ധർമസങ്കടം | രാമായണ ചിന്തകൾ -25
##വെണ്ണല മോഹൻ
മനുഷ്യാവസ്ഥ പലപ്പോഴും ധർമസങ്കടത്തിൽപ്പെട്ട് ഉഴലാറുണ്ട്. ഒരു തെറ്റും മനസാ വാചാ കർമണാ ചെയ്തിട്ടില്ലെങ്കിലും ചിലപ്പോൾ തെറ്റുകാരായി മുദ്രകുത്തപ്പെടാറുണ്ട്. എന്താണു വാസ്തവം എന്നു മനസിലാക്കിക്കൊടുത്താലും നിഷ്കളങ്കമായി കർമം ചെയ്താലും കുറ്റവാളിയായി, അധമനായി മുദ്രകുത്തപ്പെടുന്നു! അങ്ങനെ തെറ്റു ചെയ്യാതെ തെറ്റുകാരൻ എന്ന രീതിയിൽ പഴി കേൾക്കേണ്ടി വരുന്ന കഥാപാത്രമാണ് ലക്ഷ്മണൻ. നിത്യജീവിതത്തിൽ ചിലർക്കുണ്ടാകുന്ന ദുര്യോഗത്തിന്‍റെ പ്രതിഫലനമായി ഈ കഥാപാത്രം നിലകൊള്ളുന്നു.
സീതയുടെ ആവശ്യപ്രകാരം കനക മൃഗത്തിനു പിന്നാലെ പാഞ്ഞു, ശ്രീരാമൻ! ശ്രീരാമൻ പോകും മുന്നേ അനുജനു ചില നിർദേശങ്ങൾ കൊടുക്കുന്നുണ്ട്.
""കാട്ടിൽ ധാരാളം രാക്ഷസർ ഉണ്ടെന്നറിയാമല്ലോ. ഞാൻ വരും വരെ നിന്‍റെ ഏട്ടത്തിയമ്മയായ സീതയെ സംരക്ഷിക്കേണ്ട ചുമതല നിന്നിൽ ഞാൻ ഏൽപ്പിച്ചിരിക്കുകയാണ്. നീ സീതയെ വിട്ട് എവിടേക്കും പോകരുത്''.
രാമൻ കനകമൃഗത്തിനു പിന്നാലെ പാഞ്ഞ് കാണാമറയത്തായി കഴിഞ്ഞു.
മൃഗം തന്നെ കബളിപ്പിക്കുകയാണെന്നു മനസിലാക്കിയ രാമൻ ഒരു ശരം അതിനു നേരേ വിട്ടു. ശരമേറ്റ മാരീചൻ മാനിന്‍റെ രൂപം വെടിഞ്ഞ് മല പോലുള്ള യഥാർഥ രാക്ഷസവേഷമായി മാറി.
രാമ ബാണമേറ്റു വീണ മാരീചൻ ഉടനെ ഉച്ചത്തിൽ കരഞ്ഞു.
""സഹോദരാ, ഭ്രാതാവേ, ലക്ഷ്മണാ, എന്നെ രക്ഷിക്കൂ'' എന്ന് വിലാപമാണ് ഉയർന്നത്.
""നീ ജേഷ്ഠന്‍റെ വിലാപം കേൾക്കുന്നില്ലേ? ഉടനെ നീ ചെല്ലുക, ജേഷ്ഠനെ രക്ഷിക്കുക''- സീത ലക്ഷ്മണനോടു പറയുകയാണ്.
ഇവിടെ മായയിൽ പെട്ടു പോകുകയാണു സീത. ശ്രീരാമന് ഒരു മാനിനെ നിഷ്പ്രയാസം കൊല്ലാനുള്ള കഴിവുണ്ടെന്ന വസ്തുത മായയിൽപ്പെട്ട സീത മറന്നുപോകുന്നു.
""ദേവീ... ദുഃഖിക്കരുത്. ഇത് ആ മാരീചൻ രാക്ഷസന്‍റെ കരച്ചിലാണ്. ഞാനിവിടം വിട്ട് അകലുമ്പോൾ രാവണന് ദേവിയെ കൊണ്ടുപോകാൻ വേണ്ടിയുള്ള അടവാണ്. ശ്രീരാമൻ ഇതേപോലെ കരയില്ലെന്ന് ദേവിക്കും അറിയാവുന്നതല്ലേ?''.
ശരിയായ കാര്യങ്ങൾ ലക്ഷ്മണൻ പറഞ്ഞിട്ടും സീത കോപതാപങ്ങൾക്ക് അടിപ്പെട്ട് വിവേകമില്ലാതെ ലക്ഷ്മണനെ ഭത്സിക്കുന്നതാണ് പിന്നീടു കാണുന്നത്. ദേവീഭാവത്തിൽ നിന്നും മാറി തമോഗുണത്തിൽപ്പെട്ടാണ് സംസാരം.
""നീയും രാക്ഷസ ജാതിയിൽപ്പെട്ടവനോ? നിന്‍റെ ലക്ഷ്യവും ജേഷ്ഠന്‍റെ നാശം തന്നെയാണോ? ലക്ഷ്മണാ... രാമനാശത്തിനു ശേഷം എന്നെയും കൊണ്ടുപോകാനാണോ നിന്‍റെ ഉദ്ദേശം? ഒരിക്കലും അങ്ങനെയൊന്നുണ്ടാവില്ല. ഞാൻ എന്‍റെ പ്രാണനെ ഉപേക്ഷിക്കും''.
ശ്രീരാമദാസനായി രാമസേവ മാത്രം ലക്ഷ്യമാക്കി പോന്ന ഒരു അനുജനോടു പറയാൻ പാടില്ലാത്തതും അനുജനെക്കുറിച്ച് ചിന്തിക്കാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് സീത ജല്പിച്ചത്.
സീതയുടെ ക്രൂര വാക്കുകൾക്കു മുന്നിൽ ഖിന്നനായ ലക്ഷ്മണൻ അവരോടും കഠിനവാക്കുകൾ ഉപയോഗിക്കുന്നു.
""നിനക്കു നാശമടുത്തിരിക്കുന്നു
പാരമെനിക്കു നിരൂപിച്ചാല്‍
തടുത്തു കൂടാ താനും...''
""നാശം അടുത്തിരിക്കുന്നു, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്'' എന്നു പറഞ്ഞ്, വനദേവതമാരോടു സീതയെ കാത്തുകൊള്ളണമെന്നു പറഞ്ഞ് രാമനെ തേടി പുറപ്പെടുകയാണ്.
ലക്ഷമണൻ പർണശാലയിൽ നിന്നും അകന്നപ്പോൾ, സന്യാസീവേഷത്തിൽ എത്തിയ രാവണൻ സീതയെ തേരിലേറ്റി ആകാശമാർഗേ കൊണ്ടുപോയി. സീത ഉച്ചത്തിൽ രാമ- ലക്ഷ്മണന്മാരെ വിളിച്ച് കരയുന്നു.
ലക്ഷ്മണന്‍റെ വരവിൽ ശ്രീരാമന് കാര്യങ്ങൾ പിടികിട്ടിയെങ്കിലും അതു പുറമേ കാണിക്കുന്നില്ല. യഥാർഥ ദേവിയെ കൊണ്ടുപോകാനാകില്ല. മായാ സീതയെയാണു രാവണൻ കൊണ്ടുപോയിരിക്കുന്നത്.
"എന്തിനാണ് സീതാദേവിയെ പർണശാലയിലാക്കി നീ ഇങ്ങോട്ട് പോന്നത്?'.
ലക്ഷ്മണൻ സമചിത്തതയോടെ, ദേവി പരുഷമായി പലതും പറഞ്ഞെന്ന് അറിയിക്കുന്നു. "അങ്ങയെ അപകടത്തിൽ നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാലാണു ഞാൻ പോന്നത്'.
പർണശാലയിൽ തിരികെയെത്തിയപ്പോഴാണ് ശ്രീരാമ ലക്ഷ്മണന്മാർക്ക് സീതയെ നഷ്ടപ്പെട്ട കാര്യം ബോധ്യപ്പെട്ടത്. തികച്ചും മനുഷ്യഭാവം കൈക്കൊണ്ട് ശ്രീരാമൻ വിലപിക്കുന്നു. മാത്രവുമല്ല, സീതയുടെ വാക്കുകേട്ട് അവരെ തനിച്ചാക്കി പർണശാല വിട്ടുപോന്ന ലക്ഷ്മണനെ ആവോളം ശാസിക്കുകയും ചെയ്തു.
നോക്കൂ, ഇവിടെ ലക്ഷ്മണൻ തെറ്റുകാരനാണോ?
പർണശാല വിട്ട് രാമനെ തേടിപ്പോകാതിരുന്നാൽ സീതയ്ക്കു മുന്നിൽ തെറ്റുകാരനാകില്ലേ? രാമനെ തേടി പോന്നപ്പോഴോ, ശ്രീരാമനു മുന്നിലും തെറ്റുകാരൻ! എത്ര ധർമസങ്കടം!
ഇത്തരം ധർമസങ്കടങ്ങൾ ഒട്ടേറെ നമ്മളും അനുഭവിച്ചിട്ടുണ്ടാകാം. കേൾക്കേണ്ടാത്തതു കേട്ടാൽ കേട്ടില്ലെന്നു വയ്ക്കാനും കാണേണ്ടാത്തതു കണ്ടാൽ കണ്ടില്ലെന്നു വയ്ക്കാനും കഴിയാതാകുമ്പോഴാണ് സ്വസ്ഥത നഷ്ടപ്പെടുന്നതും ധർമസങ്കടങ്ങളിൽപ്പെടുന്നതും.
(നാളെ: രാമനാമ പ്രസക്തി )