കർമഫലത്തിന്‍റെ പകർച്ച| രാമായണം- 10

 
Ramayanam

കർമഫലത്തിന്‍റെ പകർച്ച| രാമായണം- 10

ശ്രീരാമ ഭക്തിയാൽ സ്വയം മറന്നുപോകുന്ന ഗുഹൻ. രാമ പാദത്തിൽ വീഴുന്നു.

വെണ്ണല മോഹൻ

വർണ വ്യവസ്ഥയിൽ അവർണൻ സവർണന്‍റെ മുന്നിൽ എത്ര അടി മാറിനിൽക്കണം?! തൊട്ടുകൂടാ, തീണ്ടിക്കൂടാ, എന്തിനധികം കാണാൻ കൂടി പാടില്ലാത്ത വിധമുള്ള ജന്മമായി അവർണനെ കരുതുന്നതാണു ഭാരതീയ സംസ്കൃതി എന്നൊക്കെ ചിലർ പറയാറുണ്ട്. എന്നാൽ സത്യം അതല്ലന്നും, വർണ വ്യവസ്ഥ ജന്മത്തിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല എന്നും, ഏറ്റവും കൃത്യമായി പ്രതിപാദിക്കുന്ന ഒന്നാണ് രാമായണം.

രാമായണം നടന്ന കഥയായോ ഭാവനാ കൃതിയായോ മറ്റെന്തെങ്കിലുമൊക്കെയായോ നമുക്ക് നമ്മുടെ നിലയ്ക്കൊത്ത് തീരുമാനിക്കാം. എന്നാൽ, ഏതൊരു കൃതിയും കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥകളുടെ നേർച്ഛേദം തന്നെയാകുന്നു എന്നതിലൊന്നും ആർക്കും തർക്കമുണ്ടാകില്ല. ആ തർക്കമില്ലായ്മയിലൂടെത്തന്നെ സഞ്ചരിക്കുമ്പോൾ കാണാനാകുന്നത് ഇന്നു ചിലർ കൊട്ടിഘോഷിക്കുന്ന ജാതി വ്യവസ്ഥാ ചിന്ത ഒന്നും തന്നെ ഭാരതീയ സംസ്കൃതിയിൽ ഇല്ല എന്നു തന്നെയാണ്.

നോക്കൂ, വനവാസത്തിനു പുറപ്പെട്ട ശ്രീരാമ സീതാ ലക്ഷ്മണന്മാർ എത്തിച്ചേർന്നത് ശൃംഹരി വേരപുരം എന്ന സ്ഥലത്താണ്. ആ ദിക്കിന്‍റെ അധിപൻ ഗുഹനാണ്. ഇന്നത്തെ നിലയിൽ പറഞ്ഞാൽ വേടജാതിയിൽപ്പെട്ടവൻ. ശ്രീരാമൻറെ ചങ്ങാതി! ക്ഷത്രിയനായ ശ്രീരാമൻ, വേടനായ അഥവാ ശൂദ്രനായ ഗുഹൻ.

ഇവർ തമ്മിൽ ചങ്ങാത്തമോ?! ഇപ്പോൾ പലരും പറയുന്ന അർഥത്തിൽ ചിന്തിച്ചു പോയാൽ അവിശ്വസനീയമായി തോന്നും.

ശ്രീരാമനെ കണ്ടു കഴിയുമ്പോൾ ഗുഹൻ സന്തോഷ തിമർപ്പിലാകുകയാണ്. എന്താണ് താൻ സമർപ്പിക്കേണ്ടത് എന്ന നിശ്ചയം ഇല്ലാതായിത്തീരുന്നു. എന്തും സമർപ്പിക്കാൻ തയാറാണ്. എന്തു സമർപ്പിച്ചാലാണ് മതിയാകുക!

ശ്രീരാമ ഭക്തിയാൽ സ്വയം മറന്നുപോകുന്ന ഗുഹൻ. രാമ പാദത്തിൽ വീഴുന്നു.

"പെട്ടെന്നെടുത്തെഴുന്നേൽപ്പിച്ചു

വക്ഷസി തുഷ്ട്യാദൃഢ-

മണച്ചാശ്ശേഷവും ചെയ്തു.'

ശ്രീരാമചന്ദ്രൻ തന്‍റെ പാദത്തിൽ നമസ്കരിച്ച ഗുഹനെ തൊടാതെ മാറി നിൽക്കുകയല്ല പ്രത്യുത; പിടിച്ചെഴുന്നേൽപ്പിക്കുന്നു മാറോട് ചേർത്ത് ആശ്ശേഷിക്കുന്നു!

"ധന്യനായേനടിയനിന്നു കേവലം

നിർണയം നൈഷാദ ജന്മവും പാവനം'

എന്നാണു ഗുഹൻ പറയുന്നത്.

ഏതു ജന്മം, ഏതു യോനി, ഏതു കുലം, ഏതു വേഷം ഇതൊന്നും ഭക്തിയുടെ മുന്നിൽ ഒരു വിലങ്ങുമല്ല. തന്‍റെ അധീനതയിലുള്ള ഈ ദിക്കു പോലും കൊടുക്കാൻ നിസീമമായ ഭക്തികൊണ്ട് ഗുഹൻ തയാറാവുകയാണ്. തനിക്കായി ഒന്നും വേണ്ടെന്നു പറയുന്ന ശ്രീരാമചന്ദ്രൻ, ലോകത്ത് എന്തും അർപ്പിക്കുന്നതിലും വലുതാണ് മനസർപ്പിക്കുക എന്നും ചൂണ്ടിക്കാട്ടുന്നു.

മനസർപ്പിച്ചാൽ എല്ലാം അർപ്പിച്ചതിനു തുല്യമായിക്കഴിഞ്ഞു എന്നതാണ് സത്യം. മനസിനപ്പുറമല്ലല്ലോ മറ്റൊന്ന്. അതുകൊണ്ടാണ് പറയുന്നത്,

"മനമലരറുത്ത് മഹേശ പൂജ ചെയ്യും

മനുജനു മറ്റൊരു പൂജ ചെയ്തിടേണ്ട'

മനസിലാണ് ചിന്ത, ക്ഷോഭങ്ങൾ, വികാരങ്ങൾ എല്ലാം നടമാടുന്നത്. അതനുസരിച്ച് പല കർമങ്ങളിലും പോയിപ്പെടുന്നു. ആ മനസു തന്നെ സമർപ്പിക്കപ്പെട്ടാൽ പിന്നെയെന്തു വേണം?!

പട്ടുമെത്തയിൽ കിടന്നുറങ്ങേണ്ടിയിരുന്ന ശ്രീരാമനും മറ്റും പുൽത്തറയിൽ കിടന്നുറങ്ങുക!

ഇതിനൊക്കെ കാരണം..?

വലിയൊരു ആത്മീയ സത്യം ആ നിമിഷം കവി രേഖപ്പെടുത്തുന്നു.

"പൂർവജന്മാർജിത കർമമത്രേ ഭൂവി

സർവ ലോകർക്കും സുഖദുഃഖ കാരണം'

ആരും ആരുടെയും സുഖത്തിനോ ദുഃഖത്തിനോ കാരണമാകുന്നില്ല.

മുജ്ജന്മങ്ങളിൽ ആർജിച്ച പാപ പുണ്യങ്ങൾക്ക് അനുസൃതമായാണ് ഇങ്ങനെയെല്ലാം അനുഭവിക്കേണ്ടിവരുന്നത്.

വലിയൊരു കർമസിദ്ധാന്തമാണിത്.

"ദുഃഖ സുഖങ്ങൾ ചെയ്‌വതിന്നാരും

ഉൾകാമ്പിലോർത്തു കണ്ടായില്ല നിർണയം'

ആർക്കും ആരെയും സന്തോഷിപ്പിക്കാനോ ദുഃഖിപ്പിക്കാനോ കഴിയില്ല .

സുഖവും ദുഃഖവും ജനിക്കുന്നത് അവരവരുടെ മനസിൽ തന്നെയാണ്. മനഃശാസ്ത്രവും അതുതന്നെയല്ലേ പറയുന്നത്?!

അതു ജനിപ്പിക്കുന്നതോ, ചില സംഭവങ്ങളോ അനുഭവങ്ങളോ ആയിരിക്കാം. ആ സംഭവങ്ങളും അനുഭവങ്ങളും എത്തുന്നത് നമ്മുടെ പ്രവൃത്തിയുടെ ഫലമാണു താനും. ഫലം മുഴുവൻ അനുഭവിക്കാതെ ഭൂമി വിട്ടാൽ പിന്നീടു ജന്മമെടുത്തു പഴയ കർമഫലം അനുഭവിച്ചു പൂർണത കൈക്കൊള്ളണം. അതുകൊണ്ടുതന്നെ, നല്ലതു ചെയ്തിട്ടും ദുഃഖം വരുന്നു, മോശം ചെയ്തിട്ടും സന്തോഷം വരുന്നു എന്നൊക്കെയുള്ള ഭേദചിന്തയ്ക്ക് ഒരു ഉത്തരം കൂടിയാണ് മുജ്ജന്മ ഫലം എന്ന കർമസിദ്ധാന്തം.

(നാളെ: ചില അർഥതലങ്ങൾ )

കക്കയം ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പുയരുന്നു

പാർട്ടിയെ വെട്ടിലാക്കിയ ഫോൺവിളി; പ്രവർത്തകന് താക്കീത് നല്‍കിയതാണെന്ന് പാലോട് രവി

വിവാദ ഫോൺ സംഭാഷണം: ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് പാലോട് രവി

ചത്തീസ്ഗഡിലും ഝാർഖണ്ഡിലും ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ