പി. പി. പ്രദീപ്
കോതമംഗലം: മുംബൈയിലെ അറിയപ്പെടുന്ന ചിത്രകാരനായ പെരുമ്പാവൂർ, കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്‍റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ13ന് ആരംഭിക്കും. പ്രശസ്ത ചിത്രകാരൻ റ്റി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 വരെയാണ്. "ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ് ലിറ്റിൽ ഡ്രീംസ് ("Between Infinity and Little Dreams") എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്ര പ്രദർശനത്തിൽ പ്രദീപിന്‍റെ ഓയിൽ പെയിന്‍റ്, വാട്ടർ കളർ, അക്രിലിക് കളർ ചിത്രങ്ങളാണുള്ളത്.
രണ്ട് വ്യത്യസ്ത സീരീസിലുള്ള ചെറുതും വലുതുമായ നാൽപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായെത്തുന്നത്. വിവിധ കാലഘട്ടങ്ങളിൽ സാമൂഹികവും സാംസ്കാരികവുമായ വന്നിട്ടുള്ള മാറ്റങ്ങളും അവ മനുഷ്യജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തി ലോക്ക് ഡൗൺ കാലഘട്ടത്തിനു മുൻപ് ചെയ്ത ചിത്രങ്ങളും ലിറ്റിൽ ഡ്രീംസ് എന്ന പേരിൽ അതിനു ശേഷം ചെയ്ത ചിത്രങ്ങളും ആണു പ്രദർശനത്തിനുള്ളത്.
ലോക്ക്ഡൗൺ കാലഘട്ടത്തിലെ പരിമിതമായ സ്വാതന്ത്ര്യത്തോടെ കൂടുതൽ സമയവും ഒരു വീട്ടിൽ അല്ലെങ്കിൽ മുറിയുടെ ഉള്ളിൽ അടഞ്ഞിരിക്കേണ്ടി വരുന്ന സാഹചര്യം, ഏകാന്ത, ഭയം, അസുഖം, അതിജീവനം എന്നിവയോടൊപ്പം ചെറിയ സന്തോഷങ്ങളും പ്രത്യാശകളും പ്രതിഫലിക്കുന്നവയാണ് 'ലിറ്റിൽ ഡ്രീംസ്' സീരീസിലെ ചിത്രങ്ങൾ.
കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുമ്പാവൂരിലെ ചിത്രാലയ സ്കൂൾ ഓഫ് ആർട്ട്സിൽ നിന്നു ചിത്രകലയിൽ ഡിപ്ലോമ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നു ബിഎഫ്എ ഒന്നാം റാങ്ക്. തുടർന്ന് മുംബൈയിലെ പ്രശസ്തമായ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു എംഎഫ്എ പൂർത്തീകരിച്ചു. ആ വർഷം തന്നെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം.
ഈ കഴിഞ്ഞ മാർച്ചിൽ ആംസ്റ്റർഡാമിലെ സൗത്ത് ഏഷ്യൻ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ 'മാപ്പിങ് ദി ഇൻവിസിബിൾ' എന്ന് നാമകരണം ചെയ്ത ഏകാംഗ പ്രദർശനം നടത്തിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചർ റിലേഷൻ ഡാർജിലിങ്ങിൽ വച്ചു നടത്തിയ ഇന്ത്യ - ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ റസിഡൻസി പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
കൊച്ചി മുസിരീസ് ബിനാലെ ഫൗണ്ടേഷനോടൊപ്പം പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത 'ലോകമേ തറവാട്' എന്ന എക്സിബിഷനിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി എക്സിബിഷനുകളിൽ പി.പി. പ്രദീപ് പങ്കെടുത്തിട്ടുണ്ട്. കൂവപ്പടി പുതിയേടത്ത് വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഇപ്പോൾ മുംബൈയിലെ വീരാറിൽ താമസം. ഭാര്യ: ദിവ്യ. മകൻ: പാർഥൻ.