ഹാന്‍റ വൈറസ് കൊവിഡ് പോലെ പടരുമോ? ഇന്ത‍്യക്കാർ ഭയപ്പെടേണ്ടതുണ്ടോ?
എം.വി. ഹോൺഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പലിൽ മൂന്നു യാത്രക്കാർ ഹാന്‍റ വൈറസ് ബാധയെത്തുടർന്ന് മരിച്ചതോടെ ആഗോള തലത്തിൽ വലിയ ആരോഗ‍്യ ഭീഷണി ഉയർന്നിരിക്കുകയാണ്. കൊവിഡ് മഹാമാരിയെ പോലെ ഹാന്‍റ വൈറസ് ഇന്ത‍്യയിലെത്തുമോയെന്ന് ആശങ്കപെടുന്നവരും ഏറെയാണ്. എന്നാൽ ഈ സാഹചര‍്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്റ്റർമാർ.
ഇന്ത‍്യക്കാർ ജാഗ്രത പാലിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് ഡോക്റ്റർമാർ പറയുന്നത്. അണുബാധ ഇന്ത‍്യയിൽ അപൂർവമാണെന്നും പ്രധാനമായും എലികളുടെ വിസർജ‍്യത്തിലൂടെയും ഉമിനീരിലൂടെയും ആണ് രോഗം മനുഷ‍്യരിലേക്ക് പടരുന്നത്.
ശ്വാസകോശത്തെയും വൃക്കകളെയുമാണ് ഈ വൈറസ് ബാധിക്കുന്നത്. കൊവിഡിൽ വളരെയധികം വ‍്യത‍്യസ്തമാണ് ഈ വൈറസെന്നും മനുഷ‍്യനിലേക്ക് പകരുന്നത് അസാധാരണമാണെന്നും എന്നാൽ അവബോധവും ശുചിത്വവും പ്രധാനമാണെന്നും ഡോക്റ്റർമാർ പറയുന്നു. രോഗബാധിതനായ വ‍്യക്തിക്ക് കൃത‍്യസമയത്ത് ചികിത്സ ലഭിക്കാതെ വന്നാൽ ജീവന് ഭീഷണിയാകാമെന്നും ഡോക്റ്റർമാർ.
ലക്ഷണങ്ങൾ എന്തൊക്കെ
പനി, തലവേദന, ശരീരവേദന, പേശിവേദന,ക്ഷീണം, ഛർദ്ദി
ഇന്ത‍്യയിൽ ഇതുവരെ ഹാന്‍റ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അപകട സാധ‍്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മോശം ശുചിത്വം, എലി ശല‍്യം, എന്നിവ രോഗം സ്ഥിരീകരിക്കാനുള്ള സാധ‍്യത വർധിപ്പിക്കുമെന്ന് ഡോക്റ്റർമാർ വ‍്യക്തമാക്കി.