വെളുക്കാൻ എത്ര രൂപ കൊടുക്കണം? ഗ്ലൂട്ടത്തയോണിന്‍റെ വില അറിയാം
മോഡലും നടിയുമായ ഷെഫാലി ജാലിവാലയുടെ അകാല മരണത്തിനു പിന്നാലെ ഗ്ലൂട്ടത്തയോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. സിനിമാ മേഖലയിലുള്ളവർ ചർമം തിളങ്ങാനായി ഗ്ലൂട്ടത്തയോൺ ട്രീറ്റ്മെന്‍റ് എടുക്കുന്നത് പതിവാണ്. പക്ഷേ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.വെളുത്ത നിറത്തോടുള്ള ഇന്ത്യക്കാരുടെ പ്രേമത്തിന് കാലങ്ങൾ കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മരിച്ച ഷെഫാലി കഴിഞ്ഞ എട്ടു വർഷമായി ഗ്ലൂട്ടത്തയോൺ ട്രീറ്റ്മെന്‍റും വൈറ്റമിൻ സി ട്രീറ്റ്മെന്‍റും എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു. യുവത്വം നില നിർത്തുന്നതിനുള്ള പിൽസും മൾട്ടി വൈറ്റമിനുകളുമായിരുന്നു ഷെഫാലിയുടെ മുറിയിൽ നിറയെ. എന്തിനേറെ വീട്ടിലെ ഫ്രിഡ്ജിൽ പോലും ഇവയായിരുന്നുവത്രേ.
ഗ്ലൂട്ടത്തയോണും വൈറ്റമിൻ സിയും
സാധാരണയായി ചർമം വെളുത്തു തിളങ്ങുന്നതിനും പിഗ്മെന്‍റേഷൻ ഇല്ലാതാക്കുന്നതിനും യുവത്വം നില നിർത്തുന്നതിനുമായാണ് വൈറ്റമിൻ സിയും ഗ്ലൂട്ടത്തയോണും ഉപയോഗിക്കാറുള്ളത്. ഇവ ടാബ്‌ലെറ്റ് ആയും അല്ലാത്ത പക്ഷം ഡ്രിപ്പോ ഇൻജക്ഷനോ ആയോ ശരീരത്തിലെത്തിക്കാം. ഐവി ഡ്രിപ്സും ടാബ്‌ലറ്റ്സുമാണ് ഇന്ത്യയിൽ ഏറെയും വിറ്റു പോകുന്നത്.
2025ൽ ഗ്ലൂട്ടത്തയോൺ വിൽപ്പനയിലൂടെ വിപണിയിലെത്തിയത് 324.6 മില്യൺ ഡോളറാണ്. 2032 ൽ ഇത് 585.8 മില്യൺ വരെ ആയി ഉയർന്നേക്കുമെന്നാണ് പ്രതീക്ഷ.
ദീർഘകാലം ഇവ ഉപയോഗിക്കുന്നത് കരൾ, വൃക്ക എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും ചിലപ്പോൾ മരണകാരണമാകുമെന്നും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന സംശയം നില നിൽക്കുമ്പോൾ തന്നെ ചർമത്തിന്‍റെ തിളക്കത്തിനു വേണ്ടി യുവാക്കൾ ഗ്ലൂട്ടത്തയോണിനെ ഒപ്പം കൂട്ടുകയാണ്.
ഗ്ലൂട്ടത്തയോണിന്‍റെയും വൈറ്റമിൽ സി ഐ വി ഡ്രോപ്സിന്‍റെയും വില ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. ഗുരുഗ്രാമിൽ ഒരു സെഷന് 4000 മുതൽ 12000 വരെയാണ് ചിലവ്. ഡോസേജിൽ മാറ്റം വരുന്നതനുസരിച്ചും സെഷനിലെ ദിവസങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചും വിലയിലും മാറ്റം വരും.
ഡൽഹിയിൽ സെഷന് 5000 മുതൽ 7000 വരെയാണ് വില. 5 സെഷനുകൾക്കായി 35,000 രൂപയെങ്കിലും ചെലവാകും. ചില ക്ലിനിക്കുകൾ പാക്കേജും നൽകാറുണ്ട്.
മുംബൈയിൽ സെഷനുള്ള ചെലവ് 8000 മുതലാണ്. വീട്ടിൽ വന്നും ട്രീറ്റ്മെന്‍റ് ചെയ്തു തരും.
600 മില്ലിഗ്രാമിന്‍റെ ഗ്ലൂട്ടത്തയോണും വൈറ്റമിൻ സിയും അടങ്ങുന്ന 30 ടാബ്ലെറ്റുകൾ അടങ്ങുന്ന പാക്കിന് ഓൺലൈനിൽ 5000 രൂപയാണ് വില. ഇൻജക്ഷൻ കിറ്റിന് 7,800 രൂപയാണ് ചെലവ്. പക്ഷേ ഓൺലൈൻ വഴി ഇവ വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് വിദഗ്ധർ പറയുന്നു.