റംസാന്‍റെ അകം പൊരുൾ

 
Ramzan

റംസാന്‍റെ അകം പൊരുൾ

ഓരോ അവയവങ്ങൾക്കും നോമ്പ് ബാധകമാണ്.

MV Desk

അൽഅമീൻ ബീമാപള്ളി

(ചീഫ് ഇമാം, മസ്ജിദ് റഹ്‌മാൻ)

സത്യവിശ്വാസികളേ, വീണ്ടുമൊരു റംസാൻ വ്രതകാലമെത്തിയിരിക്കുന്നു. നിങ്ങളുടെ മുമ്പുള്ളവരോട് കൽപ്പിച്ചിരുന്നത് പോലെ തന്നെ നിങ്ങൾക്കും നിർബന്ധമായി നോമ്പു കൽപ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ (ഖുർആൻ 2:183) പൂർവകാലം മുതൽ നോമ്പ് അനുഷ്ഠാനമാക്കിയിരിക്കുന്നത്. വിവിധ മതങ്ങൾ നോമ്പ് വ്രതമായി സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ പരിപൂർണ്ണവും ദൈർഘ്യമേറിയതുമായ ഒരു ഇബാദത്തായിട്ടാണ് മതം വിഭാവന ചെയ്യുന്നത്. പ്രഭാതം മുതൽ പ്രദോഷം വരെയുള്ള ഉപവാസം ഇസ്‌ലാമിന്‍റെ മാത്രം വിതര്യക്തതയാണ്. ഓരോ അവയവങ്ങൾക്കും നോമ്പ് ബാധകമാണ്. സകല തിന്മകളിൽ നിന്നും മാറി നിൽക്കണം. നിഷിദ്ധമായതൊന്നും ചെയ്തുകൂടാ, സുകൃതങ്ങൾ കൊണ്ട് ആവരണം ചെയ്യപ്പെടേണ്ട ദിനങ്ങളാണ്.

നന്മകളാൽ മുച്ചൂടും വലയം ചെയ്യപ്പെടേണ്ടതും തിന്മകൾ നിഷ്കാസനം ചെയ്യപ്പെടേണ്ടതുമാണ്. അരുതായ്മകളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകേണ്ട മാസവുമാണത്. വിശ്വാസികൾക്ക് നന്നാകുവാൻ എളുപ്പമുള്ള മാസവും കൂടിയാണ് വിശുദ്ധ റംസാൻ.

പ്രവാചകൻ (സ്വ) അരുൾ ചെയ്തതായി അബീഹുറൈറ(റ)നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം. റംസാനിലെ ആദ്യ രാവ് സമാഗതമായാൽ പിശാചുക്കളും ജിന്നുകളിലെ അതിക്രമികളും ചങ്ങലക്കിടപ്പെടും. നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടും. അതിൽ ഒരു വാതിലും പിന്നീട് (ആ മാസത്തിൽ) തുറക്കപ്പെടുകയില്ല. സ്വർഗ കവാടങ്ങൾ മലർക്കെ തുറക്കപ്പെടും. അതിലെ ഒരു വാതിലും (ആ മാസത്തിൽ) അടയ്ക്കപ്പെടുകയില്ല. ഒരു വിളംബരക്കാരൻ ഇങ്ങനെ വിളിച്ചു പറയും, നന്മകാംക്ഷിക്കുന്നവനേ, മുന്നോട്ടു വരൂ തിന്മകൾ കൊതിക്കുന്നവനെ പിറകോട്ട് മാറൂ. റംസാനിലെ എല്ലാ രാവിലും അല്ലാഹുവിന് നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന ചിലയാളുകളുണ്ട് (സുനനു തിർമിദി 682, ഇബ്നുമാജ 1642) അതിനാൽ അല്ലാഹു അടിമകൾക്ക് അവൻ കനിഞ്ഞരുളിയ ഈ മാസം അർഹമായ രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചു വിട്ടു, കണ്ടക്റ്റർക്ക് സ്ഥലം മാറ്റം

യുവതിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ഇന്ത്യയെ കര കയറ്റി ദുബെ; നെതർലൻഡ്സിന് 194 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാൻ സിപിഎം നീക്കം; വിശദാംശങ്ങൾ കൈമാറാതെ ആന്‍റണി രാജു

ടൂറിസ്റ്റുകൾ എത്തുന്നത് നാട്ടിലെ 'ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല'; ബാർ പ്രവർത്തന സമയം നീട്ടിയതിനെതിരേ ക്രൈസ്തവ സംഘടനകൾ