ദാവനഗരെ (കർണാടക): മാന്യമായി മരിക്കാനുള്ള അവകാശത്തിനു വേണ്ടി കരിബസമ്മ എന്ന കർണാടകക്കാരി നടത്തിയ പോരാട്ടത്തിന് 24 വർഷമാണ് ദൈർഘ്യം. ഒടുവിൽ, ആവശ്യം അംഗീകരിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ചതോടെ, അന്ത്യ യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് ഈ എൺപത്തഞ്ചുകാരി.
സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന് ഉറപ്പുള്ള നിത്യരോഗികൾക്കായാണ് കർണാടക സർക്കാർ ഈ അനുമതി നൽകിയിരിക്കുന്നത്. മുപ്പത് വർഷത്തിലേറെയായി ഡിസ്ക് തെറ്റി അവശനിലയിലാണ് കരിബസമ്മ. അടുത്തിടെ ക്യാൻസറും സ്ഥിരീകരിച്ചിരുന്നു.
ഈ അവസ്ഥയിലും മാന്യമായ മരണത്തിനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടം അവർ തുടർന്നുകൊണ്ടിരുന്നു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഒടുവിൽ സുപ്രീം കോടതിക്കും വരെ കത്തുകളയച്ചു. പാസിവ് യൂഥനേഷ്യ നിയമവിധേയമാക്കിയ 2018ലെ സുപ്രീം കോടതി ഉത്തരവ് കരിബസമ്മയ്ക്ക് 'ആശ്വാസം' ആയിരുന്നെങ്കിലും, കർണാടക സർക്കാർ ഇക്കഴിഞ്ഞ ജനുവരി 30നാണ് ഇതു നടപ്പാക്കുന്നതിനുള്ള സർക്കുലർ പുറപ്പെടുവിക്കുന്നത്.
ഇത് ദയാവധത്തിനുള്ള അനുമതിയല്ലെന്ന് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കിയിട്ടുണ്ട്. ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നവർക്കും, ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സകൾ ഫലിക്കുന്നില്ലെന്ന് ഉറപ്പുള്ളവർക്കും മാത്രമായിരിക്കും ഈ സർക്കുലർ ബാധകമാകുക.
''പട്ടികയിൽ ഒരുപാടു പേരുണ്ടെന്നറിയാം. അതിൽ ആദ്യത്തെ ആളാകണമെന്നാണ് എന്‍റെ ആഗ്രഹം'', കരിബസമ്മ പറയുന്നു. ദാവനഗരെയിലെ ഒരു വൃദ്ധ സദനത്തിലാണ് അവരിപ്പോൾ താമസിക്കുന്നത്. ഭർത്താവും കൂടെയുണ്ട്.
മരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിന് അവർ വലിയ വില കൊടുക്കേണ്ടി വന്നു. സ്വത്തും പണവും ബന്ധങ്ങളുമെല്ലാം നഷ്ടമായി. എന്നാൽ, തന്നെപ്പോലെ നരകതുല്യമായ ജീവിതത്തെക്കാൾ നല്ലത് മരണമാണെന്നു കരുതുന്ന മറ്റേനകർക്കു വേണ്ടി തുടങ്ങിവച്ച പോരാട്ടം വിജയം കാണും വരെ അവസാനിപ്പിച്ചില്ല അവർ.
മക്കളില്ലാത്തെ തങ്ങളെ ഈ പോരാട്ടത്തിനിടയിൽ ബന്ധുക്കൾ മിക്കവരും കൈവിട്ടെന്ന് അവർ പറയുന്നു.