രാമായണത്തിലെ ചില മുത്തുകൾ!
രാമായണ ചിന്തകൾ - 30 | വെണ്ണല മോഹൻ
രാമരാവണ യുദ്ധം കഴിഞ്ഞു, ശ്രീരാമൻ അയോധ്യയിലെത്തി. ഇനിയുള്ള സന്ദർഭങ്ങളിലെ ഓരോന്നും നമ്മുടെ ആനുകാലിക ജീവിതവുമായി താരതമ്യം ചെയ്യാനും ബന്ധപ്പെടുത്താനും കഴിയുന്നവയാണ്. രാമായണത്തിൽ ഓരോ വരിയിലും കാവ്യ പാദങ്ങളിലും ഉത്കൃഷ്ട മണിമുത്തുകൾ ചിതറിക്കിടക്കുകയാണ്!
അവ ഓരോന്നായി പെറുക്കിയെടുത്തു നിരീക്ഷിച്ചാൽ ജീവിതത്തിലെ, സമൂഹത്തിലെ എത്രയെത്ര കാഴ്ചകളുടെ പ്രതിബിംബങ്ങൾ കൂടി കാണാനാകും. എന്തെല്ലാം ജീവിത സമസ്യകൾ പൂരിപ്പിക്കാനാകും! രാമൻ പോയപ്പോൾ രാമപാദുകം സിംഹാസനത്തിൽ വച്ച് അയോധ്യയെ രക്ഷിച്ച സഹോദരൻ ഭരതൻ, രാമതിരികെയെത്തുമ്പോൾ സന്തോഷത്തോടെ സിംഹാസനം ഒഴിഞ്ഞുകൊടുത്ത കാഴ്ച ത്യാഗത്തിന്‍റെ പ്രതിബിംബമാണ്. അഥവാ, വാക്കു വ്യവസ്ഥയുടെ മനോഹര കാഴ്ചയാണ്.
ഭരണത്തിൽ നിന്ന് ഒരാൾ അവധിയെടുത്തു മാറിയാൽ പിന്നീട് അവധി കഴിഞ്ഞെത്തിയാൽപ്പോലും ഒഴിഞ്ഞു കൊടുക്കാതിരിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഈ കാലത്ത് ഇതിൽ ഏറെ വ്യത്യസ്ത അനുഭവവും വ്യവസ്ഥ പാലിക്കുന്ന ജാജ്വല്യമാനമായ വ്യക്തിത്വവും കാണാം. അതുപോലെ, രാവണനെതിരായ യുദ്ധവിജയം തന്‍റേതു മാത്രമല്ല, തന്നെ സഹായിച്ച വാനരന്മാർക്കും മറ്റുള്ളവർക്കും അണ്ണാൻകുഞ്ഞിനും കൂടി അവകാശപ്പെട്ടതാണെന്നു രാമൻ വിനയാന്വിതനാകുമ്പോൾ, ഇക്കാലത്ത് തന്നെ സഹായിച്ചവരോട് അതിലൊന്നും ഒരു വില കാണാതെ അവരോട് ഉപകാര സ്മരണ പോലും കാണിക്കാതെ നടക്കുന്ന എത്രയോ പേരെ കാണാനാകും! എന്തൊരു കാല വൈരുദ്ധ്യം !
ശ്രീരാമ പട്ടാഭിഷേകം കാണാൻ വന്ന രാജാക്കന്മാരിൽ ജനക മഹാരാജാവും ഉണ്ടായിരുന്നു. സ്വയംവര സമയത്താണ് ജനക മഹാരാജാവ് രാമായണത്തിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതലായി പ്രതിപാദിക്കപ്പെടുന്നില്ല. എന്നാൽ, രാമലക്ഷ്മണർ കാനനത്തിൽ പോകുമ്പോഴും രാജകുമാരിയായ തന്‍റെ മകൾ അവർക്കൊപ്പം കാട്ടിലാണല്ലോ എന്ന് അദ്ദേഹത്തിനറിയാം. ലക്ഷ്മണൻ ഭാര്യ ഊർമിളയെ ഉപേക്ഷിച്ചാണ് രാമനോടൊപ്പം പോകുന്നത്. ഭാര്യമാരായ രാജകുമാരിമാരെ ഉപേക്ഷിച്ച് സംന്യാസ വേഷത്തിൽ നന്ദി ഗ്രാമത്തിലും ജീവിച്ചു. നാലു പുത്രിമാരും വിഷമാവസ്ഥയിൽ! എന്നാൽ അവിടെയൊന്നും ജനകൻ പ്രതികരിക്കുന്നതു കാണാനാകുന്നില്ല. ഇന്നത്തെ മാതാപിതാക്കളോ... വിവാഹിതരായ മക്കളുടെ പിറകെ അവരുടെ സുഖദുഃഖങ്ങളെ അനുധാവനം ചെയ്ത്, എല്ലാറ്റിലും ആവശ്യമില്ലാതെ ഇടപെട്ട്, അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുന്നതല്ലേ കണ്ടുവരുന്നത്?!
ഭരണാധികാരിക്ക് ഏറ്റവും വലുത് ജനക്ഷേമകരമായ പ്രവർത്തനങ്ങളും ജനഹിതവുമാണ്. ഇവിടെ, ജനാധിപത്യമല്ല. രാമൻ രാജാവാണ്. തന്നിഷ്ടത്തോടെ ഭരിക്കാം, വാഴാം. പക്ഷേ, സീതയെക്കുറിച്ച് ജനാഭിപ്രായം മാറുന്നു എന്ന് കണ്ടപ്പോൾ ഭർത്താവ് എന്ന നിലയിൽ സീത പതിവ്രതയും പരിശുദ്ധമാണെന്ന് അറിയാവുന്ന രാമൻ ഭരണകർത്താവ് എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട ഭാര്യയെ പരിത്വജിക്കാൻ പോലും തയാറാകുന്നു!
ഇന്നോ, കുറ്റവാളികളാണെന്നു ജനബോധ്യമുണ്ടെങ്കിലും കാലാവധി തീരും വരെ നിൽക്കും എന്ന് ശഠിക്കുന്ന ഭരണകർത്താക്കൾ! കോടതി കുറ്റവാളിയായി കണ്ടെത്തിയാൽ പോലും ഇനിയും കോടതികളുണ്ടെന്നു പറയുന്ന ന്യായം! സ്വജനപക്ഷക്കാർക്കായി അന്വേഷണം പോലും അട്ടിമറിക്കുന്നവർ! കോടതികൾ ശിക്ഷിച്ച കൊലയാളികളെ ജയിലിലേക്ക് മാലയിട്ടു മുദ്രാവാക്യം വിളിച്ചു യാത്രയാക്കുന്നവർ!
രാമായണത്തിലെ ഓരോ മുഹൂർത്തങ്ങളെയും നമുക്ക് ഇങ്ങനെ പരിശോധിച്ചു താരതമ്യം ചെയ്ത് ധാർമികതയെ നോക്കിക്കാണാനാകും. അരുതുകളും അതിരുകളും നിർണയിക്കാനും പാലിക്കാനും കഴിയും. അങ്ങനെ ചെയ്യുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരനും ഉത്കൃഷ്ടമായൊരു ഭരണവും രാജ്യവും നിർമിതമാകുന്നത്.
ഓരോ മനുഷ്യനും ഓരോരോ ജന്മ ഉദ്ദേശ്യങ്ങളുമുണ്ട്. അത് അറിയാതെയാകുമ്പോഴോ അതിൽ നിന്ന് വ്യതിചലിക്കുമ്പോഴോ ആണ് അഴലിൽ അലഞ്ഞു ജീവിതം തീർക്കേണ്ടിവരുന്നത്. അറിഞ്ഞാൽ ആ ലക്ഷ്യം നേടാൻ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ചില അതിരുകളും അരുകളും ഉണ്ടായിരിക്കണം. മനഃശാസ്ത്രജ്ഞർ പറയും പോലെ ബൗണ്ടറികൾ ഉണ്ടായിരിക്കണം. ജീവിതത്തിൽ ജന്മോദ്ദേശ്യം കഴിഞ്ഞാലോ ഒരു ഐസിയുവിനോ വെന്‍റിലേറ്ററിനോ പിടിച്ചുനിർത്താനാകാതെ ദേഹി ദേഹത്തെ ഉപേക്ഷിച്ചു പോയല്ലേ പറ്റൂ!
ഇവിടെ അവതാരോദ്ദേശ്യം കഴിഞ്ഞതോടെ സീതാദേവി ഭൂമീദേവിയിലേക്ക് മടങ്ങുന്നു. സരയുവിലേക്ക് രാമലക്ഷ്മണന്മാരും.
നോക്കൂ, പ്രകൃതിയിൽ നിന്ന് ഉദയം കൊണ്ട് പ്രകൃതിയിൽ തന്നെ അസ്തമിക്കുന്ന പ്രാപഞ്ചിക സത്യവും ജീവന്‍റെ വർത്തുള ചക്രവുമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. പ്രകൃതിയിൽ നിന്ന് ജനിച്ച് പ്രകൃതിയോടൊപ്പം ജീവിച്ച് പ്രപഞ്ച നിയമങ്ങൾ അനുസരിച്ച് പ്രതിയിലേക്ക് മടങ്ങുക.
എത്ര ഉത്കൃഷ്ടമായ കൃത്യമാണ് രാമായണത്തിൽ വെളിവാക്കുന്നത്! അങ്ങനെ പ്രഭ ചൊരിയുന്ന ഒട്ടേറെ മുത്തുകൾ രാമായണ വായനയിലൂടെ നമുക്ക് ശേഖരിക്കാം, അവ ജീവിതത്തിന്‍റെ പൊൻനൂലിൽ കോർത്ത് ഹാരമാക്കാം. ആ മാല, ആ ഹാരം നമ്മെ മുന്നോട്ടു നയിക്കാനുള്ള ആത്മശക്തിക്കായി അണിയാം.
(ഇനി: രാമായണം)