ഇന്ത്യയിലെ ആദ്യത്തെ സ്നോ ലെപ്പേർഡ് സഫാരി ലഡാക്കിൽ

 
Lifestyle

ഇന്ത്യയിലെ ആദ്യത്തെ സ്നോ ലെപ്പേർഡ് സഫാരി ലഡാക്കിൽ വരുന്നു

മഞ്ഞുപുലികളെയും അപൂർവ പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളിൽ നിന്ന് സുരക്ഷിതമായി നിരീക്ഷിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം ഒരുക്കുന്നതാണ് പുതിയ പദ്ധതി

Sarath Nath MS

ലേ: രാജ്യത്തെ ആദ്യത്തെ ഉയർന്ന പ്രദേശങ്ങളിലെ വന്യജീവി സഫാരിക്ക് ലഡാക്കിൽ തുടക്കമാകുന്നു. മഞ്ഞുപുലികളെയും അപൂർവ പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങളിൽ നിന്ന് സുരക്ഷിതമായി നിരീക്ഷിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ലഡാക്ക് ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രത്യേകം നിശ്ചയിച്ച റൂട്ടുകളിലൂടെയായിരിക്കും സഫാരി നടത്തുക. പരിശീലനം ലഭിച്ച പ്രാദേശിക ഡ്രൈവർമാരും ഗൈഡുമാരും സഞ്ചാരികളെ അനുഗമിക്കും. ഹെമിസ് നാഷണൽ പാർക്ക്, ചാങ്താങ് വന്യജീവി സങ്കേതം, കാരക്കോറം വന്യജീവി സങ്കേതം, നുബ്ര, സൻസ്കാർ, ഷാം, കാർഗിൽ, ദ്രാസ് തുടങ്ങിയ പ്രദേശങ്ങളിലാണ് സഫാരിക്കായി അനുയോജ്യമായ റൂട്ടുകൾ കണ്ടെത്തുക. മഞ്ഞുപുലികളുടെയും വൈവിധ്യമാർന്ന പക്ഷികളുടെയും സാന്നിധ്യത്തിന് പേരുകേട്ട പ്രദേശങ്ങളാണിവ.

വന്യജീവി സംരക്ഷണവും വിനോദസഞ്ചാരവും തമ്മിൽ സമന്വയിപ്പിച്ച് പ്രാദേശിക സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജൂൺ 16ന് രൂപീകരിച്ച സ്നോ ലെപ്പേർഡ് ആൻഡ് ഹൈ-ആൾട്ടിറ്റ്യൂഡ് നേച്ചർ കൺസർവേഷൻ സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ വാഹനങ്ങൾ വന്യജീവി മേഖലകളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാനും അനധികൃത ഓഫ് റോഡിങ് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന നാശം തടയാനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ ശീതകാലത്ത് മഞ്ഞുപുലികളെ കാണാനുള്ള സീസൺ ആരംഭിക്കുന്നതിന് മുൻപ് സഫാരിക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

477 മഞ്ഞുപുലികൾ ലഡാക്കിൽ

ഇന്ത്യയിൽ ആകെ ഏകദേശം 718 മഞ്ഞുപുലികളുണ്ടെന്നാണ് കണക്ക്. ഇതിൽ 477 എണ്ണവും ലഡാക്കിലാണെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ മഞ്ഞുപുലി ജനസംഖ്യയുള്ള പ്രദേശമാണ് ലഡാക്ക്. മഞ്ഞുപുലികൾക്ക് പുറമെ 38ലധികം സസ്തനികൾ, 340ഓളം പക്ഷിയിനങ്ങൾ തുടങ്ങിയവ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിന്‍റെ ഭാഗമാണ്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്