പഞ്ചസാരപ്പാനിയിൽ മുക്കിയ ഇഡ്ഡലിയുടെ സാങ്കൽപ്പിക ചിത്രം.
MV
സോഷ്യൽ മീഡിയയിൽ രസ്ഗുലയെയും ഇഡ്ഡലിയെയും താരതമ്യം ചെയ്ത വിവാദത്തിൽ ശശി തരൂർ കോസ്മോളജി വരെ ചേർത്ത് ഇടപെടുന്നു. രസ്ഗുലയുടെ പാൽഘടകങ്ങളും ഇഡ്ഡലിയുടെ പുളിപ്പിച്ച അരി-ഉഴുന്ന് മാവും രണ്ട് വ്യത്യസ്ത ‘സാമ്രാജ്യങ്ങൾ’ ആണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇഡ്ഡലിയെ ബയോടെക്നോളജി മാസ്റ്റർക്ലാസായി വിശേഷിപ്പിച്ച തരൂരിന്‍റെ പോസ്റ്റ് നെറ്റിസൺസിനെ ചിരിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ എപ്പോൾ, ഏത് വിഷയത്തിലാണ് തർക്കം മൂക്കുക എന്നു പറയാൻ കഴിയില്ല. ബംഗാളിന്‍റെ സ്വന്തം രസ്ഗുലയും തെക്കേ ഇന്ത്യയുടെ ജീവനായ ഇഡ്ഡലിയും തമ്മിലുള്ള മുട്ടൻ അടിയാണ് ഏറ്റവും പുതിയ ചർച്ചാവിഷയം. സായന്തിക എന്ന എക്സ് (X) ഉപയോക്താവ് ബംഗാളി മധുരപലഹാരങ്ങളായ മിഷ്ടി ദോയിയുടെയും രസ്ഗുലയുടെയും രുചി എങ്ങനെ മറ്റുള്ളവർക്ക് വിവരിച്ചു കൊടുക്കും എന്നു ചോദിച്ചിടത്താണ് കഥയുടെ തുടക്കം. ഇതിനു മറുപടിയായി '@crazyxedi' എന്ന ഉപയോക്താവ്, "പഞ്ചസാരപ്പാനിയിൽ മുക്കിയ ഇഡ്ഡലി മാത്രമാണ് രസ്‌ഗുല" എന്നും അതൊരു ഓവർറേറ്റഡ് സ്വീറ്റാണെന്നും പരിഹസിച്ചു.
രസ്ഗുലയെ ഇഡ്ഡലിയോട് ഉപമിച്ചതോടെ തെക്കേ ഇന്ത്യക്കാരുടെ വികാരം വ്രണപ്പെട്ടു. എന്നാൽ, ഇതിലും വലിയൊരു ട്വിസ്റ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിവുപോലെ ആധികാരികമായ ഇംഗ്ലിഷ് പദാവലികളുമായി സാക്ഷാൽ ശശി തരൂർ എംപി ഈ 'ഭക്ഷണ യുദ്ധ'ത്തിലേക്ക് നേരിട്ട് എടുത്തുചാടി!
'ഇത് വെറും പാചകപ്പിഴവല്ല, പ്രപഞ്ച ശാസ്ത്രപരമായ തെറ്റിദ്ധാരണയാണ്!': തരൂർ
രസ്ഗുലയെയും ഇഡ്ഡലിയും തമ്മിൽ താരതമ്യം ചെയ്തതിനെ തരൂർ നേരിട്ടത് തനത് ശൈലിയിലാണ്. "രസ്ഗുലയെ ഇഡ്ഡലിയുമായി കൂട്ടിക്കുഴയ്ക്കുന്നത് ഒരു പാചകപ്പിഴവ് മാത്രമല്ല; അതൊരു ആഴത്തിലുള്ള കോസ്മോളജിക്കൽ (Cosmological) തെറ്റിദ്ധാരണയാണ്!" തരൂർ കുറിച്ചു.
രണ്ടിന്‍റെയും ശാസ്ത്രീയ വശങ്ങൾ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ:
"ഇവിടെ അവർ താരതമ്യം ചെയ്യുന്നത് പാലിന്‍റെ മൃദു ഘടകമായ ഛേനയെയും (Chhena), പുഴുക്കലരിയും ഉഴുന്നും കൃത്യമായ അനുപാതത്തിൽ പുളിപ്പിച്ചെടുത്ത മാവിനെയുമാണ്. ഇവയുടെ ഘടനകൾ തികച്ചും വ്യത്യസ്തമായ രണ്ട് സാമ്രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഒന്ന് പഞ്ചസാരപ്പാനി ഒപ്പിയെടുക്കാൻ പാകത്തിലുള്ള സ്പോഞ്ച് പോലെയുള്ളതെങ്കിൽ, മറ്റേത് സങ്കീർണമായ കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും നിറഞ്ഞ, കട്ടിയുള്ളതും പോഷകഗുണമുള്ളതുമായ മാട്രിക്സ് ആണ്. അവയുടെ രുചി, ഘടന, അസ്ഥിത്വം എന്നിവ തമ്മിൽ യാതൊരു ബന്ധവുമില്ല."
ഇഡ്ഡലി ഒരു ബയോടെക്നോളജി മാസ്റ്റർ ക്ലാസ്സ്!
''തണുത്ത രാത്രിയിൽ പ്രകൃതിദത്തമായ പുളിപ്പിക്കൽ പ്രക്രിയയിലൂടെ മൈക്രോഫ്ലോറയുടെ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തി ഉണ്ടാക്കിയെടുക്കുന്ന ഒരു ആവി മേഘമാണ് ഇഡ്ഡലി''
ഇഡ്ഡലിയെ ഒരു സാധാരണ 'രുചിയില്ലാത്ത കേക്ക്' എന്ന് വിളിക്കുന്നതിനെ തരൂർ ശക്തമായി എതിർത്തു. "ഇഡ്ഡലി എന്നത് ബയോടെക്നോളജിയിലെ ഒരു മാസ്റ്റർക്ലാസ്സ് ആണ്. തണുത്ത രാത്രിയിൽ പ്രകൃതിദത്തമായ പുളിപ്പിക്കൽ പ്രക്രിയയിലൂടെ മൈക്രോഫ്ലോറയുടെ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്തി ഉണ്ടാക്കുന്ന ഒരു 'ആവി മേഘം' ആണത്. അത് വയറിന്‍റെ ആരോഗ്യത്തിനും പോഷകഗുണത്തിനും മികച്ചതാണ്.
ദക്ഷിണേന്ത്യൻ പാചക പ്രതിഭയുടെ പ്രതീകമായ ഇഡ്ഡലി, സ്വാദേറിയ സാമ്പാറും നല്ലെണ്ണയോ നെയ്യോ ചേർത്ത മുളകുപൊടിയും കൃത്യമായി ആഗിരണം ചെയ്യാൻ പാകത്തിൽ എൻജിനീയറിങ് ചെയ്തെടുത്ത ഒന്നാണ്."
പഞ്ചസാരപ്പാനിയിൽ മുങ്ങിത്താഴാൻ കഴിയാത്ത വിധം ഇഡ്ഡലിക്ക് അതിന്‍റെതായ അന്തസ്സുണ്ടെന്നും തരൂർ തമാശയായി കൂട്ടിച്ചേർത്തു. "മാഡം, രസ്ഗുലയുടെ മധുരത്തെക്കുറിച്ച് നിങ്ങൾക്ക് തർക്കിക്കാം. പക്ഷേ, ഇഡ്ഡലിയുടെ ആ പ്രൗഢമായ മഹിമയെ നിങ്ങളുടെ ഡെസേർട്ട് ടേബിളിലെ തർക്കങ്ങളിലേക്ക് ദയവായി വലിച്ചിഴയ്ക്കരുത്!" എന്ന് പറഞ്ഞാണ് തരൂർ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തരൂരിന്‍റെ കുറിപ്പ് കണ്ട് വിശന്നുപോയെന്ന് നെറ്റിസൺസ്
രസ്‌ഗുല
തരൂരിന്‍റെ ഈ വിശദീകരണം സോഷ്യൽ മീഡിയയിൽ വലിയ ചിരിക്ക് വഴിതുറന്നു. തരൂരിന്‍റെ പോസ്റ്റ് വായിച്ചതോടെ രാത്രി ഭക്ഷണത്തിന് ഇഡ്ഡലി ഓർഡർ ചെയ്യാൻ തോന്നിയെന്നാണ് പലരും കമന്‍റ് ചെയ്തത്. ചിലർ 'എങ്കിൽ ഇഡ്ഡലി പഞ്ചസാരപ്പാനിയിൽ മുക്കി തിന്നാൽ എന്താകും?' എന്ന ചോദ്യവുമായി മറ്റു ചില പരീക്ഷണ കുതുകികളും എത്തി.
ഭക്ഷണ വിദഗ്ധരും ഷെഫുമാരും തരൂരിന്‍റെ ഈ ബയോടെക്നോളജി വാദത്തെ അനുകൂലിക്കുന്നുണ്ട്. അരിയും ഉഴുന്നും പുളിക്കുമ്പോൾ ഉണ്ടാകുന്ന ലാക്ടോബാസിലസ് പോലുള്ള ബാക്റ്റീരിയ ശരീരത്തിന് ആവശ്യമായ ബി-വൈറ്റമിനുകൾ ഉത്പാദിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുമെന്നാണ് സയൻസ് പറയുന്നത്. അതുകൊണ്ട് ഇഡ്ഡലി എന്നത് വെറും ഭക്ഷണമല്ല, നമ്മുടെ പൂർവികർ കണ്ടെത്തിയ കൺട്രോൾഡ് സ്പോയിലേജ് (Controlled spoilage) വിദ്യയാണ് എന്നും പറയാം.
എന്തായാലും, രസ്ഗുലയും ഇഡ്ഡലിയും തമ്മിലുള്ള ഈ പോര് ഇന്‍റർനെറ്റിൽ ഇപ്പോഴും ആളിക്കത്തുകയാണ്. ഒരു പ്ലേറ്റ് ഇഡ്ഡലി സാമ്പാറിൽ മുക്കി കഴിക്കുന്ന സുഖം രസ്ഗുലയ്ക്ക് തരാൻ കഴിയില്ലെന്നാണ് തെക്കേ ഇന്ത്യക്കാരുടെ അന്തിമ വിധി!