രാമായണ ചിന്തകൾ -13 | വെണ്ണല മോഹൻ
പിതൃ ദുഃഖത്തിൽപ്പെട്ട ഭരതൻ, രാമലക്ഷ്മണന്മാർ കാനത്തിൽ പോകേണ്ടി വന്ന അവസ്ഥ, അതിനിടവരുത്തിയ കൈകേയിയുടെ കടും പാടു ത്തം, ഇതിനെല്ലാം കാരണം താനാണോ എന്ന സ്വയം നിന്ദ.... എല്ലാം തലയിൽ ചിന്തകളുടെ ഊരാക്കുടുക്കുകൾ സൃഷടിക്കുന്നതായി ഭരതന് തോന്നി. ഭരതനാകെ ദുഃഖത്തിലാണ്ടു. നിഷ്ക്രീയനായി. ഈ സമയം വസിഷ്ഠമുനി ഭരതനെ ആശ്വസിപ്പിക്കുക മാത്രമല്ല കർത്തവ്യത്തിലേക്ക് ആനയിക്കുക കൂടി ചെയ്യുന്നു. ഇവിടെയാണ് ദുഃഖത്തിൽ പങ്കുചേരുക മാത്രമല്ല ദുഃഖാർത്ത നെ കർമോത്സകനാക്കാൻ കൂടി സൽസംഗം കൊണ്ട് കഴിയും എന്ന് മനസ്സിലാക്കേണ്ടത്.
ദുഃഖിതരോടൊപ്പമിരുന്ന് ദുഃഖം പങ്കിട്ടെടുത്ത് ദുഃഖിച്ചിരിക്കുക മാത്രം ചെയ്യാതെ അവരെ ദുഖവിമുക്തരാക്കി സക്രിയരാക്കാൻ സൽസംഗം കൊണ്ട് കഴിയും.
ഇനിയും ഇങ്ങനെ ദുഃഖിച്ചിരിക്കേണ്ടതല്ല എന്ന് പറഞ്ഞ് വസിഷ്ഠ മുന്നി ഭരതനെ ഉത്തരവാദിത്തം ബോദ്ധ്യപ്പെടുത്തുന്നതിനായിപറയുന്ന വാക്കുകൾ അനുവാചകനും ദുഃഖവിമുക്തി നേടാനുള്ള ചില മാർഗ്ഗങ്ങളുടെ ഒറ്റമൂലിയാണ്. ആത്മാവിനെ കുറിച്ചുള്ള ലളിതമായ ആഖ്യാനവുമാണ്. പരമാനന്ദ സ്വരൂപമായിരിക്കുന്ന ജീവൻ, നിത്യവും, ശുദ്ധവും, ജന്മമരണ രഹിതവുമാണ്.
ജീവൻ പഴയ ശരീരത്തെ മാറ്റി പുതിയ ശരീരം സ്വീകരിക്കുന്നു. ഏതാണ്ട് ജീർണ വസ്ത്രം മാറുന്നത് പോലെ തന്നെ. ഈ ജീവന്‍റെ യാത്രയിൽ നഷ്ടപ്പെട്ട ദേഹത്തെ കുറിച്ച് ഓർത്ത് ദുഃഖിച്ചിരുന്നാൽ ഫലം ഒന്നും ഉണ്ടാകുകയേയില്ല. ദുഃഖമൊട്ട് മാറുകയുമില്ല. ഇതെല്ലാം അനിവാര്യമാണെന്ന് മനസ്സിലാക്കുക. 'നിസ്സാരമെത്രയും സംസാരമോർക്കിലോ' എന്നാണ് പറയുന്നത്. ഇവിടെ നിസാരം എന്നതിന് സാരമില്ലാത്തത് എന്നും വിലയില്ലാത്തതെന്നുമൊക്കെ അർത്ഥം നൽകാം. സംസാരത്തിനോ... ലോകമെന്നും വർത്തമാനം എന്നും അർത്ഥം നൽകാനാകും.
ചിന്താ ചഞ്ചലതയെ പൂർണമായി മാറ്റുകയാണ് വസിഷ്ഠമുനിയുടെ വാക്കുകൾ. 'ജന്മമുണ്ടെങ്കിൽ മരണവും നിശ്ചയം.
...........................
...........................
ചിന്തിച്ചു മുദാ കണ്ടവർക്കെന്തു സംഭ്രമം.'
ജനന മരണ ചക്രത്തിലാണ് എല്ലാ ജീവനും. ഇതിനെ ആർക്കു തടുക്കാൻ ആകും? പുത്ര മിത്രാ ദികളൊ ക്കെ ഇങ്ങനെ വന്നുചേരുന്നു; പിരിഞ്ഞുപോകുന്നു. ജനിക്കുന്നു കർമം ചെയ്യുന്നു കർമവസാനം ദേഹവും വിട്ടുപോകുന്നു ആത്മൻ!
പിന്നെ എന്തിന് ജനന മരണങ്ങളെ സന്തോഷ സന്താപങ്ങളെ ക്കൊണ്ട് പൊതിയണം!
'ആത്മാവിനില്ല ജനന മരണവു -
മാത്മനിചിന്തിക്ക ഷഡ്ഭാവവുമില്ല.
...........................
...........................
തൃക്ത്വാ തുടങ്ങുക കർമ കർമ സമൂഹവും
സത്വരമേതും വിഷാദമുണ്ടാ കൊലാ.' രാമായണം പാരായണം ചെയ്യുമ്പോൾ ഈ തത്വം പല വുരു പല സന്ദർഭങ്ങളിലായി വർത്തിച്ചിരിക്കുന്നതായികാണാം. കവിയുടെ കയ്യബദ്ധമായ ആവർത്തനമാണോ ഇതെന്ന് ആരും സംശയിക്കേണ്ടതില്ല. കാരണം, ഇത് ഓരോ മനുഷ്യനും പല ഉരുവിട്ട് മനസ്സിൽ ഉറപ്പിക്കേണ്ട ഒന്നാണ്. അത് കൊണ്ട് തന്നെയാണ് പലപ്പോഴും ഇത് ആവർത്തിക്കുന്നതും. ഈശ്വരന്‍റെ എല്ലാ ഗുണ സ്വരൂപത്തോടും കൂടിയ ഒന്നാണ് ആത്മാവത്രെ! അതുകൊണ്ടാണ് പാദ നമസ്കാരം ചെയ്യുമ്പോഴും കാൽ തൊട്ടു വണങ്ങുമ്പോഴും ഒക്കെ നാം ശരീരത്തെയല്ല ആ ശരീരത്തിലുള്ള ആത്മാവിനെ അഥവാ ഈശ്വരനെ തന്നെയാണ് വണങ്ങുന്നത് എന്ന ബോധ്യം നിലനിൽക്കുന്നത്.
അപ്പോൾ ആത്മാവായ ഒന്നിന് നാശമില്ല. ആത്മാവായ നാം എത്ര ശ്രേഷ്ഠരാണ്. മംഗല സ്വരൂപനാണ്. ഓർക്കുക, അല്ലാതെ നാം പാപിയാണെന്ന നെഗറ്റീവിലേക്ക് അല്ല ഞാൻ പുണ്യാത്മാവാ ണെന്നുള്ള പോസിറ്റീവിലേക്കാണ് മാറേണ്ടത്. ആത്മാവിൽ ലീനനായി വസിക്കുകയാണ് വേണ്ടത് .എന്നുവച്ചാൽ ആത്മാവിന്‍റെ ഗുണങ്ങളിൽ പൂർണമായും ലയിച്ച്ഈ ഗുണങ്ങൾ എന്നിൽ ഉണ്ടെന്ന് ദൃഢമായി വിശ്വസിച്ച് ദുഃഖം ഇല്ലാതിരിക്കണം. എല്ലാം താൻ തന്നെ ചെയ്യുന്നു എന്ന ഭാവമില്ലാതെ ഇരിക്കുമ്പോൾ യാതൊരുവിധ ദുഃഖവും ബാധിക്കുന്നില്ല .
ദുഃഖ വിമോചകൻ ആകാൻ , അനാസക്തനായി കർമം ചെയ്യാൻ, സർഗതിക്ക് ഒക്കെ ആത്മജ്ഞാനം വേണം. സാധാരണക്കാരനെ ആ ആത്മജ്ഞാനത്തിലേക്കു നയിക്കുവാൻ കൂടി രാമായണം എന്നഇതിഹാസ കാവ്യവും അതിലെ സംഭവവികാസങ്ങളും തത്വങ്ങളും ഒക്കെ നമ്മെ സഹായിക്കുന്നു. അപ്പോൾ രാമായണ വായനയ്ക്ക് പുതിയൊരു ലക്ഷ്യതലവും കൈവരുന്നു.
(നാളെ: ഉൾപ്പൊരുൾ)