വേനൽക്കാലമായി; ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ
എൻ. അജിത്കുമാർ
അത്യുഷ്ണത്തിന്‍റെ തീജ്വാലകള്‍ തീക്കാറ്റായി വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജലാശയങ്ങളും കിണറുകളും വറ്റി വരണ്ടു തുടങ്ങി. അതിനോടൊപ്പം പരീക്ഷാച്ചൂടുകൂടിയാകുമ്പോഴോ? വേനല്‍ക്കാല ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും വേനല്‍ച്ചൂടിന്‍റെ ശാസ്ത്രപരമായ വസ്തുതകളെക്കുറിച്ചും നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ.
സൂര്യനില്‍ നിന്നു പുറപ്പെടുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ABC എന്നിങ്ങനെ മൂന്നുതരമുണ്ട്. ഇതില്‍ A,B വിഭാഗത്തില്‍പ്പെടുന്നവയാണ് ശക്തിയേറിയവ. ചര്‍മ്മത്തിലേയും ചര്‍മ്മത്തിനടിയിലുള്ള കോശങ്ങളെയും നശിപ്പിക്കാന്‍ A,B രശ്മികള്‍ക്ക് കഴിയും. ശക്തമായ വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ പൊള്ളലും അസ്വസ്ഥതകളും ഉണ്ടാക്കുന്നത് അള്‍ട്രാവയലറ്റ് A,B രശ്മികളാണ്. വൃദ്ധജനങ്ങള്‍, ഹൃദ്രോഗമുള്ളവര്‍, കായികതാരങ്ങള്‍, റോഡ് പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം കഠിന വെയിലിനെ കരുതണം. തൈറോയിഡിന്‍റെ അമിതപ്രവര്‍ത്തനമുള്ളവര്‍ക്കും പ്രശ്‌നം ഗുരുതരമാകും. സോറിയാസിസ്, എക്‌സിമ, തുടങ്ങിയ ചര്‍മ്മരോഗമുള്ളവര്‍ക്ക് വിയര്‍പ്പ് കുറവായതിനാല്‍ അസ്വസ്ഥത കൂടുതലാകും. പൊണ്ണത്തടിയുള്ളവര്‍, കട്ടിയുള്ള യൂണിഫോം ധരിച്ച് ജോലിചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ വിയര്‍പ്പിലൂടെയുള്ള താപനഷ്ടം തടസ്സപ്പെടുന്നതുകൊണ്ട് അസ്വസ്ഥത കൂടാം.അമിതമായ വിയര്‍പ്പുമൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം, തുടര്‍ന്നുണ്ടാകുന്ന ക്ഷീണം,തളര്‍ച്ച, മൂത്രാശയരോഗങ്ങള്‍, കണ്ണുരോഗങ്ങള്‍, ശുദ്ധജലക്ഷാമം മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍,സൂര്യാഘാതം തുടങ്ങിയവയെല്ലാം നാം ഈ വേനല്‍ക്കാലത്ത് കരുതിയിരിക്കണം.
അമേരിക്കയിലെ എന്‍വയണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അള്‍ട്രാവയലറ്റ് വികിരണങ്ങളെ അവയുടെ വികിരണ തീവ്രതയും അപകടസാധ്യതയും മുന്‍നിറുത്തി പൂജ്യം മുതല്‍ 15 വരെ തീവ്രതയുള്ള അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അള്‍ട്രാവയലറ്റ് ഇന്‍ഡെക്‌സ് 6 മുതല്‍ 7 വരെയുള്ളത് തീവ്രം എന്ന കാറ്റഗറിയില്‍പ്പെടുന്നു. ഈ അവസരത്തില്‍ 25 മുതല്‍ 40 മിനിറ്റുവരെ സൂര്യതാപമേല്‍ക്കുന്നത് ചര്‍മ്മത്തില്‍ പൊള്ളലുണ്ടാക്കും.8-19 വരെയുള്ളത് അതിതീവ്ര വിഭാഗത്തില്‍പ്പെടും.10 മുതല്‍ 15 മിനിറ്റുവരെ ഈ അവസ്ഥയിലുള്ള വെയിലേല്‍ക്കുമ്പോള്‍ പൊള്ളലുണ്ടാകുന്നു.11-15 ഇന്‍ഡക്‌സിലുള്ളവയാണ് പരമതീവ്രം.10 മിനിറ്റ് ഈ തീവ്രതയിലുള്ള വെയിലേല്‍ക്കുമ്പോള്‍ പൊള്ളലുണ്ടാകും. ഈ ഇന്‍ഡക്‌സ് ആഗോളതലത്തില്‍ ഒരേപോലെ സ്വീകരിക്കാവുന്നതല്ല.
തലച്ചോറിലെ ഹൈപ്പോതലാമസാണ് നമ്മുടെ ശരീരതാപനില സുസ്ഥിരമായി നിലനിര്‍ത്തുന്നത്. കാലാവസ്ഥാ വ്യത്യാസമനുസരിച്ചും ശരീരപ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന നില മൂലവും ശരീരതാപനില ഉയരുമ്പോള്‍ ഹൈപ്പോതലാമസ് ശരീരതാപനില കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കുന്നു. ബാഷ്പീകരണം, വികിരണം, മറ്റുവസ്തുക്കളിലൂടെയുള്ള താപസംവഹനം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചര്‍മ്മത്തിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതും വിയര്‍പ്പിന്‍റെ അളവ് കൂട്ടുന്നതും ഹൈപ്പോതലാമസിന്‍റെ ഇടപെടലിലൂടെ ശരീരതാപം കുറയ്ക്കാന്‍ സഹായിക്കുന്ന ശരീരത്തിന്‍റെ കരുതല്‍ നടപടികളാണ്. വെയിലേറ്റ് ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നതോടെയാണ് ഹൈപ്പോതലാമസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. താപനില നിയന്ത്രിക്കാനായി വിയര്‍പ്പുഗ്രന്ഥികളെ പ്രവര്‍ത്തനക്ഷമമാക്കും. ഈ വിയര്‍പ്പ് ആവിയായിപ്പോകാനുള്ള ചൂട് ശരീരത്തില്‍ നിന്നു തന്നെ സ്വീകരിക്കുന്നതോടെ ശരീരം തണുക്കുന്നു. പക്ഷേ അന്തരീക്ഷ താപനില 40 ഡിഗ്രി കടന്നാല്‍ ഈ പ്രക്രിയ തകിടം മറിയും. സംഗതി ഗുരുതരമാകും. ആന്തരികാവയവങ്ങളായ കരള്‍, തലച്ചോര്‍, വൃക്കകള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം ഇതോടെ താളംതെറ്റും. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും വേഗത്തിലാകും. വെപ്രാളവും സ്ഥകാല വിഭ്രാന്തിയുമുണ്ടാകും. തക്കസമയത്ത് ശരിയായ പ്രഥമശുശ്രൂഷ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും.
കേരളത്തിലെ വേനല്‍ക്കാലത്തിന്‍റെ പ്രത്യേകത അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പനിലയാണ്. വിയര്‍പ്പ് ബാഷ്പീകരിച്ചുണ്ടാകുന്ന താപനഷ്ടം ഈ ഉയര്‍ന്ന ഈര്‍പ്പനിിലയില്‍ എളുപ്പമാകില്ല. ഇങ്ങനെയുണ്ടാകുന്ന ഉയര്‍ന്ന താപനിലയില്‍ അധികനേരം തുടര്‍ന്നാല്‍ ഹൈപ്പോതലാമസിന്‍റെ ഇടപെടല്‍ മൂലമുണ്ടാകുന്ന ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. അന്തരീക്ഷതാപനില 40 ഡിഗ്രിയില്‍ കൂടുന്നതോടെ അന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാകും. ഇത് മരണത്തിനു പോലും കാരണമാകാം.
കനത്ത വെയിലത്തുള്ള ജോലികള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കുശേഷം 3 മണിവരെ വേണ്ടെന്നു വയ്ക്കുക. വെയില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ജോലി കേന്ദ്രീകരിക്കുക. ജോലിക്കിടെ ധാരാളം ശുദ്ധജലവും ഉപ്പിട്ട കഞ്ഞിവെള്ളവും നാരാങ്ങാവെള്ളവും കുടിക്കുക. ഇയ്ക്കിടെ വിശ്രമിക്കുക. വെയിലില്‍ പുറത്തിറങ്ങുമ്പോള്‍ നല്ല വിസ്താരമുള്ളതും ഇളം നിറങ്ങളുള്ളതുമായ കുട ചൂടുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.
വേനല്‍ക്കാലത്തെ തീഷ്ണ വെയിലേറ്റാല്‍ അത് ആദ്യം ബാധിക്കുന്നത് ചര്‍മ്മത്തെയാണെന്ന് പറഞ്ഞല്ലോ. ചര്‍മ്മകോശങ്ങളിലെ വര്‍ണ്ണവസ്തുവായ ക്രോമോഫോറുകള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നു. ഇത് കോശങ്ങളിലെ ഡി.എന്‍.എ യുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. ചര്‍മ്മത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന ഘടകങ്ങളായ പ്രോസ്റ്റാഗ്ലാന്‍ഡിനുകളും പ്രോസ്റ്റാ സൈക്ലിങ്ങുകളും അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടും. ഇതോടെ ചര്‍മ്മത്തില്‍ നിറഭേദങ്ങളും പൊള്ളലും പ്രത്യക്ഷപ്പെടും.
വെയിലേറ്റ് 3 മുതല്‍ 5 മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതോടൊപ്പം വേദന, പുകച്ചില്‍ എന്നിവയുമുണ്ടാകും. നേര്‍ത്തപാളികളായി തൊലി ഇളകിപ്പോകാം. പനിയും വിറയലുമുണ്ടാകാം. വെയിലിന്‍റെ കാഠിന്യം എല്ലാവരിലും ഒരുപോലുള്ള പ്രശ്‌നങ്ങളല്ല ഉണ്ടാക്കുന്നത്. ചര്‍മ്മത്തിലെ വര്‍ണ്ണ വസ്തുവായ മെലാനിന്‍റെ അളവനുസരിച്ച് അള്‍ട്രാവയലറ്റ് രശ്മികളോടുള്ള ചര്‍മ്മത്തിന്‍റെ പ്രതികരണത്തിലും വ്യത്യാസമുണ്ട്.
കറുത്ത ചര്‍മ്മമുള്ളവരാണ് ഭാഗ്യവാന്മാര്‍. മെലാനിന്‍ കൂടുതലുള്ളതുകൊണ്ട് കറുത്ത ചര്‍മ്മത്തിന് അള്‍ട്രാ വയലറ്റ് രശ്മികളോടുള്ള പ്രതികരണം കുറവായിരിക്കും. മെലാനിന്‍ കുറവുള്ള വെളുത്ത ചര്‍മ്മമുള്ളവരിലാകട്ടെ അള്‍ട്രാവയലറ്റ് രശ്മികളോട് അമിതമായി പ്രതികരിക്കുന്നു.തൊലി നിറത്തെ കൂടാതെ, സൂര്യതാപത്തോടുള്ള ശരീരത്തിന്‍റെ പ്രതികരണം മറ്റു പലഘടകങ്ങളെക്കൂടി ആശ്രയിച്ച് വ്യത്യസ്തമായിരിക്കും. വസ്ത്രധാരണം, തൊഴില്‍, ജീവിതശൈലി, പ്രാദേശിക ഭൂപ്രകൃതി തുടങ്ങിയവയാണവ. ചിലര്‍ക്ക് വെയിലേല്‍ക്കുന്നതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ ചര്‍മ്മം ചൊറിഞ്ഞ് തടിക്കാം. സൂര്യപ്രകാശത്തോടുള്ള അലര്‍ജിയാണിതിനു കാരണം.
നിര്‍ജ്ജലീകരണം മൂലം ശരീരത്തിലെ ജലാംശം ഒരു പരിധിയില്‍ കുറഞ്ഞാല്‍ വൃക്കകള്‍ ശരീരത്തിലെ ജലം പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കും. ഇതിന്‍റെ ഫലമായി മൂത്രത്തിന്‍റെ അളവ് കുറയും. മൂത്രത്തിലെ മാലിന്യങ്ങളുടെ സാന്ദ്രതകൂടി കടുത്ത മഞ്ഞനിറമുള്ളതായിതീരും. ഇളം മഞ്ഞനിറമാണ് സാധാരണ മൂത്രത്തിന്‍റെ നിറം. നിര്‍ജ്ജലീകരണം ഗുരുതരമാവുകയാണെങ്കില്‍ മൂത്രത്തിന് തവിട്ടുകലര്‍ന്ന മഞ്ഞനിറമുണ്ടാകും. ഉടന്‍ ആവശ്യത്തിന് വെള്ളം കുടിക്കുക. ആശുപത്രിയിലെത്തിക്കുക.
ചില മരുന്നുകഴിക്കുന്നവര്‍ക്ക് മൂത്രത്തിന് കടും നിറമുണ്ടാകാം.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാ വെള്ളം എന്നിവയടക്കം ഒരു ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുക.
വൃക്കരോഗവും രക്താതിസമ്മര്‍ദ്ദവും പ്രമേഹവുമൊക്കെ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം പ്രകാരമുള്ള വെള്ളം കുടിക്കുക.
പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
മാംസാഹാരം കുറയ്ക്കുക.
കൃത്രിമ ശീതളപാനീയങ്ങള്‍, ബീര്‍ എന്നിവ താല്ക്കാലികമായി ദാഹം ശമിപ്പിക്കുമെങ്കിലും നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ.
അമിതമായ ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ അധ്വാനിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്കിടെ മരത്തണലില്‍ വിശ്രമിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കിടെ കുടിക്കുക.
സ്‌ക്കൂളുകളില്‍ തുറസ്സായ സ്ഥലത്ത് കുട്ടികളെ കളിക്കാനനുവദിക്കാതിരിക്കുക.
വെയിലത്ത് സ്‌ക്കൂള്‍കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ വേണ്ടെന്നു വയ്ക്കുക.
കൊടും വേനലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസ്സ് ഉപയോഗിക്കാം.അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.
കഠിന വെയിലേല്‍ക്കുന്നതിന്‍റെ ഫലമായി ശരീരത്തിന്‍റെ ചൂട് അമിതമായി വര്‍ദ്ധിക്കുന്നു. ഇതുമൂലം വിയര്‍ക്കലിന് തടസ്സമുണ്ടാകുന്നു. തുടര്‍ന്ന് നിര്‍ജ്ജലീകരണമുണ്ടാകുന്നു. ഈ അവസ്ഥയാണ് ഉഷ്ണ തപം അഥവാ ഹീറ്റ് സ്‌ട്രോക്ക്. ഉയര്‍ന്ന ചൂടുമായി ശരീരത്തിന് തുടര്‍ച്ചയായ സമ്പര്‍ക്കമുണ്ടാകുമ്പോഴാണ് ഹീറ്റ്‌സ്‌ട്രോക്ക് ഉണ്ടാകുന്നത്. ഉഷ്ണ താപത്തിനുള്ള സാധ്യത മറ്റിടങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലയിലുള്ളവര്‍ക്ക് നന്നേ കുറവായിരിക്കും.അന്തരീക്ഷതാപനില അനിശ്ചിതമായ കാലയളവില്‍ ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണ തരംഗം അഥവാ ഹീറ്റ് വേവ്.
320 നാനോ മീറ്ററിനു താഴെ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ക്കാണ് സൂര്യതാപം ഉണ്ടാക്കാന്‍ ശേഷിയുള്ളത്.അന്തരീക്ഷം നീരാവി നിറഞ്ഞ് ആര്‍ദ്രത കൂടിയ അവസ്ഥയില്‍ തുടരുന്നു. ഉഷ്ണതരംഗമുള്ളപ്പോള്‍ താപനില ക്രമമായി ഉയര്‍ന്ന് മനുഷ്യശരീരത്തിന് താങ്ങാവുന്നതിലപ്പുറമുള്ള അവസ്ഥയിലെത്തുന്നു. ഉഷ്ണ തരംഗങ്ങള്‍ പൊതുവായി അപകടകരമാവാറുള്ളത് ഉഷ്ണമേഖലയ്ക്ക് പുറത്ത്, മുപ്പത് ഡിഗ്രി അക്ഷാംശത്തിനു മുകളിലുള്ള മേഖലകളിലാണ്.
2003-ല്‍ യൂറോപ്പിലാണ് ഏറ്റവും വിനാശകരമായ ഉഷ്ണ തരംഗം അനുഭവപ്പെട്ടത്. മുപ്പത്തയ്യായിരത്തോളം ആളുകള്‍ക്കാണ് ഉഗ്രമായ ചൂടില്‍ വന്‍കരയിലാകെ ജീവാപായമുണ്ടായത്. ഉഗ്രമായ ചൂടില്‍ ഫ്രാന്‍സില്‍ മാത്രം പതിനാലായിരത്തോളം പേര്‍ മരണമടഞ്ഞു.ഉഷ്ണ തരംഗങ്ങള്‍ മൂലമുള്ള തീഷ്ണമായ താപപ്രസരണമാണ് താപവിസ്‌ഫോടനം .കടല്‍ത്തീര പ്രദേശങ്ങളില്‍ ഇതിനുള്ള സാധ്യത വളരെ കുറവായിരിക്കും.
ചൂടുകൂടിയ കാലാവസ്ഥയാല്‍ ഓരോരുത്തരും അവരുടെ ഓരോ കിലോ ഭാരത്തിനുമനുസരിച്ച് ഒന്നര ഔണ്‍സ് വെള്ളം വെച്ച് കുടിക്കണം.വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഏറ്റവും നല്ല പാനീയങ്ങളാണ് കരിക്കിന്‍ വെള്ളവും സംഭാരവും. കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ലവണങ്ങളും കടുത്ത വേനലിലെ വിയര്‍പ്പിലൂടെയുള്ള ലവണനഷ്ടം പരിഹരിക്കുവാന്‍ സഹായിക്കുന്നു. മല്ലിവെള്ളം, ജീരകവെള്ളം, ചുക്കും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം എന്നിവയും ചൂടുകാലത്ത് ഉത്തമമാണ്.ധാരാളം ശുദ്ധജലം ചേര്‍ത്ത് (തിളപ്പിച്ച് തണുപ്പിച്ച) നേര്‍പ്പിച്ച മോരില്‍ അല്‍പം ഉപ്പ്, ഇഞ്ചി, കറിവേപ്പില, നാരങ്ങയില, പച്ചമുളക് എന്നിവ ചതച്ചിട്ട് ഉണ്ടാക്കുന്ന സംഭാരം വേനല്‍ക്കാലത്ത് ഏത് പ്രായക്കാര്‍ക്കും ഇഷ്ടംപോലെ കുടിക്കാവുന്ന പാനീയമാണ്.ചെറുനാരങ്ങ, ഓറഞ്ച്, തണ്ണിമത്തന്‍, മാതളനാരങ്ങ, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, വെള്ളരിക്ക, കുമ്പളങ്ങ എന്നിവയുടെ ജ്യൂസ് വേനല്‍ക്കാലത്തെ ക്ഷീണവും ദാഹവും ശമിപ്പിക്കാന്‍ വളരെ നല്ലതാണ്.
വേനല്‍ക്കാലം പല വിധ രോഗങ്ങളുടെ കാലം കൂടിയാണ് മഞ്ഞപ്പിത്തം ,ചിക്കന്‍ പോക്‌സ്, ചൂടുകുരു, പലവിധ കണ്ണുരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് വ്യാപകമായി കണ്ടു വരുന്നു.
മഞ്ഞപ്പിത്തം
മലിന ജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് എ യാണ് വേനക്കാലത്ത് പടര്‍ന്നു പിടിക്കുന്ന മഞ്ഞപ്പിത്തം. മലിനജലം ഉപയോഗിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകള്‍, ഐസ്ഫ്രൂട്ട്, ഐസ്‌ക്രീം, സോഡ തുടങ്ങിയവയെല്ലാം രോഗം പരത്തുന്ന കേന്ദ്രമാകുന്നു.വെള്ളം 5 മിനിട്ടെങ്കിലും വെട്ടിത്തിളപ്പിച്ചാല്‍ മാത്രമേ മഞ്ഞപ്പിത്തത്തിനു കാരണമായ പിക്കോര്‍ണ വൈറസുകള്‍ നശിക്കൂ. മലിനജലത്തില്‍ ആഹാരത്തിനു മുമ്പ് കൈ കഴുകുന്നതും ആഹാരപാത്രങ്ങള്‍ കഴുകുന്നതും പച്ചക്കറികള്‍ കഴുകുന്നതുമെല്ലാം രോഗപ്പകര്‍ച്ചയ്ക്കു കാരണമാകും.രോഗിയുടെ മലത്തിലൂടെയും മൂത്രത്തിലൂടെയും വിസര്‍ജ്ജിക്കപ്പെടുന്ന പിക്കോര്‍ണ വൈറസുകളാണ് കുടിവെള്ളത്തില്‍ കലരുന്നത്. ക്ഷീണം, തളര്‍ച്ച, ഓക്കാനം, ചര്‍ദ്ദില്‍, നേരിയ പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരിയായ വിശ്രമമെടുത്താല്‍ നാലാഴ്ചകൊണ്ട് രോഗം കുറയും. രോഗാണു ബാധിതരായ എല്ലാവരും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല. എന്നാല്‍ ഇവര്‍ രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. രോഗിയുമായി അടുത്തിടപഴകുന്നവര്‍ ശരിയായ വ്യക്തി ശുചിത്വം പാലിക്കണം. രോഗിയുടെ വസ്ത്രം, രോഗി ഉപയോഗിക്കുന്ന പാത്രം എന്നിവ വൃത്തിയായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും രോഗപ്പകര്‍ച്ചയുണ്ടാകാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിനു മഞ്ഞ നിറമുണ്ടാകാം. മൂത്രം കടും മഞ്ഞനിറത്തില്‍ പോകുന്നു.രോഗിയുടെ ആഹാരത്തില്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഓറഞ്ച്, പേരയ്ക്ക, മുസംബി, പപ്പായ, മുളപ്പിച്ച പയര്‍, സലാഡുകള്‍, പെടിയരിക്കഞ്ഞി, കരിക്കിന്‍വെള്ളം എന്നിവയാണ്. മഞ്ഞപ്പിത്ത രോഗികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍. വറുത്തതും പൊരിച്ചതുമായവ ഒഴിവാക്കാം. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ബേക്കറി പലഹാരങ്ങള്‍, കോളകള്‍ തുടങ്ങിയവ കൃത്രിമ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.മദ്യപാനം, ദീര്‍ഘയാത്ര, സൈക്കിള്‍ ചവിട്ടല്‍, ഭാരം ഉയര്‍ത്തല്‍ എന്നിവ മഞ്ഞപ്പിത്ത രോഗികള്‍ ഒഴിവാക്കണം. വേദന സംഹാരികളും പരാസിറ്റമോളും ഉപയോഗിക്കരുത്.
വേനല്‍ക്കാലത്ത് പടര്‍ന്നു പിടിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് ചിക്കന്‍പോക്‌സ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന രോഗമാണിത്. മാനസിക സമ്മര്‍ദ്ദവും ശരീരത്തിന്‍റെ പ്രതിരോധശേഷിക്കുറവും ഈ രോഗം പെട്ടെന്നു പിടിപെടാന്‍ സഹായിക്കുന്നു. അതുകൊണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലന കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചിക്കന്‍പോക്‌സിനെ അകറ്റി നിര്‍ത്താം.ശരീരത്തിലെ ചുവന്നു തടിച്ചപാടുകളും തുടര്‍ന്നുള്ള കുമിളകളുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. പ്രതിരോധശേഷിയുള്ള കുട്ടികളില്‍ ചിക്കന്‍പോക്‌സ് ചെറിയൊരു പനിയായി മാത്രം വന്നു പോകുന്നു. പനി, നടുവേദന, തലവേദന, ക്ഷീണം എന്നിവയെത്തുടര്‍ന്നാണ് ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുക. നെഞ്ചത്തും വയറ്റിലുമാണ് ഇവ ആദ്യമുണ്ടാവുക. കൈവെള്ളയിലും പാദത്തിന്‍റെ അടിഭാഗത്തും കുമിളകള്‍ ഉണ്ടാകാറില്ല. മഞ്ഞുതുള്ളികള്‍ പോലെയുള്ള ഈ കുമിളകളില്‍ തെളിഞ്ഞ ദ്രാവകം നിറഞ്ഞിരിക്കും.ഈ കുമിളകള്‍ ചൊറിഞ്ഞുപൊട്ടിയാല്‍ ബാക്ടീരിയ അണുബാധയുണ്ടായി പഴുപ്പു നിറയും. ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് വരാതെ പ്രത്യേകം കരുതേണ്ടതുണ്ട്.രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനകം എസൈക്ലോവിന്‍ വിഭാഗത്തില്‍പ്പെട്ട ആന്‍റിവൈറല്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ നല്‍കാറുണ്ട്. ഇത് രോഗത്തിന്‍റെ അസ്വസ്ഥതകള്‍ വളരെ കുറയ്ക്കും. ദിവസവും ചെറുചൂടുവെള്ളത്തില്‍ മേല്‍കഴുകുന്നതും ശരീരം വൃത്തിയാക്കുന്നതും ചര്‍മ്മത്തിലെ ബാക്ടീരിയല്‍ അണുബാധയെ തടയും. രോഗിക്ക് കൂടിക്കാന്‍ ധാരാളം വെള്ളവും പോഷകാഹാരവും കൊടുക്കുന്നത് രോഗമുക്തി എളുപ്പമാകും. നല്ല കാറ്റും വെളിച്ചവുമുള്ള മുറിയില്‍ രോഗി വിശ്രമിക്കണം.
വേനല്‍ക്കാലത്ത് വളരെ സാധാരണയായി ഉണ്ടാകുന്ന ഒരു ചര്‍മ്മരോഗമാണ് ചൂടുകുരു അഥവാ മിലിയേറിയ. സ്വേദഗ്രന്ഥികളുടെ നാളികള്‍ക്ക് തടസ്സമുണ്ടാകുന്നതിനെ തുടര്‍ന്ന് വിയര്‍പ്പ് ചര്‍മ്മത്തില്‍ തങ്ങുന്നതാണ് ചൂടുകുരുവിന് കാരണം. തുടര്‍ന്ന് ശരീരമൊട്ടാകെ ചുവന്ന കുഞ്ഞു കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇവയ്ക്ക് ചൊറിച്ചിലും നീറ്റലും വേദനയുമുണ്ടാകാം.
വേനല്‍ രോഗങ്ങളെ അകറ്റാന്‍
പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.തൊലിയുള്ള പഴങ്ങളാണ് നല്ലത്. തൊലികളഞ്ഞ് കഴിക്കുക. അല്ലാത്തവ ശുദ്ധജലത്തില്‍ നന്നായി കഴുകുക.പൊടിയും ഈച്ചയും മറ്റും കണ്ണിലായാല്‍ കണ്ണു തിരുമ്മരുത്. ശുദ്ധജലം കൊണ്ട് നന്നായി കഴുകുക. എന്നിട്ടു അസ്വസ്ഥത കുറയുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക.ദീര്‍ഘയാത്രകഴിഞ്ഞ് വീട്ടിലെത്തിയാല്‍ തണുത്ത ശുദ്ധജലത്തില്‍ മുക്കിയ കോട്ടണ്‍കൊണ്ട് കണ്‍പോളകള്‍ നന്നായി തുടയ്ക്കുക.തുറന്നുവെച്ച ഭക്ഷണം, വെള്ളം, ഐസ്ഫ്രൂട്ട് എന്നിവ ഒഴിവാക്കുക
കുളങ്ങളിലും വെള്ളക്കെട്ടുകളിലും കുളിക്കരുത്. എലിപ്പനി, ചെങ്കണ്ണ് എന്നിവ പകരാം.അയഞ്ഞ പരുത്തിവസ്ത്രങ്ങള്‍ അലക്കി ഉണക്കി ഉപയോഗിക്കുക.ശരീരത്തിലെ മുറിവുകള്‍ പുറത്തു പോകുമ്പോള്‍ പൊടിയും മറ്റും കടക്കാതെ മൂടിക്കെട്ടുക.രണ്ടു നേരവും കുളിക്കുക.ചെറിയ പനിപോലും രണ്ടുമൂന്നു ദിവസം നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടുക.