കാഞ്ചി മഠത്തിന് ഇളയ മഠാധിപതി

 
Lifestyle

കാഞ്ചി മഠത്തിന് ഇളയ മഠാധിപതി

ദീക്ഷ സ്വീകരിച്ച് സത്യചന്ദ്രശേഖര സരസ്വതി; കാഞ്ചി കാമകോടി പീഠത്തിന്‍റെ എഴുപത്തൊന്നാം ശങ്കരാചാര്യരാകുന്നത് ആന്ധ്രയിൽ നിന്നുള്ള ഋഗ്വേദ പണ്ഡിതൻ

കാഞ്ചീപുരം: കാഞ്ചി കാമകോടി പീഠത്തിന്‍റെ ഇളയ മഠാധിപതിയായി ആന്ധ്രപ്രദേശിൽ നിന്നുള്ള ഋഗ്വേദ പണ്ഡിതൻ ശ്രീ സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി ശങ്കരാചാര്യ അഭിഷിക്തനായി. മഠാധിപതി ശ്രീ ശ്രീ വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യയാണു പിൻഗാമിക്കു സന്ന്യാസ ദീക്ഷ നൽകിയത്. കാഞ്ചി കാമാക്ഷി അമ്മാൾ ദേവസ്ഥാനത്തെ പഞ്ചഗംഗ തീർഥത്തിൽ അക്ഷയതൃതീയയോട് അനുബന്ധിച്ചായിരുന്നു ചടങ്ങുകൾ.

ആന്ധ്രപ്രദേശിലെ അന്നാവാരം സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ സത്യചന്ദ്രശേഖരേന്ദ്ര സരസ്വതി. ദുഡ്ഡു സത്യ വെങ്കട്ട സൂര്യ സുബ്രഹ്മണ്യ ഗണേശ ശർമ ദ്രാവിഡ് എന്നാണു പൂർവാശ്രമത്തിലെ പേര്. തെലങ്കാനയിലെ നിസാമാബാദ് ബസറയിലുള്ള ശ്രീ ജ്ഞാനസരസ്വതി ദേവസ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു. യജുർവേദം, സാമവേദം, ഷഡാംഗങ്ങൾ, ദശോപനിഷത്ത് എന്നിവയിലടക്കം ആഴത്തിലുളള അറിവു നേടിയിട്ടുണ്ട്.

അന്നാവാരം ശ്രീ സത്യനാരായണ സ്വാമി ക്ഷേത്രത്തിലെ പൂജാരി കൂടിയായ അച്ഛൻ ദുഡ്ഡു ധന്വന്തരി, അമ്മ അളിവേലു മംഗദേവി, സഹോദരി എന്നിവരുടെ സാന്നിധ്യത്തിലാണു സന്ന്യാസ ദീക്ഷാ സ്വീകരണച്ചടങ്ങുകൾ നടന്നത്.

കാഞ്ചി കാമകോടി പീഠത്തിന്‍റെ എഴുപത്തൊന്നാം ശങ്കരാചാര്യരാണ് സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി. പഞ്ചഗംഗ തീർഥത്തിലെ ചടങ്ങുകൾക്കു പുറമേ ശ്രീ കാമാക്ഷി ക്ഷേത്രത്തിലെ കാമാക്ഷി അമ്മാൾ സന്നിധിയിലും ജഗദ്ഗുരു ശങ്കരാചാര്യ സന്നിധിയിലും പ്രത്യേക പൂജകൾ നടന്നു.

കൂടാതെ ശ്രീ ശങ്കരാചാര്യ സന്നിധി, ശ്രീ സുരേശ്വരാചാര്യ സന്നിധി എന്നിവിടങ്ങളിലും പ്രത്യേക ചടങ്ങുകളുണ്ടായി. ഇതിനു ശേഷം ഇളയ മഠാധിപതി, ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെയും ജയേന്ദ്ര സരസ്വതിയുടെയും സമാധികളിൽ ദർശനം നടത്തി.

തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്‌ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നു പ്രതിനിധികൾ പ്രസാദവുമായി ചടങ്ങിനെത്തി. ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ 2543ാം ജയന്തിയാഘോഷം നാളെ നടക്കാനിരിക്കെയാണു കാഞ്ചി പീഠത്തിന്‍റെ പരമ്പരയിൽ പുതിയ കണ്ണിയെത്തിയത്.

482 ബിസിഇയിൽ ശങ്കരാചാര്യർ സ്ഥാപിച്ചതാണു കാഞ്ചി പീഠം. ഇപ്പോഴത്തെ മഠാധിപതി വിജയേന്ദ്ര സരസ്വതി 1983ൽ 15ാം വയസിലാണ് ഇളയമഠാധിപതിയായി സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. അറുപത്തൊമ്പതാം ശങ്കചാരാചാര്യർ ജയേന്ദ്ര സരസ്വതിയാണ് ദീക്ഷ നൽകിയത്. സത്യചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ സ്ഥാനാരോഹണച്ചടങ്ങുകളിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു