Maha Shivaratri

ശിവരാത്രി ആഘോഷിക്കാൻ പാഴൂർ പെരുംതൃക്കോവിൽ

പ്രിൻസ് ഡാലിയ

പിതൃതർപ്പണത്തിനെത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ തൃപ്പാഴൂർ മണൽപ്പുറവും പെരുംതൃക്കോവിൽ മഹാദേവ സന്നിധിയും ഒരുങ്ങി. ജില്ലയിൽ ആലുവ കഴിഞ്ഞാൽ പിതൃതർപ്പണത്തിന് ഏറ്റുവും കൂടുതൽ ഭക്തരെത്തുന്ന കേന്ദമാണ് പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം.

കാളിയാറും, കോതയാറും, തൊടുപുഴയാറും ചേർന്ന് മൂവ്വാറായി (മൂവാറ്റപുഴ) പടിഞ്ഞാട്ടൊഴുകി വേമ്പനാട്ടുകായലിൽ പതിക്കുന്ന പുഴ പാഴൂർ ഭാഗത്ത് മാത്രം വട്ടം തിരിഞ്ഞ് കിഴക്കോട്ടൊഴുകുന്നത് കാണാം. ഐതീഹ്യമാലയിലടക്കം പ്രതിപാദിക്കുന്ന പാഴൂർ ഭാഗ്യ (പാഴൂർ പത്ത്) ങ്ങളിൽ ആദ്യത്തേത് ഈ പുഴയെ സംബന്ധിച്ചതാണ്. 'പാഴൂർ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം'എന്നതാണ് പാഴൂർ പത്തിലെ പ്രഥമ ഭാഗ്യം.

ഭാഗ്യങ്ങൾ പൂത്ത പാഴൂരിൽ സ്വയഭൂവായ മഹദേവ ചൈതന്യം കുടികൊളളുന്ന ക്ഷേത്രമാണ് പ്രസിധമായ പാഴൂർ പെരുംതൃക്കോവിൽ. പുഴയിലേയ്ക്ക് തളളി നിൽക്കുന്ന മുനമ്പിൽ കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.ക്ഷേത്രത്തിന്‍റെ ഏറെക്കുറെ മൂന്ന് ഭാഗവും പുഴയാണ്. ക്ഷേത്രത്തിൽ നിവേദ്യം വയ്ക്കുന്നതിനും അഭിഷേകത്തിനുമെല്ലാം പുഴയിലെ വെളളം തന്നെ വേണമെന്നാണ് വ്യവസ്ഥ.

ക്ഷേത്രത്തിന് നേരെ മുന്നിൽ പുഴയുടെ മധ്യത്തിൽ പ്രകൃതി കനിഞ്ഞരുളിയ വരദാനമാണ് ആയിരങ്ങൾ പിതൃ തർപ്പണം നടത്തുന്ന ശിവരാത്രി മണൽപ്പുറം. പ്രകൃതിയുടെ ഈ വരദാനം ഇന്നും പാഴൂരിന്‍റെ പുണ്യമാണ്.

മഹാശിവരാത്രിയായ മാർച്ചു 8 വെള്ളിയാഴ്ച നേരം പുലരുന്നതോടെ പാഴൂരിലേയ്ക്ക് ഭക്തരെത്തിത്തുടങ്ങും രാവിലെ 8.30 ന് പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവേലിക്ക് എഴുന്നള്ളിക്കും.കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാൻ വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരവും, തൃശൂർ പൂരപ്രമാണി വീരശൃംഖല ജേതാവ് വാദ്യകലാരത്നം ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അകമ്പടിയാകും.

ഉച്ചക്ക് 12 ന് മാമലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നുള്ള അഭിക്ഷേക കാവടി ഘോഷയാത്ര എത്തിച്ചേരും.തുടർന്ന് ഉച്ചക്ക് 1 മണിക്ക് " മഹാപ്രസാദ ഊട്ട് " നടക്കും. വൈകിട്ട് 4 ന് കാഴ്ച ശീവേലിക്ക് നാദസ്വരം അകമ്പടിയാകും.

വൈകിട്ട് 7 ന് മതിൽക്കകത്ത്‌ പാഴൂർ പടിപ്പുര ശ്യാ൦കിഷോറിന്‍റെ സംഗീത കച്ചേരി, 8 ന് മണൽപ്പുറത്ത് നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും.

രാത്രി 11.30 ന് പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവരാത്രി വിളക്കിനായി മണപ്പുറത്തേക്ക് എഴുന്നള്ളിക്കും. വാദ്യകലാപ്രതിഭ പാഴൂർ ഉണ്ണിചന്ദ്രന്‍റെ പ്രമാണത്തിൽ പാണ്ടിമേളം, കേളി,കൊമ്പ്പറ്റ്, കുഴൽപ്പറ്റ്, ചെണ്ടമേളം എന്നിവയോടെ വിളക്കാചാരമുണ്ട്. വിളക്കാചാരം കഴിഞ്ഞ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ മണപ്പുറത്തെ ബലിത്തറകളിൽ പിതൃതർപ്പണമന്ത്രങ്ങൾ മുഴങ്ങും.

മണൽപ്പുറത്തേക്ക് കടക്കാൻ വിനോദ സഞ്ചാര വകുപ്പിന്‍റെ മഴവിൽപ്പാലത്തിന് ഒപ്പം താത്കാലിക പാലവുമുണ്ട്.

മണൽപ്പുറത്തേക്ക് കടക്കാൻ മഴവിൽപ്പാലവും തിരിച്ച് ക്ഷേത്രത്തിലേക്ക് വരാൻ താത്കാലിക പാലവും ഉപയോഗിക്കാം നേരിട്ട് ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് മുഖ്യ കവാടം കടന്ന് ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിന് പിന്നിൽ പാഴൂർ - കക്കാട് കരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൽ നിയന്ത്രണമുണ്ടാകും.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

കെജ്‌രിവാൾ പുറത്തിറങ്ങി; ആഹ്ലാദപ്രകടനവുമായി പ്രവർത്തകർ|Video

പ്രജ്വൽ രേവണ്ണയ്ക്കെതിരേ പരാതി നൽകിയത് പൊലീസിന്‍റെ ഭീഷണി മൂലമെന്ന് പരാതിക്കാരി