ലിയാൻഡ്രോ ബെർട്ടാസോ
പരിശീലന പറക്കലിനിടെ വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ. വിദ്യാർഥിയെ പരിശീലിപ്പിക്കുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അർജന്‍റീനയിലെ കോർഡോബ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോയാണ് (42) മരിച്ചത്. അധ്യാപകൻ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാർഥിയായ 22 വയസുള്ള റൊസാരിയോ ഞെട്ടിയെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു.
ജൂലൈ നാലിന് കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ നിന്ന് വിദ്യാർഥിയ്ക്കൊപ്പം ലിയാൻഡ്രോയുടെ വിമാനം പറന്നുയർന്നു. കുറച്ചു സമയത്തിനു ശേഷം ലിയാൻഡ്രോ ഹെഡ്സെറ്റും മൊബൈലും മറ്റു സാധനങ്ങളും സുരക്ഷിതമായി മാറ്റിവച്ചശേഷം സീറ്റ് ബെൽറ്റ് അഴിച്ചു. ശേഷം കോക്ക്പിറ്റിലെ വാതിൽ തുറന്ന് താഴേക്ക് ചാടുകയായിരുന്നു. വിമാനത്തിൽ നിന്ന് ചാടുന്നതിനുമുൻപായി റൊസാരിയോയോട് എന്ത് ചെയ്യണമെന്ന് നിനക്കറിയാം മുന്നോട്ടു പൊയ്ക്കോളൂ എന്ന് ലിയാൻഡ്രോ നിർദേശം നൽകി.
പരിശീലകൻ താഴേക്ക് ചാടിയത് കണ്ട് പരിഭ്രമത്തിലായെങ്കിലും റൊസാരിയോ ഉടൻ അടിയന്തര സന്ദേശം കൈമാറി. പിന്നാലെ വിമാനം തിരികെ സുരക്ഷിതമായി ഇറക്കുകയായിരുന്നു. മാനസികാഘാതത്തിലും അസാധാരണമായ പ്രൊഫഷണലിസമാണ് വിദ്യാർഥി പ്രകടിപ്പിച്ചതെന്ന് ഫ്ലൈറ്റ് സ്കൂൾ ഡയറക്‌ടർ അഡ്വാർഡോ അൽവാരസ് പറഞ്ഞു. വിദ്യാർഥി പറഞ്ഞ പ്രദേശത്തു നടത്തിയ തിരച്ചിലിൽ ലിയാൻഡ്രോയുടെ മൃതദേഹം കണ്ടെത്തി. ഏറെ നാളായി ഇദ്ദേഹം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.