സിഇഒ ഉൾപ്പെടെ 300 പേരെ പിരിച്ചു വിട്ട് എച്ച് ആർ; അബദ്ധം പറ്റിയതെന്ന് കമ്പനി
ന്യൂഡൽഹി: എച്ച് ആർ ഡിപ്പാർട്മെന്‍റ് അബദ്ധത്തിൽ പിരിച്ചു വിട്ടത് കമ്പനിയുടെ സിഇഒ ഉൾപ്പെടെ 300 പേരെ. റെഡ്ഡിറ്റിലൂടെ കമ്പനിയിലെ ജീവനക്കാരനാണ് ഇക്കാര്യം പങ്കു വച്ചത്. പിരിഞ്ഞു പോകുന്ന ജീവനക്കാർക്കയയ്ക്കാനുള്ള ഓട്ടോമാറ്റിക് സന്ദേശം തയാറാക്കുന്നതിനിടെ ടെസ്റ്റ് മോഡിനു പകരം ലൈവ് മോഡ് ഓൺ ആയതോടെയാണ് അബദ്ധം സംഭവിച്ചത്.
നിങ്ങളുടെ അവസാന പ്രവൃത്തി ദിനമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഇ മെയിൽ രാവിലെ തന്നെ ലഭിച്ചതോടെ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടായെന്നാണ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.
തൊട്ടു പിന്നാലെ തന്നെ അബദ്ധത്തിൽ സംഭവിച്ചതാണെന്നും മുൻപത്തെ ഇമെയിൽ അവഗണിക്കണമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള മെയിൽ വന്നതോടെയാണ് എല്ലാവർക്കും ആശ്വാസമായത്.