വയസ് 28, ഒരു മാസത്തെ ചെലവ് ഒരു ലക്ഷം രൂപ: സോഷ്യൽ മീഡിയയെ ഞെട്ടിച്ച് യുവാവ്
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് 28 വയസുകാരനായ ടെക്കിയുടെ ഒരു മാസത്തെ ചെലവാണ്. ഗുരുഗ്രാമിൽ ടെക്കിയായ യുവാവിന്‍റെ ഒരു മാസത്തെ ചെലവ് 93,290 രൂപയാണ്. വാടക, കാർ, ഷോപ്പിങ്, ഭക്ഷണം എന്നീ ചെലവുകളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്.
അർജുൻ സിങ് എന്ന യുവാവാണ് ഇൻസ്റ്റഗ്രാമിലൂടെ തന്‍റെ ചെലവുകളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഗുരുഗ്രാമിൽ ടെക്കിയായി ജോലി ചെയ്യുന്ന അർജുൻ 2 കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. 19000 രൂപയാണ് അർജുൻ വാടക കൊടുക്കുന്നത്. ഇത് കൂടാതെ വീട്ടു ജോലിക്കാർക്കായി 4000 രൂപയും നൽകുന്നുണ്ട്. ഹെൽത്തി ഈറ്റിങ് ശീലമാക്കിയതോടെ ഗ്രോസറിക്കായി വലിയൊരു തുക മാറ്റിവയ്ക്കേണ്ടി വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പ്രോട്ടീനും സപ്ലിമെന്‍റുകളും ഉൾപ്പടെയുള്ള ഭക്ഷണ വസ്തുക്കൾക്കായി 14,790 രൂപയാണ് ചെലവാക്കുന്നത്.
ഇതു കൂടാതെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് 5000 രൂപയും ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതിലൂടെ 5000 രൂപയും ചെലവാക്കുന്നുണ്ട്. കാറിന്‍റെ ഇഎംഐ 20,000 രൂപയാണ്. ഒരു മാസം പെട്രോൾ അടിക്കാൻ 7000 രൂപ വേണ്ടിവരും. ലൈഫ്സ്റ്റൈലിനായും വലിയ തുക മാറ്റിവെക്കുന്നുണ്ട്. കോഫിക്ക് മാത്രം 2000 രൂപയാണ് ചെലവാക്കുന്നത്. ബാഡ്മിന്‍റണിന് 2500 രൂപയും ഷോപ്പിങ്ങിനായി 6000 മുതൽ 7000 രൂപ വരെയും ചെലവു ചെയ്യുന്നുണ്ട്. സബ്സ്ക്രിപ്ഷനും വൈഫൈയ്ക്കുമായി 2000 രൂപയും ഇലക്‌ട്രിസിറ്റിക്ക് 4000 രൂപയും വേണ്ടിവരുന്നുണ്ട്. ഹൗസിങ് സൊസൈറ്റിയിൽ ജിം ഉള്ളതുകൊണ്ട് ജിം മെമ്പർഷിപ്പിന് പണം ചെലവാക്കേണ്ട ആവശ്യം വരുന്നില്ലെന്നും അർജുൻ വ്യക്തമാക്കുന്നു.
എല്ലാ ചെലവുകളും ചേർക്കുമ്പോൾ 93,290 രൂപയാണ് ചെലവു വരുന്നത്. ഇൻവെസ്റ്റ്മെന്‍റ് ഒഴിവാക്കിക്കൊണ്ടുള്ള പൈസയാണ് ഇത്. ഒരു മാസം ഒരു ലക്ഷത്തിന് അടുത്ത് പണം ചെലവാക്കുന്നു എന്ന് പറയുന്നത് തനിക്കു തന്നെ ഞെട്ടലുണ്ടാക്കുന്നതാണ് എന്നാണ് അർജുൻ പറയുന്നത്. ചെലവ് കുറക്കാനുള്ള ശ്രമത്തിലാണെന്നും അർജുൻ പറയുന്നു. അതിനിടെ അർജുന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മനുഷ്യന് ഇത്ര അധികം ചെലവു വരുമോ എന്നാണ് പലരുടേയും ചോദ്യം. ഇത്ര പണം ചെയ്യണമെങ്കിൽ അർജുന്‍റെ ശമ്പളം എത്രയായിരിക്കും എന്നും ചോദിക്കുന്നവരുണ്ട്.