ചിട്ടയായ ആഹാരരീതിയിലൂടെ അൾസറിനെ അകറ്റിനിർത്താം; രോ​ഗനിർണയത്തിന് എൻഡോസ്കോപ്പി അഭികാമ്യം

 
Health

ചിട്ടയായ ആഹാരരീതിയിലൂടെ അൾസറിനെ അകറ്റിനിർത്താം; രോ​ഗനിർണയത്തിന് എൻഡോസ്കോപ്പി അഭികാമ്യം

വയറിനുണ്ടാകുന്ന രോ​ഗങ്ങളിൽ പ്രധാന വില്ലൻകൂടിയാണ് അൾസർ.

ഡോ. ബൈജു സേനാധിപൻ

ആധുനികകാലഘട്ടത്തിൽ ജീവിതചര്യയിൽ മാറ്റം സംഭവിച്ചതോടെ നിരവധി രോ​ഗങ്ങളാണ് മനുഷ്യസമൂഹത്തെ പിടികൂടുന്നത്. നമ്മുടെ ആമാശയത്തിനുണ്ടാകുന്ന രോ​ഗങ്ങൾ ഇതിൽ പ്രധാനമാണ്. വയറിന് സംഭവിക്കുന്ന എന്ത് തകരാറും ദൈനംദിന ജീവിതത്തെ അസ്വസ്ഥപ്പെടുത്തുമെന്നതിനാൽ വയറുസംബന്ധമായ അസുഖങ്ങൾ ഏറെ ജാ​ഗ്രതയോടെയാണ് നമ്മൾ കൈകാര്യം ചെയ്യുന്നത്.

ഇത്തരത്തിൽ നമ്മെ അസ്വസ്ഥരാക്കുന്ന ഒരു പ്രധാന രോ​ഗമാണ് അൾസർ. വയറിനുണ്ടാകുന്ന രോ​ഗങ്ങളിൽ പ്രധാന വില്ലൻകൂടിയാണ് അൾസർ. തക്ക സമയത്ത് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ വളരെ സങ്കീർണമായ അവസ്ഥയിലേക്ക് രോ​ഗിയെകൊണ്ടുപോകുമെന്നതാണ് അൾസറിന്‍റെ പ്രത്യേകത. കൃത്യ സമയത്ത് രോ​ഗനിർണയം നടത്തേണ്ടതും അതിനാൽ അത്യാവശ്യമാണ്.

എന്താണ് അൾസർ?

ശരീരത്തിന്‍റെ ഏതെങ്കിലും ആവരണത്തിലുണ്ടാകുന്ന വിള്ളലിനെയാണ് അൾസർ എന്ന് പറയുന്നത്. ത്വക്കിലോ അന്നനാളത്തിലോ അല്ലെങ്കിൽ ആഹാരം കടന്നുപോകുന്ന എലിമെന്‍ററി കനാലിന്‍റെ ആവരണത്തിലോ ആകാം അൾസർ രൂപപ്പെടുന്നത്. എന്നാൽ നാം പൊതുവെ പ്രതിപാദിക്കുന്ന അൾസർ ആമാശയത്തിന്‍റെ ഉൾഭിത്തിയിലോ ചെറുകുടലിന്‍റെ ആദ്യഭാഗത്തോ ആയാണ് കണ്ടുവരുന്നത്‌. നാം കഴിക്കുന്ന ആഹാരങ്ങൾ ദഹിപ്പിക്കുവാനായി ആമാശയം ഉത്പാദിപ്പിക്കുന്ന അമ്ലമാണ് ഹൈ‍ഡ്രോക്ലോറിക് ആസിഡ്.

ഈ അമ്ലത്തിന്‍റെ സഹായത്താലാണ് നമ്മുടെ ശരീരം ആഹാരത്തെ ദഹിപ്പിച്ച് ആവശ്യമായ മൂലകങ്ങളും മറ്റും വേർതിരിക്കുന്നത്. ഇത്തരത്തിൽ ശരീരം ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുമ്പോൾ അതിന് ആനുപാതികമായുള്ള ഭക്ഷണം ആമാശയത്തിൽ എത്താതെ വരുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡ് അമിതമാകുന്നു. ഇത്തരത്തിൽ അമിതമായി കണ്ടുവരുന്ന ആസിഡാണ് വിള്ളൽ അല്ലെങ്കിൽ അൾസറിന് കാരണമാകുന്നത്. ഹൈഡ്രോക്ലോറിക് ആസിഡിന്‍റെ സന്തുലനാവസ്ഥ നിലനിർത്തുന്ന ഘടകങ്ങളുടെ കുറവ് മൂലവും ഈ അവസ്ഥയുണ്ടാകാം.

ചില രോ​ഗികളിൽ അമിതമായ ആസിഡ് അന്നനാളത്തിലേക്ക് കയറി അവിടെ വ്രണമോ അല്ലെങ്കിൽ നിറവ്യത്യാസമോ അനുഭവപ്പെടാറുണ്ട്. മറ്റു ചിലരിൽ അമിതമായ ആസിഡ് മൂലം നീർവീഴ്ച്ചയായാണ് കണ്ടുവരുന്നത്. ഇതെല്ലാം അൾസറാണെന്ന കാര്യം വിസ്മരിച്ചുകൂടാം. സാധാരണയായി അൾസറിന് മുൻപുള്ള അവസ്ഥയാണ് നാം അസിഡിറ്റി എന്ന് പറയുന്നത്. ഈ അസിഡിറ്റിയെ അടിസ്ഥാനപ്പെടുത്തിയാണ് യഥാർഥത്തിൽ അൾസർ നിലനിൽക്കുന്നത്. ഇത്തരത്തിൽ ശരീരത്തിൽ അസിഡിറ്റി വർധിപ്പിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണപദാർഥങ്ങളും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

അൾസറിന് കാരണമായ ഭക്ഷണങ്ങൾ

നമ്മുടെ ഭക്ഷണങ്ങളിൽ കൂടുതലായി എരിവും പുളിയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അൾസർ വരാനുള്ള സാധ്യതകൾ ഏറെയാണ്. കറികൾക്കും മറ്റും ധാരാണം മുളക് ഉപയോ​ഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. നാരങ്ങാവെള്ളം, മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അച്ചാറുകൾ തുടങ്ങിയവയെല്ലാം അൾസർ എന്ന വില്ലൻ രോ​ഗത്തിന് പ്രധാന കാരണങ്ങളാണ്. ഇവയെല്ലാം തന്നെ അസിഡിറ്റി വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവയുടെ ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ അസിഡിറ്റി കൂടുകയും പിന്നീട് അത് അൾസറായി മാറുകയും ചെയ്യും.

അൾസറും ആമാശയത്തിലെ ഹെലിക്കോബാക്ടർ പൈലോറൈ എന്ന ബാക്ടീര്യയുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതായി നിരവധി ഗവേഷണഫലമായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബാക്ടീര്യകളുടെ സ്ഥിര സാന്നിധ്യം ക്യാൻസർ ഉൾപ്പടെയുള്ള മാരക രോഗ-ൾക്ക് വഴിവച്ചേക്കാം . അതിനാൽ ബാക്ടീര്യയുടെ സാന്നിധ്യം കണ്ടെത്തേണ്ടത് അതിന്‍റെ ചികിത്സയ്ക്ക് നിർണായകമാണ് . എന്‍റ്റോസ്കോപ്പ് വഴി ആമാശയാവരണത്തിന്‍റെ സാമ്പിൾ എടുത്താണ് ഇത് നിർണയിയ്ക്കുന്നത്. മറ്റ് ചില ടെസ്റ്റുകളിലൂടെയും ഇത് കണ്ടെത്താമെങ്കിലും എൻഡോസ്കോപ്പിയാണ് മുഖ്യം.

ലക്ഷണങ്ങൾ

അൾസർ ഉണ്ടാകുന്നതിനു തൊട്ടുമുൻപുള്ള ഘട്ടത്തെയാണ് അസിഡിറ്റി എന്ന് പറയുന്നത്. ഇത് പലരിലും പല ലക്ഷണങ്ങളായാണ് കണ്ടുവരുന്നത്. ആഹാരം കഴിക്കുമ്പോൾ വയറ് പെട്ടെന്ന് നിറഞ്ഞതായി അനുഭവപ്പെടുക, വായു സഞ്ചാരമുണ്ടാകുക, ഭക്ഷണം കഴിക്കുമ്പോൾ വേദന ഉണ്ടാകുക എന്നിവ അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങളുടെ കാഠിന്യം അൾസറിന്‍റെ കാഠിന്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാം. ആഹാരം കഴിച്ച ഉടൻ വയറിന്‍റെ മേൽഭാഗത്ത് വേദന, നെഞ്ചരിച്ചിൽ, ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നത്, കൂടുതലായി ഏമ്പക്കം വിടുന്നത്, വയറിൽ ഗ്യാസ് നിറഞ്ഞതായി തോന്നുന്നത്, ഛർദി, വയർ വീർക്കൽ, ദഹനക്കുറവ്, ഇതിൽ ബ്ലീഡിങ്, രക്തക്കുറവ്, തുക്കം കുറയൽ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദി എന്നിവ അപകടകരമായ ലക്ഷണങ്ങളാണ്.

രോ​ഗനിർണയവും ചികിത്സയും

അൾസർ രോഗനിർണയത്തിന് സ്വീകരിക്കുന്ന വളരെ ലഘുവായ ഒരു പരിശോധന രീതിയാണ് എൻഡോസ്കോപ്പി. മൈക്രോ ക്യാമറ ഘടിപ്പിച്ച ട്യൂബ് രോഗിയുടെ വായിലൂടെയിറക്കി അന്നനാളത്തിലൂടെ ആമാശയത്തിലേക്ക് കടത്തി വിട്ട് ആമാശയത്തിനുൾ വശം പരിശോധിക്കുന്ന പ്രക്രിയയാണ് എന്‍റോസ്കോപി.രോഗിയെ മയക്കി കിടത്തിയോ അല്ലാതെയോ ഇത് ചെയ്യാവുന്നതാണ്.ഇങ്ങനെ രോഗനിർണായതിലൂടെ അൾസർ ഏത് വിധമാണെന്ന് തിരിച്ചറിഞ്ഞു ഫലപ്രദമായി ചികിത്സിക്കാവുന്നതാണ്.

അൾസർ ഭേദമാക്കുന്നതിന്‍റെ ഭാഗമായി നമ്മൾ ആഹാര രീതിയിൽ ക്രമീകരണങ്ങൾ വരുത്തേണ്ടതാണ്.എരിവും പുളിയുള്ളതുമായ ആഹാരങ്ങൾ കഴിക്കുന്നത് കുറക്കുക, നിശ്ചിത ഇടവേളകളിൽ കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രധിക്കുക എന്നിവ വഴി ആമാശയത്തിനുള്ളിലെ ആസിഡ് ഉത്പാദനം ക്രമപ്പെടുത്തി അൾസർ കൂടുതൽ സങ്കീർണമാകാതെ നമുക്ക് തന്നെ നിയന്ത്രിക്കാവുന്നതാണ്. അസിഡിറ്റി കുറക്കുന്നതിനായുള്ള മരുന്നുകൾ നിലവിലുണ്ട്. ഭക്ഷണശീലങ്ങളിൽ നിയന്ത്രണം പാലിച്ച ശേഷം അതുകൊണ്ടും പ്രയോജനപ്പെടുന്നില്ല എങ്കിൽ മാത്രം മരുന്നുകൾ എടുക്കുന്നതാണ് അഭികാമ്യം.

മരുന്നുകൾ ഡോക്ടർമാർ നിർദേശിച്ച പ്രകാരം കഴിക്കുകയാണെങ്കിൽ അൾസറിനെ നിയന്ത്രിക്കാവുന്നതാണ്. ചിലരിൽ കൂടുതൽ സങ്കീർണമായി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അൾസർ മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കാനും, രക്തസ്രാവം തുടങ്ങിയ അവസ്ഥകളിലേക്ക്‌ മാറാനും സാധ്യത ഉണ്ട്.ഇത്തരം സന്ദർഭങ്ങളിൽ ശാസ്ത്രക്രിയ ആവശ്യമായി വരും. ഇങ്ങനെയൊക്കെയാണെങ്കിലും ചിട്ടയായ ആഹാരരീതിയിലൂടെ അൾസറിനെ അകറ്റിനിർത്താവുന്നതാണ്.

( പ്രമുഖ ലാപറോസ്കോപ്പി സർജനും സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകനുമാണ് ലേഖകൻ)

Dr. Baiju Senadhipan

MS (General Surgery)

DNB (General Surgery)

MCh (Surgical Gastroenterology)

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്