റീന വർഗീസ് കണ്ണിമല
ഇത്തവണത്തെ വയോജനക്ഷേമ അവാർഡിന് ഒരു പ്രത്യേകതയുണ്ട്. കുമളിക്കാരുടെ ഹൃദയം കവർന്ന വൊസാർഡിന്‍റെ ജോസച്ചനും പിള്ളേരുമാണ് അതു വാങ്ങിയെടുത്തത് എന്നതാണ് ആ പ്രത്യേകത. വേറിട്ട ശൈലിയാണ് വൊസാർഡിന്‍റേത്. ജോസച്ചന്‍റെ ജീവൻ തുടിക്കുന്ന വേറിട്ട ചിന്തകളിലാണ് ആ ശൈലികൾ ഉരുത്തിരിയുന്നത്.
കണ്ണിമലക്കാരൻ പടിഞ്ഞാറേപ്പറമ്പിലെ അന്തോണിച്ചേട്ടന്‍റെ മകൻ ഫാ. ജോസ് ആന്‍റണി പടിഞ്ഞാറേപ്പറമ്പിലായത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കൽ എനിക്കൊരു മെസഞ്ചർ സന്ദേശം വന്നു, ''ഹായ് റീന അയാം ഫാദർ ജോസ് ആന്‍റണി പടിഞ്ഞാറേപ്പറമ്പിൽ, ഓൾഡ് സ്റ്റുഡന്‍റ് ഒഫ് വർക്കി സർ.''
എനിക്ക് ജിജ്ഞാസയടക്കാനായില്ല. എന്നോട് ഏറ്റവും വാത്സല്യത്തോടെ പെരുമാറിയിട്ടുള്ള അന്തോണിച്ചേട്ടന്‍റെ മകൻ- പപ്പയുടെ ശിഷ്യൻ. അപ്പോൾ തന്നെ ഞാൻ അച്ചനുമായി ഫോണിൽ സംസാരിച്ചു. ഏറ്റവുമടുത്ത് തന്നെ അച്ചനെ കാണാമെന്നും ഏറ്റു. അങ്ങനെ ഞാൻ വൊസാർഡിലെത്തി.
''പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ലാതിരുന്ന ഞാൻ ഒരു ദിവസം ഹോം വർക്ക് നന്നായി ചെയ്തതിന്, എന്നെ ആ ഒരു ദിവസത്തെ മോണിറ്ററാക്കിയ വർക്കി സാറിനെ എനിക്കു മറക്കാൻ മേല കൊച്ചേ....''
അച്ചന്‍റെ ആ വാക്കുകൾ അധ്യാപിക കൂടിയായ എന്‍റെ മനസിൽ ആഞ്ഞു പതിച്ചു. കുട്ടികളെ അവരുടെ ചെറിയ കഴിവുകളും നന്മകളും പോലും പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുണ്ടെങ്കിൽ തന്നെ ഈ തലമുറ നന്നായേനെ. കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം ഡോക്റ്ററേറ്റ് നേടിയ ഫാ. ജോസ് ആന്‍റണി ഇന്നത്തെ തലമുറയുടെ തൊട്ടാവാടി സ്വഭാവത്തിന് ഒരു അപവാദമാണ്.
സംസാരിച്ചു കൊണ്ടിരിക്കെ, ''എനിക്കു തലവേദനയെടുക്കുന്നു, ഒരു കടുംകാപ്പി കിട്ടുമോ അച്ചാ'' എന്നു ചോദിച്ചു ഞാൻ.
അപ്പോൾ ''എന്‍റെ വർക്കി സാറിന്‍റെ മോൾക്ക് ഞാൻ കട്ടൻകാപ്പിയിട്ടു തരും'' എന്നു പറഞ്ഞാണ് അച്ചൻ എനിക്കായി വൊസാർഡിന്‍റെ കിച്ചണിൽ പോയി കാപ്പിയിട്ടു തന്നത്, എന്നെയും കൂട്ടിക്കൊണ്ട്....
പപ്പയുടെ പൂർവവിദ്യാർഥിയുടെ ആ സ്നേഹാധിക്യം അന്നെന്‍റെ മിഴികളെ ഈറനണിയിച്ചു. ഈ നിഷ്കളങ്ക സ്നേഹമാണ് അച്ചന് താൻ കണ്ടുമുട്ടുന്ന ഓരോരുത്തരോടുമുള്ളത്. സന്തോഷത്തോടെ ഈ ലോക ജീവിതത്തിൽ നിന്നു വിരമിക്കാൻ പോകുന്നതിന് സാധ്യമായതെല്ലാം അവർക്കായി ഒരുക്കി പരിശീലിപ്പിച്ച് നൽകുന്ന ബൃഹത്തായ പ്രവർത്തനമാണ് വയോജനങ്ങൾക്കായി വൊസാർഡ് കേരളത്തിലും തമിഴ്നാട്ടിലുമായി ചെയ്തുവരുന്നത്. ഈ പ്രവർത്തനങ്ങൾ ഒരു മോഡലായി സ്വീകരിക്കപ്പെടുകയും നിരവധി സാമൂഹ്യ പ്രവർത്തകർ പഠന പരിശീലനത്തിനായി എത്തുകയും ചെയ്യുന്നു.
സിഎംഐ സഭയുടെ കോട്ടയം പ്രോവിൻസിന്‍റെ ഹൈറേഞ്ച് തല സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1998ൽ കുമളിയിൽ സിഎംഐക്കാരനായ
പടിഞ്ഞാറെപ്പപറമ്പിലച്ചന്‍റെ നേതൃത്വത്തിൽ ജനിച്ച വൊസാർഡിന്‍റെ രജത ജൂബിലി വർഷത്തിലാണ് ഈ സംസ്ഥാന അവാർഡ് അവരെ തേടിയെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
ദരിദ്രരുടെയും ഇടത്തരക്കാരുടെയും കർഷകരുടെയും ഭിന്നശേഷിക്കാരുടെയും മാനസിക വിഷമതയുള്ളവരുടെയും വയോജനങ്ങളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനം- എന്നു വച്ചാൽ കുടുംബാംഗങ്ങളുടെ സമഗ്ര വികസനം, സാമ്പത്തിക സുരക്ഷിതത്വം, അവരുടെ അവകാശ സംരക്ഷണം ഇവയ്ക്കെല്ലാമായി അശ്രാന്ത പരിശ്രമം നടത്തുന്ന വൊസാർഡും ജോസച്ചനും കുമളിക്കാരുടെ പ്രാണനാണ്.
അച്ചനെക്കുറിച്ചു പറയുന്നിടത്തെല്ലാം ആയിരം നാവാണ് ആ നാട്ടുകാർക്ക്. സ്വന്തം കുടുംബത്തിൽ ഒരാളായാണ് അവർ ജോസച്ചനെ കാണുന്നത്. കാരണം, ഊണിലും ഉറക്കത്തിലുമെല്ലാം അച്ചന്‍റെ ചിന്തകൾ അവരെക്കുറിച്ചു മാത്രമാണ്. അവരുടെ ഉന്നമനത്തിനു വേണ്ടി മാത്രമുള്ള പ്രവർത്തനങ്ങളെക്കുറിച്ചു മാത്രമാണ്. അവയാണ് വിജയകരമായി പ്രാവർത്തികമാക്കപ്പെടുന്നത്. വൊസാർഡ് എന്ന പേരിന്‍റെ പൂർണ രൂപം തന്നെ വോളന്‍ററി ഓർഗനൈസേഷൻ ഫൊർ സോഷ്യൽ ആക്ഷൻ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് എന്നാണ്.
60 വയസ് കഴിഞ്ഞവരുടെ ആരോഗ്യകരവും സമാധാനപൂർണവുമായ ജീവിതത്തിനായി ഓരോ ഗ്രാമപ്രദേശത്തും അവരെ ഒന്നിച്ചു ചേർത്ത്, സ്വാശ്രയ സംഘങ്ങൾക്ക് രൂപം നൽകി, പഞ്ചായത്ത് തല ഫെഡറേഷനിലൂടെ അവരെ ശാക്തീകരിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കുന്നതാണ് വൊസാർഡിന്‍റെ ശൈലി. അവർക്ക് ആവശ്യമായ തൊഴിൽ സംരംഭങ്ങൾ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയെല്ലാം നൽകുന്നു വൊസാർഡും ജോസച്ചനും.
കുടുംബങ്ങളുടെ വരുമാന വർധനവിനായി വിവിധ പദ്ധതികൾ, ആട് വളർത്തൽ, ഓട്ടോ, ഇലക്‌ട്രിക് സ്കൂട്ടർ, തയ്യൽ പരിശീലനം തുടങ്ങി വിവിധ പ്രോത്സാഹനങ്ങൾ വൊസാർഡ് നൽകി വരുന്നു. ഇത് പല കുടുംബങ്ങളെയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു.
ഇതിനൊക്കെ പുറമേയാണ് സമയാസമയത്തുള്ള ആരോഗ്യ പരിശോധന ചികിത്സകൾ. മനസിന്‍റെ ആരോഗ്യമാണ് ശാരീരികാരോഗ്യത്തിന്‍റെ അടിത്തറ എന്നതു കൊണ്ടു തന്നെ വിജ്ഞാന വിനോദ പരിപാടികളിലൂടെ മാനസികാരോഗ്യം വർധിപ്പിച്ച് വീട്ടിലും നാട്ടിലും സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതും വൊസാർഡിന്‍റെ പരിശ്രമങ്ങളിൽപ്പെടുന്നു.
നിലവിൽ ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളിലാണ് വയോജനക്ഷേമ പ്രവർത്തനങ്ങൾ ഊർജിതമായിട്ടുള്ളത്. ഇപ്പോൾ തമിഴ്നാടിന്‍റെ ആവശ്യപ്രകാരം വൊസാർഡിന്‍റെ വയോജനക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിന്‍റെ അതിർത്തി കടന്നും വ്യാപിച്ചിരിക്കുന്നു. ക്യാൻസർ ബോധവത്കരണവും ചികിത്സയും, മാനസികാരോഗ്യ മേഖലയിലെ ചികിത്സയും ബോധവത്കരണവും എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു മുന്നേറാനാണ് വൊസാർഡിന്‍റെ അടുത്ത തീരുമാനം എന്ന് അച്ചന്‍ പറഞ്ഞത് വളരെ വേദനയോടെയാണ്.
''പാവപ്പെട്ട മനുഷ്യർ, ഇതൊക്കെ മാറ്റാൻ പറ്റുന്ന, വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ കിട്ടാത്തതു കൊണ്ടു മാത്രം മനുഷ്യർ നശിക്കുന്ന അവസ്ഥയാണ്. ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണം....''
അതു പറയുമ്പോൾ ജോസച്ചന്‍റെ സ്വരത്തിന് ഇടർച്ചയുണ്ടായിരുന്നു. കഷ്ടതകളുടെ കൂമ്പാരങ്ങളിൽ ആഴ്ന്നു പോകുന്നവരെ തേടിയലയുകയാണ് ഈ നല്ലിടയൻ....