കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍ (3), തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം ( 2 വീതം) സംസ്ഥാനങ്ങളിലാണ് അറസ്റ്റ്.

യുഎപിഎ, ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, എന്‍ഡിപിഎസ് നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം ഷെഹ്‌സാദ് ഭട്ടി ശൃംഖലയ്‌ക്കെതിരേ 80ലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 200-ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഷെഹ്‌സാദ് ഭട്ടി ശൃംഖലകള്‍ തകര്‍ക്കുന്നതിനുള്ള ഏകോപിത നടപടികള്‍ തുടരുമെന്നു സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com