രാമായണത്തിലെ രാഷ്ട്ര സങ്കൽപ്പം

 
Ramayanam

രാമായണത്തിലെ രാഷ്ട്ര സങ്കൽപ്പം

ബാല്യ, കൗമാരങ്ങൾ കേകേയ രാജ്യത്ത് ചെലവഴിച്ച ഭരതൻ, പിതാവിന്‍റെ ചരമവൃത്താന്തം അറിഞ്ഞ് അയോധ്യയിൽ എത്തുന്നതാണ് സന്ദർഭം.

രാമായണ ചിന്തകൾ -17 ‌ | വെണ്ണല മോഹൻ

രാമരാജ്യം എന്ന രാഷ്‌ട്ര സങ്കൽപ്പം തീർച്ചയായും വിചിന്തനം ചെയ്യേണ്ട ഒരു രാഷ്‌ട്രമീമാംസയാണ്. രാമരാജ്യം എന്ന സങ്കൽപ്പം ഒരിക്കലും വർഗീയമോ, ഒരു മതപരമായ രാഷ്‌ട്രസങ്കൽപ്പമോ, ഫാസിസ്റ്റ് ചിന്താ സരണിയോ അല്ല. അതുകൊണ്ടുതന്നെയാണ് പക്ഷാന്തരം ഇല്ലാത്ത മഹാത്മാവായ ഗാന്ധി പോലും രാമരാജ്യത്തെ നെഞ്ചിലേറ്റിയത് ! എഴുത്തച്ഛന്‍റെ രാമായണം കിളിപ്പാട്ടിന്‍റെ സ്വാധീനത്തിലാകാം വാത്മീകി രാമായണത്തിലെ രാഷ്‌ട്രസങ്കൽപ്പം അധികം ചർച്ചയാകാതെ പോയത്. രാമായണത്തിലെ അയോദ്ധ്യാ കാണ്ഡത്തിൽ ആറാം സംഘത്തിലെ എഴുപത്തിയാറ് ശ്ലോകങ്ങളിലാണ് ഈ രാഷ്‌ട്രസങ്കൽപ്പം പ്രതിപാദിക്കുന്നത്.

ബാല്യ, കൗമാരങ്ങൾ കേകേയ രാജ്യത്ത് ചെലവഴിച്ച ഭരതൻ, പിതാവിന്‍റെ ചരമവൃത്താന്തം അറിഞ്ഞ് അയോധ്യയിൽ എത്തുന്നതാണ് സന്ദർഭം. രാമ രാമചന്ദ്രനെ ചിത്രകൂടത്തിലെത്തി തിരികെകൊണ്ടുപോകാൻ ഭരതൻ തുനിയുന്നു. പിതൃവിയോഗം രാമൻ അറിഞ്ഞിട്ടില്ല. വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്ന രാമൻ പിതൃവൃത്താന്തം പറയാൻ അവസരം നൽകിയിട്ടില്ല.ആ കാലത്താണ് രാഷ്‌ട്രത്തെക്കുറിച്ച് രാഷ്‌ട്രീയത്തെ (രാഷ്‌ട്രത്തെ സംബന്ധിച്ചത് രാഷ്‌ട്രീയം) കുറിച്ച് ഒക്കെ സംസാരിക്കുന്നത്. തുടർന്ന് എഴുപത്തിമൂന്ന് ശ്ലോകങ്ങളിലായി ക്ഷേമരാഷ്‌ട്രം എങ്ങനെയായിരിക്കണമെന്നു പറയുന്നു.

ക്ഷേമരാഷ്‌ട്രമെന്നത് ഒരു ധർമരാഷ്‌ട്രമായിരിക്കണം. അതിനായി ദേവന്മാർ, പിതൃക്കൾ, ഗുരുക്കന്മാർ, പിതൃതുല്യർ, വൃദ്ധന്മാർ ഇവർ ആദരിക്കപ്പെടണം. മന്ത്രിമാരുടെ യോഗ്യതയെക്കുറിച്ചും പറയുന്നുണ്ട്. മന്ത്രിമാർ ശൂരരും ഇന്ദ്രിയ വിജയം നേടിയവരും കുലീനരും ആയിരിക്കണം. മന്ത്രിമാരുമായി കൂടിയാലോചനകൾ വേണം. രഹസ്യം പരസ്യമാക്കരുത്. തനിയെ തീരുമാനമെടുക്കരുത്. ഏറെ പേരുമായി ആലോചിച്ച് തീരുമാനം എടുക്കരുത്. മധ്യമ മാർഗമേ സ്വീകരിക്കാവൂ. ചെലവ് കുറഞ്ഞതും ലാഭമേറിയതും ആയ കാര്യം ആദ്യം ചെയ്യണം. കാര്യങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരും മുൻപ് സാമന്ത രാജാക്കന്മാർ അറിയാൻ ഇടവരരുത്.

രാഷ്‌ട്രസുരക്ഷയെക്കുറിച്ച് പറയുന്നത് - സൈന്യാധിപൻ കൂസലില്ലാത്ത‌വനും ശൂരനും ബുദ്ധിമാനും ശുചിയും ധൈര്യവാനും കുലീനനും ആയിരിക്കണം എന്നാണ്. ശൂരരും ശക്തരും ആയിരിക്കണം ഭടന്മാർ. അവർക്ക് വേണ്ടത്ര ശമ്പളം, ഭക്ഷണം, താവളം, കോട്ട, സുരക്ഷിതത്വം എന്നിവ നൽകാൻ മടിക്കരുത്. സാമ്പത്തിക നയത്തെക്കുറിച്ചു സൂചിപ്പിക്കുന്നതോ ! സമ്പത്ത് അപാത്രങ്ങളിൽ എത്തരുത്. വരവ് കൂടുതലും ചെലവ് കുറവും ആയിരിക്കണം. പിതൃകാര്യം, ദേവ കാര്യം, ജ്ഞാനികൾ, പണ്ഡിതന്മാർ, യോദ്ധാക്കൾ, മിത്രങ്ങൾ എന്നിവർക്കായി പണം ചെലവഴിക്കാൻ ലോഭം കാണിക്കരുത്. നീതി രാജ്യത്തെക്കുറിച്ച് കൂടി സൂചിപ്പിക്കുന്നു. ധനികനും ദരിദ്രനും അധികാരികളുടെ മുന്നിൽ തുല്യരായിരിക്കണം. ശിക്ഷ അതിരുകടക്കരുത്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർ സുരക്ഷിതരായിരിക്കണം.

യുദ്ധതന്ത്രത്തിൽ രാജാവ് ചാര ചക്ഷു ആയിരിക്കണം. മാത്രവുമല്ല ചാരന്മാർ എത്താത്ത സ്ഥലം ഉണ്ടാകരുത്. ശത്രുപക്ഷത്ത് പതിനെട്ട് പേരേയും മിത്രപക്ഷത്ത് പതിനഞ്ച് പേരേയും നിരീക്ഷിക്കണം. ശത്രുപക്ഷത്ത് നാം നിരീക്ഷിക്കേണ്ടത് - മന്ത്രിമാർ, പുരോഹിതർ, യുവരാജാവ്, സേനാപതി, ദ്വാരപാലകൻ (സെക്യൂരിറ്റി) അന്തപ്പുര കാര്യസ്ഥൻ, കാരാഗൃഹാധിധിപൻ, ഖജനാവുകാരൻ, രാജാവിന്‍റെ സന്ദേശവാഹകൻ, ന്യായാധിപൻ, ധർമാചാര്യൻ, ഗ്രാമമുഖ്യൻ, പട്ടാളക്കാരന് ശമ്പളം നൽകുന്നവൻ, ശമ്പളം കൈപ്പറ്റുന്നവൻ, നഗരരക്ഷകൻ (പൊലീസ്) അതിർത്തി കാവൽക്കാരൻ, ശിക്ഷ നടപ്പാക്കുന്നവൻ, പുഴ, മല ,കോട്ട, വനം എന്നിവയുടെ കാവൽക്കാർ എന്നിവരെയാണ്. ആദ്യത്തെ മൂന്നുപേരെ ഒഴിച്ച് സ്വപക്ഷത്ത് ഉള്ളവരേയും നിരീക്ഷിക്കണം എന്നാണ് രാമരാജ്യത്തെ രാഷ്‌ട്രസങ്കൽപ്പത്തിൽ പറയുന്നത്.

രാജദൂതന്മാരെ (അംബാസഡർമാർ) നിയമിക്കുന്നതിൽ നിഷ്കർഷത പാലിക്കണം. രാജദൂതൻ, രാജാവ്, മന്ത്രി, ഭൂമി, കോട്ട, ഖജനാവ്, സൈന്യ - മിത്രവർഗം എന്നിവ രാജ്യത്തിന്‍റെ ഏഴ് അവയവമാണെന്നറിയുക. അതുകൊണ്ടുതന്നെ ഇതിൽ അതീവ ശ്രദ്ധ പുലർത്തണം. രാജധർമത്തിൽ പറയുന്നു ത്രിവിദ്യയും ത്രിവർഗവും രാജാവിന് ആവശ്യമാണന്ന്. ത്രിവർഗമെന്നാൽ ഉത്സാഹശക്തി, മന്ത്രശക്തി, പ്രഭുശക്തി എന്നിവയാണ്.

ത്രി വിദ്യ എന്നു പറയുമ്പോൾ ത്രയീ, വാർത്ത, ദണ്ഡ നീതി എന്നിവയാണ്. ത്രയീ- മൂന്നു വേദങ്ങൾ. വാർത്ത - കൃഷി വാണിജ്യം. നീതി - നീതി നിർവഹണം, ന്യായപരിപാലനം, നദി സംരക്ഷണം, ജലസേചനം, വന-മൃഗസമ്പത്ത് സംരക്ഷണം, കന്നുകാലി സമ്പത്ത്, വിദ്യാഭ്യാസം. ജനനായകർക്ക് ഉണ്ടാകാൻ പാടില്ലാത്ത പതിനാല് ദോഷങ്ങളെക്കുറിച്ചും ഭരണാധികാരികൾ ഒഴിവാക്കേണ്ട പത്തുദോഷങ്ങളെ കുറിച്ചും സൂചിപ്പിക്കുന്നു. ജനങ്ങൾക്ക് നേരിട്ട് സമീപിച്ച് പ്രശ്നങ്ങൾ ഉണർത്തിക്കാൻ കഴിയണം. സ്വാദുള്ളത് പങ്കിട്ട് കഴിക്കണം ഇങ്ങനെ ... ഇങ്ങനെ ...ഇതെല്ലാം രാഷ്‌ട്രസങ്കൽപ്പത്തിൽ വരുന്നു.

എഴുത്തച്ഛൻ രാമരാജ്യത്തെക്കുറിച്ചു പറയുന്നു:

"വൈധവ്യ ദുഃഖം വനിതമാർക്കില്ലൊരു വ്യാധി ഭയവുമൊരുത്തർക്കുമില്ലല്ലൊ

സസ്യ പരിപൂർണയല്ലോ ധരിത്രിയും ദസ്യു ഭയമാരേടത്തുമില്ലല്ലോ

ബാലമരണമകപ്പെടാറുമില്ല കാലേ വർഷിക്കുമല്ലോ ഘനങ്ങളിൽ

എല്ലാവനുമുണ്ടനുകമ്പ മാനസേ നല്ലതൊഴിഞ്ഞുള്ള ചിന്തയില്ലാർക്കുമേ നോക്കുമാറില്ലാരുമേ

പരദാരങ്ങളോർക്കുകയുമില്ല പരദ്രവ്യമാരുമേ

ഇന്ദ്രിയ നിഗ്രഹമെല്ലാവനുമുണ്ട് നിന്ദയുമില്ല പരസ്പര മാർക്കുമേ

നന്ദന്മാരെ പിതാവ് രക്ഷിക്കുന്ന വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ"

ഈ രാമരാജ്യ സങ്കൽപ്പം എത്ര ഭാവാത്മകമാണ്. ഇത് ചർച്ച ചെയ്യപ്പെടേണ്ട എക്കാലത്തെയും പ്രസക്തമായ രാഷ്‌ട്രസങ്കൽപ്പമല്ലേ?

(അടുത്തത്: നിമിത്തമാകുന്ന സ്ത്രീ കഥാപാത്രങ്ങൾ)

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌