ഫോട്ടോഗ്രാഫി പാളി, നഷ്‌ടപരിഹാരം രണ്ടര ലക്ഷം രൂപ.

 

Representative image - Freepik.com

Wedding Bells

'മധുരംവച്ചത് കയ്പ്പായി...!' വിവാഹ ഫോട്ടോഗ്രഫിയിൽ വീഴ്ച; സ്ഥാപനം 2.5 ലക്ഷം രൂപ പിഴയൊടുക്കണം

2024 ൽ കോട്ടയത്ത് നടത്തിയ വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുവാൻ 95,000 രൂപയുടെ പാക്കേജ് നൽകി 80,000 രൂപ മുന്‍കൂറായി വാങ്ങിയ സ്ഥാപനം വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന പരാതിയിൽ നടപടി

Local Desk

ബിനീഷ് മള്ളൂശേരി

കോട്ടയം: മധുരതരമായ നിമിഷങ്ങൾ ഒപ്പിയെടുക്കേണ്ടവർ വീഴ്ച വരുത്തിയപ്പോൾ നിയമപരമായി കാര്യങ്ങൾ നീങ്ങി. ഒടുവിൽ ഫോട്ടോഗ്രഫിയിലെ വീഴ്ചയിൽ സ്ഥാപനം പിഴയൊടുക്കാൻ വിധിക്കപ്പെട്ടത് 2.5 ലക്ഷം രൂപ. 2024 ൽ കോട്ടയത്ത് നടത്തിയ വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുവാൻ 95,000 രൂപയുടെ പാക്കേജ് നൽകി 80,000 രൂപ മുന്‍കൂറായി വാങ്ങിയ സ്ഥാപനം വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന അന്നത്തെ നവദമ്പതികളുടെ പരാതിയിലാണ് ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്.

പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷുമാണ് പരാതിക്കാരായ ദമ്പതികൾ. അവർ നല്‍കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി വന്നിരിക്കുന്നത്.

2024 മെയ് 19നായിരുന്നു ഇവരുടെ വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിങിന്‍റെ 95,000 രൂപയുടെ പാക്കേജ് ഇവർ എടുത്തു. പറഞ്ഞ തുകയിൽ 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍, ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹ ചടങ്ങിലെ മധുരംവയ്പ്പ് ഉള്‍പ്പെടെയുള്ള പല മുഹൂര്‍ത്തങ്ങളും ഇവർക്ക് ലഭിച്ച ഫോട്ടോ ആൽബത്തിലും വീഡിയോയിലും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡ്ഡിങിന്‍റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നായിരുന്നു കമ്മീഷന്‍റെ നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്‍കിയ 80,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. കമ്മീഷന്‍ പ്രസിഡന്‍റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്‍റോ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ: സമരം നിർത്തിവച്ചു

മകളെ പീഡിപ്പിച്ചെന്ന് അയൽക്കാരനെതിരേ വ്യാജ പോക്സോ കേസ്; 5,000 രൂപ പിഴ വിധിച്ച് കോടതി

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി