മസ്‌തിഷ്ക ട്യൂമർ മൂക്കിലൂടെ നീക്കം ചെയ്ത് ഇന്ത്യൻ വംശജനായ അമെരിക്കൻ സൈനിക ഡോക്റ്റർ

 
Health

മൂക്കിലൂടെ ഗോൾഫ് പന്തിന്‍റെ വലിപ്പമുള്ള മസ്തിഷ്ക ട്യൂമർ നീക്കൽ; നിർണായക പങ്കുവഹിച്ച് ഇന്ത്യൻ-അമെരിക്കൻ സൈനിക ഡോക്റ്റർ

യുഎസ് പ്രതിരോധ വകുപ്പാണ് ശസ്ത്രക്രിയയുടെ വിവരം പുറത്തുവിട്ടത്

Sarath Nath MS

വാഷിങ്ടൺ: തുറന്ന മസ്തിഷ്ക ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ മൂക്കിലൂടെ ഗോൾഫ് പന്തിന്‍റെ വലിപ്പമുള്ള മസ്തിഷ്ക ട്യൂമർ വിജയകരമായി നീക്കം ചെയ്ത അപൂർവ ശസ്ത്രക്രിയയിൽ നിർണായക പങ്കുവഹിച്ച് ഇന്ത്യൻ വംശജനായ അമെരിക്കൻ സൈനിക ഡോക്റ്റർ. അമെരിക്കയിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍ററിലെ ആന്‍റീരിയർ സ്കൾ ബേസ് സർജനായ മേജർ ജഗത്കുമാർ പട്ടേൽ ആണ് ഈ നേട്ടം കൈവരിച്ചത്.

ന്യൂറോ സർജനായ ലെഫ്റ്റനന്‍റ് കേണൽ ചാൾസ് മില്ലറുമായി ചേർന്നാണ് യുഎസ് മറൈൻ കോർപ്സിലെ സ്റ്റാഫ് സർജന്‍റ് ആൻഡി ആർച്ചറുടെ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ 15 വർഷമായി ആർച്ചർ ഈ ട്യൂമറുമായി കഴിയുകയായിരുന്നു. യുഎസ് പ്രതിരോധ വകുപ്പാണ് ശസ്ത്രക്രിയയുടെ വിവരം പുറത്തുവിട്ടത്.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻവശത്തായിരുന്നു ഏകദേശം 4.4 സെന്‍റിമീറ്റർ വലിപ്പമുള്ള ട്യൂമർ ഉണ്ടായിരുന്നത്. ഇത് കാഴ്ചനാഡിയിൽ (ഓപ്റ്റിക് നർവ്) സമ്മർദം ചെലുത്തിയിരുന്നു. രോഗിയുടെ സങ്കീർണമായ മൂക്കിന്‍റെ ആന്തരിക ഘടന കൃത്യമായി വിലയിരുത്തി, എൻഡോസ്കോപ്പ് ഉപയോഗിച്ച് മൂക്കിലൂടെ ട്യൂമറിലെത്താനും അത് സുരക്ഷിതമായി നീക്കം ചെയ്യാനുമുള്ള ശസ്ത്രക്രിയാ പാത രൂപകൽപ്പന ചെയ്തത് മേജർ ജഗത്കുമാർ പട്ടേലായിരുന്നു. "ട്യൂമറിന്‍റെ വലിപ്പവും സ്ഥാനവും അനുയോജ്യമാണെങ്കിൽ ഇന്ന് തുറന്ന മസ്തിഷ്ക ശസ്ത്രക്രിയയുടെ ആവശ്യമില്ല. മൂക്കിലൂടെയുള്ള മാർഗമാണ് മികച്ച പ്രവേശനവും ട്യൂമർ പൂർണമായി നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല സാധ്യതയും നൽകുന്നത്'-പട്ടേൽ പറയുന്നു.

ശസ്ത്രക്രിയയ്ക്കിടെ എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള ദൃശ്യങ്ങൾ ശസ്ത്രക്രിയാ മോണിറ്ററിലേക്ക് പട്ടേൽ നൽകി. ഇതുവഴി ചാൾസ് മില്ലറിന് കൈകൾ ഉപയോഗിച്ച് ട്യൂമർ അതീവ സുരക്ഷിതമായി നീക്കം ചെയ്യാൻ സാധിച്ചു.

ഈ മാസം ആദ്യം നടന്ന ശസ്ത്രക്രിയയിൽ 99 ശതമാനത്തിലധികം ട്യൂമർ വിജയകരമായി നീക്കം ചെയ്തു. എന്നാൽ ഓപ്റ്റിക് നർവിന് പിന്നിൽ വളരെ ചെറിയൊരു ഭാഗം അവശേഷിപ്പിക്കുകയായിരുന്നു. അത് നീക്കം ചെയ്യാൻ ശ്രമിച്ചാൽ രോഗിക്ക് പക്ഷാഘാതമോ സ്ഥിരമായ കാഴ്ചനഷ്ടമോ സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നതിനാലാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ഡോക്റ്റർമാർ പറഞ്ഞു. അവശേഷിച്ച ട്യൂമർ വീണ്ടും വളരാനുള്ള സാധ്യത വളരെ കുറവാണെന്നും അവർ വ്യക്തമാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് വെറും രണ്ട് ദിവസത്തിനുള്ളിൽ രോഗിയുടെ കാഴ്ചശക്തി മെച്ചപ്പെടാൻ തുടങ്ങിയതായി യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി

അങ്കമാലിയിൽ ട്രാഫിക് പരിഷ്കാരം: മൂന്ന് ദിവസം ട്രയൽ റൺ

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; സച്ചിന്‍റെ റെക്കോഡ് തകർത്ത് സിംബാബ്‌വെൻ താരം