തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് തുടക്കം

 
Lifestyle

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് തുടക്കം

പട്ടുടയാട ചാര്‍ത്തി, സര്‍വാഭരണ വിഭൂഷിതയായ ദേവീയെ കാണാൻ ഭക്തർ ഒഴുകി എത്തിയതോടെ ധനുമാസത്തിലെ തിരുവാതിര രാവ് ആഘോഷരാവായി

Namitha Mohanan

കാലടി: അമ്മേ നാരായണ, ദേവീ നാരായണ നാമജപമുഖരിതമായ അന്തരീക്ഷത്തില്‍ തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വതീദേവിയുടെ തിരുനട വെള്ളിയാഴ്ച തുറന്നു. ജനുവരി 13 വരെ ദർശനം നടത്താം. പട്ടുടയാട ചാര്‍ത്തി, സര്‍വാഭരണ വിഭൂഷിതയായ ദേവീയെ കാണാൻ ഭക്തർ ഒഴുകി എത്തിയതോടെ ധനുമാസത്തിലെ തിരുവാതിര രാവ് ആഘോഷരാവായി.

വര്‍ണാഭമായ തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. വൈകിട്ട് ക്ഷേത്രോല്‍പത്തിക്കു കാരണക്കാരായ പുരാതനമായ അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും ദേവിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും അകവൂര്‍ മനയിലെ കാരണവരായ അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ, തപന്‍ ശങ്കര്‍ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് എ. മോഹന്‍കുമാര്‍, സെക്രട്ടറി എ.എന്‍. മോഹനന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു.

പുഷ്പാലംകൃതമായ രഥത്തില്‍ സ്ഥാപിച്ച തിരുവാഭരണങ്ങളും ദീപവും വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും വര്‍ണക്കാവടിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിലെത്തിയശേഷം ദീപവും തിരുവാഭരണവും മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലേക്ക് എടുത്തു. ദേവിക്കു പട്ടുടയാടയും ആഭണങ്ങളും അണിയിച്ചു ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന അറിയിച്ച ഉടനെ നടതുറക്കുന്നതിന് ആചാരവിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു.

ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണിയും നടയ്ക്കല്‍ സന്നിഹിതരായി. തുടര്‍ന്ന് പുഷ്പിണിയായ ബ്രാഹ്‌മണി അമ്മ നടയ്ക്കല്‍ വന്നു നിന്ന് 'സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തു നിന്നും എഴുന്നള്ളിയിട്ടുണ്ടോ' എന്ന് മൂന്നു വട്ടം വിളിച്ചു ചോദിച്ചു. 'എത്തിയിട്ടുണ്ട്' എന്ന് സമുദായം തിരുമേനി മറുപടി നല്‍കി. തുടര്‍ന്ന് 'നടതുറപ്പിയ്ക്കട്ടേ' എന്ന് മൂന്നുവട്ടം വിളിച്ചു ചോദിച്ചു. 'തുറപ്പിച്ചാലും' എന്നു സമുദായം തിരുമേനി മറുപടി പറഞ്ഞു. പിന്നാലെ 'തിരുമേനി നടതുറന്നാലും' എന്നു പുഷ്പ്പിണി അറിയിച്ചതോടെ ശ്രീപാര്‍വതീദേവിയുടെ തിരുനട തുറന്നു.

ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര ചുവടുവച്ചു പൂത്തിരുവാതിര കൊണ്ടാടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ വസിക്കുന്ന ദേവിയോടൊപ്പം ബ്രാഹ്‌മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. നടതുറപ്പിന്‍റെ 12 നാളുകളില്‍ ശ്രീകോവില്‍ രാത്രി തുറന്നിരിക്കും. പുലര്‍ച്ചെ ദര്‍ശനത്തിനു മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കും.

ഭക്തരുടെ സുഗമമായ ദര്‍ശനത്തിന് വിശാലമായ ക്യൂ ഗ്രൗണ്ടും പാര്‍ക്കിങ് ഗൗണ്ടും ഒരുക്കിയിട്ടുണ്ട്. ക്യൂവില്‍ തന്നെ വഴിപാടുകള്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജനറല്‍ ക്യൂവിനു പുറമേ ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് വെര്‍ച്വല്‍ ക്യൂ സംവിധാനവുമുണ്ട്. ദേവിപ്രസാദമായ അരവണ പായസം, അപ്പം, അവല്‍ നിവേദ്യം എന്നിവ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ദേവിയുടെ പ്രധാന വഴിപാടായ മഞ്ഞള്‍ പറ, മഹാദേവന് എള്ള് പറ മുതലായ പറകള്‍ നിറയ്ക്കുന്നതിന് നടയില്‍ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടാകും. രാവിലെ 4 മുതല്‍ ഉച്ചക്ക് 1.30 വരേയും 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്