താലിബാൻ അധികൃതർക്കൊപ്പം അങ്കിത കുമാർ (ഫോട്ടോ കടപ്പാട് എൻഡി ടിവി)
അഫ്ഗാനിസ്ഥാന്‍ എന്നു കേള്‍ക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് തീവ്രവാദ സംഘടനയായ താലിബാന്‍. നിലവില്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണം കൈയാളുകയാണ് താലിബാന്‍. ഇപ്പോഴിതാ താലിബാന്‍ അടക്കിഭരിക്കുന്ന അഫ്ഗാനിസ്ഥാനിലൂടെ 13 ദിവസം ഒറ്റയ്ക്ക് യാത്ര നടത്തിയ പെണ്‍കുട്ടിയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആറു ലക്ഷം ഫോളോവേഴ്‌സ് ഉള്ള അങ്കിത കുമാറാണ് അഫ്ഗാനിസ്ഥാനിലൂടെ യാത്ര നടത്തി താലിബാന്‍കാര്‍ക്കൊപ്പം സമയം ചെലവഴിച്ച് തിരിച്ചെത്തിയിരിക്കുന്നത്.
യാത്രാപ്രേമിയായ അങ്കിതയ്ക്ക് ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കവേയാണ് അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്നത്. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ അങ്കിത ഒറ്റയ്ക്ക് അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കുകയായിരുന്നു. കാബൂള്‍, ബമിയാന്‍, ബാന്‍ഡ്-ഇ-അമീര്‍, ഗൗര്‍, ഹീരത്, കാണ്ഡഹാര്‍, മസര്‍-ഇ-ഷെരീഫ് എന്നിവിടങ്ങളിലൂടെ അങ്കിത സഞ്ചരിച്ചു. താലിബാന്‍ പോരാളികളുടെ കൂടെ സൗഹൃദം പങ്കിട്ട അങ്കിത അവര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. വളരെ സൗഹാര്‍ദപരമായാണ് താലിബാന്‍ പോരാളികള്‍ തന്നെ സ്വീകരിച്ചതെന്ന് അങ്കിത പറയുന്നു.
വളരെ മനോഹരമായ ഇടമാണ് കാബൂള്‍ എന്നാണ് അങ്കിതയുടെ അഭിപ്രായം. ഏറെ സൗഹാര്‍ദപരമായാണ് താലിബാൻ അധികൃതര്‍ തന്നെ സ്വീകരിച്ചത്. അതിര്‍ത്തിയില്‍ വെച്ചുതന്നെ തനിക്ക് അവരുടെ സൗഹാര്‍ദം അനുഭവിച്ചറിയാന്‍ സാധിച്ചിരുന്നു. ഭൂപ്രകൃതി മനോഹരമാണെങ്കിലും ഇപ്പോഴും പട്ടിണിയുടെ അന്തരീക്ഷം അഫ്ഗാനിസ്ഥാനില്‍ തുടരുന്നുണ്ട്. റസ്റ്റോറന്‍റുകളില്‍ കുടുംബങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം പ്രത്യേകം കര്‍ട്ടനിട്ട് വേര്‍തിരിച്ചിരുന്നു. പുരുഷന്‍മാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലത്ത് തനിക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. താമസിക്കാന്‍ തനിക്ക് സ്വന്തമായി മുറിയുണ്ടോയെന്ന കാര്യം വരെ ചില സ്ഥലങ്ങളില്‍ താലിബാന്‍ അധികൃതര്‍ പരിശോധിച്ചിരുന്നുവെന്നും അങ്കിത പറയുന്നു.
നാലാമത്തെ ശ്രമത്തിലാണ് അങ്കിത അഫ്ഗാനിസ്ഥാനില്‍ എത്തിയത്. മുമ്പ് മൂന്നു തവണയും നിരാശയായിരുന്നു ഫലം. നാലാംതവണ വിസയുടെ കാലാവധി തീരാന്‍ 13 ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് അങ്കിത അഫ്ഗാനിസ്ഥാനില്‍ കാലുകുത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് തന്‍റെ അഫ്ഗാനിസ്ഥാന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അങ്കിത പങ്കുവെച്ചത്. ഇതിനുശേഷമാണ് അഫ്ഗാനിസ്ഥാനില്‍ പോയ വിവരം തന്‍റെ വീട്ടുകാര്‍ പോലും അറിഞ്ഞതെന്നും അങ്കിത പറയുന്നു.
ഗൈഡിന്‍റെ സഹായത്തോടെയാണ് അങ്കിത അഫ്ഗാനിസ്ഥാനില്‍ യാത്ര ചെയ്തത്. ഓരോ സിറ്റിയിലേക്ക് പ്രവേശിക്കാനും പെര്‍മിറ്റിന്‍റെ ആവശ്യകതയുണ്ടായിരുന്നു. യാത്രയിലുടനീളം അങ്കിതയുടെ യാത്രാ രേഖകളും മറ്റും താലിബാന്‍ അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുന്ന റഷ്യയിലെ സൈബീരിയ ഉൾപ്പെടെയുള്ള ലോകത്തെ തണുത്തുറഞ്ഞ പ്രദേശങ്ങളിലും ആഫ്രിക്കയിലെ ഗോത്ര പ്രദേശങ്ങളിലുമെല്ലാം അങ്കിത യാത്ര നടത്തിയിരുന്നു. ഏറ്റവുമൊടുവിലാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയത്. ന്യൂഡൽഹിയിൽ ജനിച്ച അങ്കിത ഒഡീഷയിലും ബംഗളൂരുവിലുമായാണ് വളർന്നത്.