ഓവർ ആകുന്ന 'സ്മൈൽ മേക്ക് ഓവർ'; നശിക്കുന്നത് യുവതയുടെ പുഞ്ചിരി
Freepik.com
ബിനീഷ് മള്ളൂശേരി
നിറഞ്ഞ ഒരു പുഞ്ചിരി ആത്മവിശ്വാസം വർധിപ്പിക്കുമെന്നതിൽ സംശയമില്ല. പക്ഷേ, അതിനെ ചൂഷണം ചെയ്ത് സാധാരണക്കാരുടെ ആരോഗ്യമുള്ള പല്ലുകൾ നശിപ്പിച്ച് ചില ദന്ത ഡോക്റ്റർമാർ കോടീശ്വരന്മാരാകുന്ന കാഴ്ചയാണ് ഇന്ന് സമൂഹത്തിൽ കാണുന്നത്.
മെഡിക്കൽ നിയമപ്രകാരം ഒരു രോഗിയുടെ ചിത്രങ്ങൾ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അത് അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം പ്രവണത ദുരുപയോഗം ചെയ്യുന്നത് ദന്ത ചികിത്സാരംഗത്തെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് തുടർന്നാൽ സൗന്ദര്യ ബോധമുള്ള നമ്മുടെ സമൂഹത്തിലെ പുതിയ കുട്ടികൾ ഇതിന് ബലിയാടുകളാവേണ്ടിവരുമെന്നത് തീർച്ച.
ചില ദന്ത ഡോക്റ്റർമാർ രോഗികളെ ബോധ്യപ്പെടുത്താനായി വിദേശത്ത് പഠിച്ചെന്നോ, ഹാർവാർഡ് സർവകലാശാലയിൽ ട്രെയിനിങ് കഴിഞ്ഞെന്നോ, അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ ഒക്കെ ട്രീറ്റ്മെന്‍റ് ചെയ്തിട്ടുണ്ടെന്നോ ഒക്കെ അവകാശപ്പെടാറുണ്ട്. കൂടാതെ ഡൽഹിയിലും മുംബൈയിലും ഇന്ത്യയുടെ പല ഭാഗത്തും ഡോക്റ്റർക്ക് ട്രീറ്റ്മെന്‍റ് ഉണ്ടെന്നും, വിദേശത്ത് ഡോക്റ്റർമാരെ പഠിപ്പിക്കാൻ പോകുന്നുണ്ടെന്നും വരെയാണ് സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ഇക്കൂട്ടരുടെ പറച്ചിൽ. ചിലർ ഫ്ലക്സ് ബോർഡ് വച്ച് വരെ പരസ്യമാക്കുന്നു. ഇതിൽ വീണു പോകുന്നതോ, സാധാരണക്കാരായ ജനങ്ങളും.
ദന്ത ഡോക്റ്റർമാർക്കിടയിലുള്ള കിടമത്സരങ്ങൾ കാരണം ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള ദന്ത ചികിത്സകളുടെ റീലുകളും ചിത്രങ്ങളും അനുദിനം വർധിച്ചുവരുന്ന കാഴ്ചയാണ്. വ്ലോഗർമാരുടെ പ്രധാന വരുമാനോപാധിയായി ഈ രംഗം മാറിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ദന്തരോഗികളുടെ നിറഞ്ഞ ചിരിയുമായി ഇവർ വിളയാട്ടം തുടരുകയാണ്. ഇത് മൂലം വിവാഹം പോലും നടക്കാത്ത അവസ്ഥകൾ ഇന്ന് സമൂഹത്തിലുണ്ട്.
കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പരസ്യമാണ് ഈ വാർത്തയുടെ ആധാരം. ദന്തനിര തെറ്റിയ ഒരു പെൺകുട്ടിയുടെ മുഖവും പല്ലുകളും കാട്ടിയുള്ള അവരുടെ ചികിത്സാ കാലയളവ് വരച്ചുകാട്ടുന്ന റീലായിരുന്നു അത്. അത് പങ്കുവെച്ചത് ഒരു ദന്ത ഡോക്റ്ററും.
പണ്ടൊക്കെ കളിയാക്കലുകൾ ഏറ്റുവാങ്ങിയവരാണ് ഇന്നത്തെ നല്ല പുഞ്ചിരിയുള്ള പല മധ്യവയസ്കരും. പല്ലിലെ കമ്പി മാറ്റും വരെ ''എന്നാണ് വാർക്ക?'' എന്നായിരുന്നു പരിഹാസം. പരിഭവമില്ലാതെ കമ്പി കാണിച്ച് ഒരു ചിരിയാണ് പകരം കിട്ടുക. ചെറുപ്രായത്തിലുള്ളവർക്ക് നിരതെറ്റിയ പല്ലുകൾ ക്രമീകരിക്കുന്നതിന് പണ്ടുമുതൽക്കേയുള്ള ചികിത്സാ സമ്പ്രദായമാണ് ഓർത്തോ ഡോന്‍റിക് ട്രീറ്റ്മെന്‍റ്, അഥവാ പല്ലിൽ കമ്പിയിടൽ. ഇതിനായി പല തരത്തിലുള്ള രീതികൾ ഇന്ന് നിലവിലുണ്ട്.
എന്നാൽ, ഇന്ന് ചില ദന്ത ഡോക്റ്റർമാർ 'സ്മൈൽ മേക്ക് ഓവർ' എന്ന വിളിപ്പേരിൽ ഈ ഈ നിരതെറ്റിയ പല്ലുകൾ റൂട്ട്കനാൽ ചെയ്തോ അല്ലാതെയോ മുറിച്ച് ചെറുതാക്കി സെറാമിക് ക്യാപ്പുകളോ, സെറാമിക് വെനീറോ ചെയ്ത് രൂപ മാറ്റം വരുത്താറുണ്ട്. ഇങ്ങനെ രൂപമാറ്റം വരുത്തുന്ന പല്ലുകൾക്ക് ലോകത്തിൽ ആർക്കും തന്നെ ഒരു ഗ്യാരന്‍റിയും രോഗികൾക്ക് നൽകാനാവില്ല എന്നതാണ് സത്യം. ഈ കവറുകൾക്ക് അകത്തുള്ള പല്ലുകൾക്ക് മാസങ്ങൾ മാത്രമാകും ചിലപ്പോൾ ആയുസ് ഉണ്ടാവുക. ഒരാൾക്ക് ജന്മം കൊണ്ട് ലഭിക്കുന്ന നല്ല പല്ലുകൾ നശിപ്പിച്ചിട്ടാണ് ഇത്തരം സ്മൈൽ മേക്ക് ഓവർ ചെയ്ത് പൊതുജനത്തിന് ചില ദന്ത ഡോക്റ്റർമാർ താത്കാലിക പുഞ്ചിരി നൽകുന്നത് എന്നതാണ് നഗ്നസത്യം.
പരസ്യങ്ങളിലൂടെ ചതിക്കുഴികളിൽ വീഴുന്ന ഇത്തരം ചികിത്സയ്ക്ക് വിധേയരാകുന്ന ഏറിയ പങ്കും രോഗികൾ തിരിച്ചറിയാത്ത ഒരു കാര്യമുണ്ട്. ഒരു പല്ലിൽ ചെയ്യുന്ന അവസാന ചികിത്സാ മുറയായ റൂട്ട് കനാൽ, അനാവശ്യമായി പല്ലുകളിൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് വഴി ആ പല്ലുകളുടെ ആയുസ് എന്നന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്. ആദ്യത്തെ ചിരി പിന്നീട് കരച്ചിലായി മാറുന്ന അവസ്ഥ. ഇതുപോലുള്ള ചികിത്സ ചെയ്ത് കൃത്രിമ പല്ലുകൾ വയ്ക്കുന്നത് മൂലം പിന്നീട് ഈ രോഗികൾ നേരിടേണ്ടിവരുന്ന മാനസിക പ്രശ്നങ്ങൾ പോലും വലുതാണ്.
ഒന്ന് ചിന്തിക്കുക- ഇത്തരം ചികിത്സകൾക്ക് മുതിരുമ്പോൾ ഇത് ചെയ്യുന്ന ഡോക്റ്ററെ കൂടാതെ മറ്റ് ഡോക്റ്റർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ഉപദേശം തേടിയിട്ട് മാത്രമേ ചികിത്സ തുടങ്ങാവൂ. അഥവാ തുടങ്ങിയാൽ ചികിത്സയുമായി ബന്ധപ്പെട്ട പൂർണമായ രേഖകളും ബില്ലുകളും രോഗി ഉറപ്പായും വാങ്ങിയിരിക്കണം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിലുള്ള മുന്നൂറോളം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചതെന്ന് പ്രൈവറ്റ് ഡെന്‍റൽ പ്രാക്റ്റിഷണേഴ്സ് അസോസിയേഷൻ ഒഫ് ഡെന്‍റൽ സെന്‍റർ എത്തിക്സ് ആൻഡ് ലീഗൽ ചെയർമാൻ ഡോ. കെ.എ. സുനിൽ പറയുന്നു. ഇവയിൽ പലതിനും മേൽ സമ്മർദം ചെലുത്തി അധികാരികളെ കൊണ്ട് നടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്.
ദന്ത ഡോക്റ്റർമാരുടെ യോഗ്യത ബിഡിഎസ് (BDS) അല്ലെങ്കിൽ (MDS) എന്നത് മാത്രമാണ്. അതല്ലാതെ മറ്റ് എന്തെങ്കിലും ഡിഗ്രികൾ ഉള്ളതായി ഡോക്റ്റർ അവകാശപ്പെടുകയോ പേരിനൊപ്പം ചേർത്ത് പരസ്യപ്പെടുത്തുകയോ ചെയ്താൽ ഉറപ്പായും അത് ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ പരാതിയായി അറിയിക്കാവുന്നതാണ്. ഭാവിയുടെ നല്ല പുഞ്ചിരികൾക്കായി ഇത്തരം പരാതികൾ ഉപകരിക്കട്ടെ.