സേതുവിലും ഉണ്ടൊരു കാര്യം | രാമായണ ചിന്തകൾ -22

 
Ramayanam

സേതുവിലും ഉണ്ടൊരു കാര്യം | രാമായണ ചിന്തകൾ -22

മറ്റൊരു രീതിയിൽ ഇതിനെ കണ്ടാൽ ഭക്തനും ഭഗവാനും തമ്മിലുള്ള പാലം ബന്ധിപ്പിക്കലാണ് സേതുബന്ധനം എന്തു പറയാനാകും.

വെണ്ണല മോഹൻ

യുദ്ധകാണ്ഡത്തിലെ സേതുബന്ധനം എന്നതു സീതയെ രക്ഷിക്കാൻ ലങ്കയിലേക്കു കടൽ കടന്നെത്താനുള്ള വഴി രാമൻ ഉണ്ടാക്കി എന്നതിനപ്പുറം ഒട്ടേറെ അർഥതലങ്ങളുള്ള ഒന്നാണ്. ശ്രീരാമചന്ദ്രന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യം വിജ്ഞനായ നളനേയും മറ്റുള്ളവരെയും ഏൽപ്പിക്കുക വഴി ഓരോരുത്തർക്കും ഭഗവത്കൃത്യത്തിനുള്ള, ഇച്ഛയ്ക്കുള്ള അവസരം കഴിവിനും പ്രാപ്തിക്കും അനുസരിച്ചു നൽകുന്നു എന്നു കാണാം. സേതുബന്ധനത്തിന്‍റെ താത്വിക വശം നോക്കുമ്പോൾ ഒരു സാധകൻ ദൈവികാനുഗ്രഹത്തിന്‍റെ പാതിവഴിയാണു കടന്നത് എന്നാണു മനസിലാക്കേണ്ടത്. ഇനി രാവണനെയാണ് ജയിക്കേണ്ടത്. രാവണൻ എന്നാൽ നമ്മിലുള്ള ദോഷങ്ങൾ, ആസുര ചിന്തകൾ, വൃത്തികൾ ഇവയൊക്കെ തന്നെ! മറ്റൊരു രീതിയിൽ ഇതിനെ കണ്ടാൽ ഭക്തനും ഭഗവാനും തമ്മിലുള്ള പാലം ബന്ധിപ്പിക്കലാണ് സേതുബന്ധനം എന്തു പറയാനാകും. അതേപോലെ ഇന്ത്യയുടെ അഖണ്ഡതയും തെക്കുവടക്ക് തമ്മിൽ ബന്ധിപ്പിക്കലും രാമന്‍റെ വാക്കുകളിൽ സ്പഷ്ടം.

രാമേശ്വരത്ത് സ്നാനം, ശേഷം കാശിയിൽ വിശ്വനാഥ ദർശനം, അതിനുശേഷം ഗംഗാജലം കൊണ്ട് രാമേശ്വരത്ത് അഭിഷേകം. ഇതു വടക്കുതെക്കു തമ്മിലുള്ള സംയോജനമല്ലേ? അല്ലാതെ ഒരു ഭാഗത്തു മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലല്ലോ!

അല്ലെങ്കിൽ തന്നെ സേതുബന്ധനം എന്നതു നിത്യജീവിതത്തിലും ഉള്ള ഒന്നാണ്. മാതാപിതാക്കൾ വാത്സല്യം എന്ന സേതു കൊണ്ടാണ് കുട്ടികളെ ബന്ധിച്ചിരിക്കുന്നത്. വിശ്വസ്തത കൊണ്ട് ഭാര്യാ- ഭർതൃ ബന്ധവും, ഉത്തരവാദിത്തം എന്ന സേതുവിനാൽ സാമൂഹ്യബന്ധവും, വിധേയത്വം എന്ന സേതുവിനാൽ നിയമത്തോടും നാം ബന്ധിതരാകുന്നു. അങ്ങനെ നിത്യജീവിതത്തിലും നാം സേതുബന്ധനം നടത്തുന്നവർ തന്നെ. എന്നാൽ ദുർഗുണസേതു കൊണ്ട് ബന്ധനം നടത്തുക എന്നതാണ് ചിലർ - അസൂയ, ചതി, വഞ്ചന, അസത്യഭാഷണം എന്നിവ മൂലം - നാശത്തിലേക്ക് നിപതിക്കുന്നതിനു കാരണമാകുന്നത്.

ഏതു ഭഗവാന്‍റെ മന്ത്രവുമായും ബന്ധിക്കപ്പെടുമ്പോൾ ആദ്യം ഓം എന്ന് ഉച്ചരിക്കുന്നതു സേതുവാണ്. അങ്ങനെ സേതു ബന്ധിച്ചാണു മന്ത്രാർച്ചന നടത്തുക. രാമേശ്വരത്തു നിന്നും ലങ്കയിലേക്കു നടത്തുന്ന സേതുബന്ധനം എന്നതു ഭക്തനായുള്ള ജീവാത്മാവിനെ പരമാത്മാവായ ഭഗവാനിലേക്ക് അടുപ്പിക്കുന്നു എന്നു കണ്ടെത്താനും വ്യാഖ്യാനിക്കാനും നമുക്കു കഴിയും.

ഈ സേതുബന്ധന കഥയിലൂടെ സാഹിത്യത്തിൽ ഒരു ചൊല്ലു ലഭിച്ചു ""അണ്ണാറക്കണ്ണനും തന്നാലായത്'' എന്ന മൊഴി. ആദ്യം ബന്ധനത്തിനോ വഴിയൊരുക്കാനോ സമുദ്രം തയ്യാറായില്ല. രാഘവൻ സമുദ്രാഭിമുഖമായി ദർഭാസ്തരണത്തിൽ ഒന്നുകിൽ സമുദ്ര തരണം അല്ലെങ്കിൽ മരണം എന്ന നിശ്ചയത്തോടെ, കഠിന വ്രതത്തോടെ മൂന്നുരാവും മൂന്നു പകലും കിടന്നു. എന്നിട്ടും സമുദ്രം പ്രസാദിക്കാതായ പ്പോഴാണ് ജലാന്തർഭാഗത്തേക്ക് തീഷ്ണങ്ങളായ അസ്ത്രങ്ങൾ അയയ്ക്കാൻ തുടങ്ങിയത്.

ഒടുവിൽ സാഗര ദേവനായ വരുണൻ പ്രത്യക്ഷപ്പെട്ടു. ഹേ രാഘവാ, പൃഥി, വായു, ആകാശം ,ജലം അഗ്നി എന്നീ പഞ്ചഭൂതങ്ങൾക്കു ശാശ്വതമായ ചില ധർമങ്ങളുണ്ട്. അതിൽ നിന്നും വ്യതിചലിക്കുന്നത് എങ്ങനെയെന്ന് അവിടുന്ന് ആലോചിക്കണം.

മയാധ്യക്ഷേണ പ്രകൃതിഃ

സൂയതേ സചരാചരം

ഹേതുനാനേന കൌന്തേയ

ജഗദ്വിപരിവര്‍ത്തതേ.

(ഗീത - അ- 9, പദ്യം- 10)

അഗാധത, അപ്ലവത ഇവ രണ്ടും എന്‍റെ വികാരമാണ്. അവ മാറ്റാൻ പറ്റുന്നതല്ല. പക്ഷേ എനിക്കൊന്ന് ചെയ്യാൻ കഴിയും. അങ്ങയുടെ സേനയ്ക്കു കടക്കുന്നതിനു വേണ്ട സ്ഥലം ഞാൻ നിർബാധമാക്കി തരാം. ഇതാ വിശ്വകർമാവിന്‍റെ പുത്രനായ നളൻ എന്ന വാനരൻ, മഹാബലവാനായ നളൻ സേതു നിർമിക്കും. ആ സേതുവിനെ ഞാൻ ഉറപ്പാക്കി നിർത്തിക്കൊള്ളാം.

അതോടെ സേതുനിർമാണവും ആരംഭിച്ചു. ഓരോ മനുഷ്യനും ഭക്തിയുടെ സേതു നിർമിച്ചു മനസിലെ രാക്ഷസീയതയെ കീഴടക്കി ഭഗവാനിലേക്ക് എത്തണം.

(നാളെ: ഖര വധത്തിലൂടെ അറിയുന്നത്)

ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ട്രംപിന്‍റെ നടപടി അന്യായം, യുക്തിരഹിതം: ഇന്ത്യ

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി തര്‍ക്കം; 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

ആരോഗ്യ വകുപ്പിന്‍റെ കര്‍ശന നടപടി; 51 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ഗാൽവാൻ ഏറ്റുമുട്ടലിനു ശേഷം ഇതാദ‍്യം; പ്രധാനമന്ത്രി ചൈനയിലേക്ക്