മലയാള ചെറുകഥ പ്രതിസന്ധിയിൽ
symbolic
അക്ഷരജാലകം | എം.കെ. ഹരികുമാർ
2025ന്‍റെ ഒടുവിൽ നാം പര്യാലോചിക്കുന്നത് ഒരു വർഷത്തിന്‍റെ മാത്രം ഫലമല്ല; കഴിഞ്ഞ കാൽ നൂറ്റാണ്ടിന്‍റെ പ്രകടനമാണ്. സാഹിത്യരൂപങ്ങളിൽ ഏറ്റവും പ്രധാനം കഥയാണെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയെ എതിർക്കുന്നില്ല. ചിലർക്കു ചില മാധ്യമങ്ങളോട് ഇഷ്ടം തോന്നുക സാധാരണം. ചെറുകഥയെ തള്ളിപ്പറയാനൊക്കില്ല. അതിന്‍റെ ആവശ്യമില്ല.
എല്ലാവർക്കും കഥ കേൾക്കാനിഷ്ടമാണ്. സ്ഥൂലമായി, വിസ്തരിച്ചു കഥ പറയുന്നതു സിനിമയ്ക്കും നാടകത്തിനും പ്രചോദനമാണ്. സാഹിത്യത്തിൽ വെറുതെ കഥകൾ പറയുന്നതു മാത്രമാണു ലക്ഷ്യമെന്നു കരുതുന്നവരുണ്ട്. എന്നാൽ ആധുനിക അവബോധത്തോടെ, കാലോചിതമായ നവീകരണത്തോടെ മാധ്യമത്തെ സമീപിക്കണം. ചിത്രകലയിൽ അത് എത്രയോ കണ്ടതാണ്. ഛായാചിത്രങ്ങളിൽ പോലും ശൈലിയും ക്രാഫ്റ്റും പ്രധാനമാണ്.
ഒരു സാധാരണ ദൃശ്യത്തെ കലാപരമായി പുനരേകീകരിക്കുകയാണ് ചിത്രകാരൻ ചെയ്യുന്നത്. ഫോട്ടൊ പോലെയുള്ള ചിത്രങ്ങൾക്കു പുതുമയില്ല. അതിൽ കലാകാരന്‍റെ പ്രത്യേകമായ നോട്ടം ഉണ്ടാകണം. കലാകാരനാണ് അതു വരച്ചതെന്നു തോന്നണം. കലാവസ്തുവിനോടു പ്രേക്ഷകനു പ്രേമം തോന്നണം.
യഥാർഥ മനുഷ്യരെപ്പോലെ കഥാപാത്രങ്ങളെ സ്നേഹിക്കുന്നവരുണ്ട്. മനുഷ്യൻ ജീവിക്കുന്നത് യാഥാർഥ്യത്തിൽ മാത്രമല്ല, ഫാന്‍റസിയിലുമാണ്. അവൻ അവനിൽ മാത്രമല്ല, ചിലപ്പോഴൊക്കെ ദൈവത്തിലും വിശ്വസിക്കുന്നു. സ്ഥൂലമായി കഥ പറയാൻ നോവൽ മതി. എന്നാൽ ചെറുകഥ അങ്ങനെയല്ല. അതു കവിതയുടെ മറുപുറമാണ്. കവിതയ്ക്കു സൂക്ഷ്മതയും സ്നിഗ്ദ്ധതയുമാണു പ്രധാനം.
ഭാവാത്മകതയില്ല
പൊതുജീവിതത്തിൽ അപ്രത്യക്ഷമായിരിക്കുന്നതാണ് കവിത. കവി അതു തന്നിലൂടെ സഞ്ചരിച്ചു കണ്ടെത്തുകയാണ്. കവിയുടെ വാക്കുകളിൽ സമൂഹം നിലീനമാണ്. സൂക്ഷ്മഭാവങ്ങളുടെ ഗാനാത്മകതയിലാണ് കഥയും വിജയിക്കുന്നത്. അത് ഭാവാത്മകതയിൽ ജ്വലിക്കുകയാണ്. അധിക വർത്തമാനമോ നാടകത്തിന്‍റെ അതിപ്രസരമോ അതിരുവിട്ട വർണനയോ കഥയിൽ ആവശ്യമില്ല. ഈ സത്യം മനസിലാക്കാത്തതു കൊണ്ടാണ് മലയാള കഥ തകർന്നു വീണിരിക്കുന്നത്. കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിൽ മലയാള കഥ എങ്ങുമെത്തിയില്ല.
വാശിയോടെ ചിലരൊക്കെ പ്രധാന വാരികകളുടെ കവറിൽ ഇടം പിടിച്ചതോർക്കുന്നു. വന്ന പോലെ അവർ മങ്ങിപ്പോയി. ഒരു ടിവി ചാനലിൽ വാർത്ത വായിക്കുന്നയാൾ കഥ എഴുതാൻ പോകുന്നു എന്നത് വലിയ ജിജ്ഞാസയോടെ ഒരു വാരികയിൽ പരസ്യമായി വന്നിരുന്നു. പിറ്റേ ലക്കം ടിവി അവതാരകന്‍റെ കഥ കവർ സ്റ്റോറിയായി വന്നു. എന്നാൽ കവർ സ്റ്റോറിയിൽ വാഗ്ദാനം ചെയ്തതൊന്നും കഥയിൽ കണ്ടില്ല. കഥ വൻ പരാജയമായിരുന്നു. കഥ എന്ന സാഹിത്യ രൂപത്തെക്കുറിച്ചുള്ള അജ്ഞതയാണ് അതിൽ കണ്ടത്. ഇതു തിരിച്ചറിയാതെയാണ് അതിന് അമിത പ്രാധാന്യം കൊടുത്തു പരസ്യം നൽകിയത്.
മലയാള കഥ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലെത്തിയിരിക്കുന്നു. ധാരാളം കഥകൾ അച്ചടിക്കപ്പെടുന്നെങ്കിലും ഒന്നുപോലും മനസിനെ സ്പർശിക്കുന്നില്ല. എന്താണ് കാരണം? എഴുതുന്ന വിഷയവുമായി കഥാകാരനു വിദൂര ബന്ധമേയുള്ളൂ, ജീവിച്ചതല്ല എഴുതുന്നത്. ജി.ആർ. ഇന്ദുഗോപൻ എന്ന കഥാകൃത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ കഥയിൽ ഒരു കടുവയെ വേട്ടയാടി പിടിച്ച് കറി വയ്ക്കുന്നതാണു ചിത്രീകരിക്കുന്നത്. വി.ജെ. ജെയിംസിന്‍റെ "പാതാള കരണ്ടി', "ഇരുട്ടുകുത്തി' എന്നീ കഥകളും വലിയ പരാജയമായിരുന്നു. ഈ രണ്ടു കഥകളും ജെയിംസ് ജീവിച്ചതല്ല, മനസിൽ കണ്ടെത്തിയതു മാത്രം. ഒരു പാതാള കരണ്ടി കിണറ്റിൽ നിന്നെടുക്കുന്നതിൽ എന്തു കഥയാണുള്ളത്?
കുറേ സംഭവങ്ങൾ വിവരിച്ചാൽ കഥയാകില്ല. അതു നോവലിനു പോലും ചേരില്ല. ഇന്ദുഗോപന്‍റെ വനവേട്ടയും ഇറച്ചിയും നിറയുന്ന കഥയിൽ തെളിയിക്കുന്നത് അദ്ദേഹത്തിന് കഥ എന്ന മാധ്യമത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല എന്നാണ്. ജെയിംസിനും കഥയെക്കുറിച്ച്, അതിന്‍റെ ആധുനിക സങ്കേതങ്ങളെക്കുറിച്ച് അറിയില്ല. കഥ അനുഭവത്തിന്‍റെ സംഗീതവും ഭാവനയുമായി തീരണം. അത് വെറും യാഥാർഥ്യമല്ല; യാഥാർഥ്യത്തെക്കുറിച്ചുള്ള ഭാവനയാണ്, മനനമാണ്.
ഏതൊരാളിലും ജീവിക്കണം
വിക്റ്റർ ലീനസ് എഴുതിയ കഥകൾ വായിച്ചു നോക്കുക. കഥയിൽ അദ്ദേഹം ജീവിക്കുകയാണ്. അദ്ദേഹത്തിൽ നിന്നു കഥയെ വേർപെടുത്താനാവില്ല. ജീവിത സുരക്ഷിതത്വത്തിൽ അമർന്ന്, സ്വയം മറന്നു ജീവിക്കുന്നവർക്കു കഥയെഴുതാനാവില്ല. കഥാകൃത്ത് സാഹസികമായി അനുഭവങ്ങൾ തേടണം; അപകടങ്ങളും മരണങ്ങളും അയാൾ നേരിൽ കാണണം. അയാൾ അതിന്‍റെ ആകസ്മിക അനുഭവങ്ങളിലൂടെ സത്യസന്ധമായി കടന്നുപോകണം. ഏതൊരാളിലും നമുക്കു ജീവിക്കാൻ കഴിയുമെന്നു തെളിയിക്കണം.
സക്കറിയുടെ "ഒരു പിടക്കോഴിയുടെ ആസന്ന മരണ ചിന്തകൾ' എന്ന കഥയിൽ സക്കറിയ പിടക്കോഴിയിലേക്ക് പരകായ പ്രവേശം നടത്തുകയാണ്. ഒരു പിടക്കോഴിയായി ജീവിക്കുന്നതിന്‍റെ അപായക്കളി അറിയുന്നതുകൊണ്ടാണ് അദ്ദേഹം എഴുതുന്നത്. തന്നിൽ നിന്നു വേർപെട്ടു പോയതിന്‍റെ അസ്തിത്വപരമായ ദുരൂഹതകൾ അന്വേഷിച്ചു യാത്ര ചെയ്യുന്നവനായിരിക്കണം കഥാകാരൻ.
മജീദ് സെയ്ത് എഴുതിയ "കാതൽ മന്നൻ' (പ്രസാധകൻ, ഡിസംബർ), ടി.പി. വേണുഗോപാലിന്‍റെ "നായും പുലിയും കളി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 9), വർഗീസ് അങ്കമാലിയുടെ "ശിമയോന്‍റെ കുരിശ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബർ 14) എന്നീ കഥകൾ ചെറുകഥ എന്ന മാധ്യമം കൈവരിച്ച ആധുനികമായ വിജയങ്ങൾ മനസിലാക്കാത്തതു കൊണ്ടാണു പരാജയപ്പെട്ടത്. താൻ എന്തിനാണ് ഒരു കഥ എഴുതുന്നതെന്ന മൗലികമായ ചോദ്യം ഈ കഥാകാരന്മാർ നേരിട്ടിട്ടുണ്ടാകില്ല.
കുറേ സംഭവങ്ങൾ ദീർഘമായി വിവരിക്കുന്നതിൽ എഴുത്തുകാരനെന്ന നിലയിൽ എന്തു നേട്ടമാണുണ്ടാക്കുന്നത്? ഇതിൽ പറയുന്ന കാര്യങ്ങൾ ഇന്നു മനുഷ്യർക്ക് അറിവുള്ളതാണ്. ഒരു പഞ്ചായത്തിലെ സാമാന്യ ജനത്തിന് അറിയാവുന്ന കാര്യങ്ങൾ കഥാകൃത്ത് വിസ്തരിച്ച് എഴുതേണ്ടതില്ല. മറ്റുള്ളവർ മൂടിവച്ചതും പറയാൻ വിട്ടുപോയതും പറയേണ്ടതുമായ കാര്യങ്ങളാണു നിങ്ങൾ എഴുതേണ്ടത്.
അസ്തിത്വത്തിന്‍റെ അജ്ഞാതമായ കണങ്ങൾ തേടണം. ജീവിതം എവിടെയുമാണ്. ജീവിതത്തിന്‍റെ ആക്രന്ദനങ്ങൾ, ഭയങ്ങൾ, പേടിസ്വപ്നങ്ങൾ നിങ്ങളെ കാത്ത് ഇരുളിൽ കഴിയുകയാണ്. അവയ്ക്ക് പ്രമുക്തി കൊടുക്കേണ്ടതു നിങ്ങളാണ്. നിങ്ങളിൽ അതിന്‍റെ തീ ഉണ്ടായിരിക്കണം. അത് നിങ്ങളെ അസ്വസ്ഥപ്പെടുത്തണം. അത് എഴുത്തിലേക്കു നിർബന്ധിച്ചുകൊണ്ടിരിക്കുന്നതായി കാണണം. അങ്ങനെ, അതീതമായ അസ്തിത്വം ഒരു സമസ്യയായി മുന്നിൽ വരുന്നതിനെക്കുറിച്ച് എഴുതിക്കൊണ്ടു മാത്രമേ അതിനെ കീഴടക്കാനാകൂ. ഓരോ നിമിഷവും നിങ്ങളുടെ പരിചരണം കാത്ത് വാക്കുകൾ മാത്രമല്ല, വസ്തുക്കളുമുണ്ട്.
പ്രമുഖ കഥാകൃത്ത് റെയ്മണ്ട് കാർവർ എഴുതി:
""ഒരു കഥയോ കവിതയോ സാധാരണ ചുറ്റുപാടിൽ, സാധാരണ വസ്തുക്കളെ ആശ്രയിച്ച് എഴുതാം. പക്ഷേ കൃത്യമായ ഭാഷ വേണം. ഒരു കസേരയോ ജാലകമോ സ്ത്രീയുടെ കാതിലെ കമ്മലോ ജാലക തിരശീലയോ ഫോർക്കോ എന്തുമാകട്ടെ, വർധിച്ച അത്ഭുതകരമായ ശക്തിയോടെ അവതരിപ്പിക്കണം''.അതു മറ്റുള്ളവർ കണ്ടിട്ടില്ലാത്ത രീതിയിൽ പകരണം. അപ്പോഴാണു നിങ്ങളുടെ മുദ്ര അതിൽ പതിയുന്നത്.
ടി. പദ്മനാഭന്‍റെ കഥ
ടി. പദ്മനാഭന്‍റെ ആത്മകഥാപരമായ കഥകളുടെ കാലമാണല്ലോ ഇത്. തന്നെ കാണാൻ വരുന്നവർ, സുഹൃത്തുക്കൾ, ഉദ്യോഗകാലത്തെ പരിചയക്കാർ, സംഗീത പരിപാടിക്ക് പോകുന്നവർ, സമ്മാനങ്ങളുമായി വരുന്നവർ, യാത്രയിൽ കണ്ടുമുട്ടുന്നവർ, വായനക്കാർ തുടങ്ങിയവരിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. അദ്ദേഹം ഓർമയിൽ നിന്ന് ചികഞ്ഞെടുക്കുന്നതാണത്. ഓർമകൾ വീണ്ടും ഓർക്കാനുള്ളതാണ്. വീണ്ടും വീണ്ടും ഓർക്കപ്പെടുന്നതോടെ അതിനു മാറ്റം സംഭവിക്കുന്നു. ഓർമയുടെ സ്വഭാവമാണത്. മനസിലെ ചിന്തകൾ, സമീപനം, അനുകമ്പ എന്നിവയുടെ അടിസ്ഥാനത്തിൽ ഓർമിക്കപ്പെടുന്ന വസ്തുവും മാറുന്നു. മാനങ്ങൾ മാറിക്കൊണ്ടിരിക്കും.
ഒരാൾ പ്രേമിച്ച പെണ്ണിനെക്കുറിച്ച് വർഷങ്ങളോളം ഓർമിക്കുകയാണ് എന്നിരിക്കട്ടെ. ഓർക്കും തോറും ആ ഓർമകൾ പുതുതായി മാറും. മുമ്പ് കാണാത്ത തലങ്ങൾ പൊന്തിവരും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നാം അതിനെ പുനർനിർവചിക്കും. യഥാർഥ പൊരുളിൽ ഓർമയെ കണ്ടെത്തുകയില്ല. നാം മാറുന്നതിനനുസരിച്ച് നമ്മുടെ ഓർമകൾ മാറും. ഓർമകൾ നവരസങ്ങളായി രൂപാന്തരപ്പെടുന്നു. നവരസങ്ങളിൽ നാം ജീവിക്കുന്നതു കൊണ്ട് ഓർമകൾക്കും ജീവിക്കാതിരിക്കാനാവില്ല.
ടി. പദ്മനാഭൻ ഓണക്കാലത്തെഴുതിയ "കൃഷ്ണൻ കുട്ടി' എന്ന കഥ പ്രാധാന്യമർഹിക്കുന്നു. അദ്ദേഹം കഥയെ ഭാവാത്മകതയിൽ ഹൃദ്യമാക്കുകയാണ്. ഓർമകളുടെ സുഗന്ധം പ്രസരിക്കുന്ന തരത്തിൽ മനുഷ്യൻ പെരുമാറുന്നു. മനുഷ്യനെ സ്നേഹിക്കാൻ തോന്നും. മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളുടെ തലത്തിൽ പരിശോധിക്കുമ്പോൾ ആളുകൾ പരസ്പരം വെറുക്കുകയാണ് ചെയ്യുന്നത്. വെറുക്കാൻ തയാറെടുക്കുന്നത് ഒരു പന്തയം പോലെയായിട്ടുണ്ട്. വാർത്തകൾ സമൂഹത്തിലേക്ക് പടർന്ന് അസ്വസ്ഥത സൃഷ്ടിക്കുകയാണ്.
മനുഷ്യർ വാർത്താരൂപത്തിൽ
ഓരോ മനുഷ്യനും വാർത്തയുടെ കാണി മാത്രമായി നിൽക്കാൻ ശ്രമിക്കാതെ വാർത്ത കൈയാളുന്നവനായി മാറുന്നു. വാർത്ത എന്ന പന്തത്തെ മനുഷ്യാകാരം പൂണ്ട രാക്ഷസനായി പരിവർത്തിപ്പിക്കുന്നു. മനുഷ്യർ വാർത്തയുടെ രൂപത്തിലേക്കു മാറുകയാണ്. മനുഷ്യർ തമ്മിൽ ഏറ്റുമുട്ടുന്ന തരത്തിൽ വാർത്തകൾ ഇടപെടുന്നു. ഇവിടെയാണ് പദ്മനാഭൻ കഥയിലൂടെ രമ്യതയെക്കുറിച്ചു സംസാരിക്കുന്നത്. അദ്ദേഹം സ്നേഹത്തെ ഓർമയിൽ നിലനിർത്തുന്നു. മനുഷ്യൻ വിചാരിക്കാൻ കൊള്ളാവുന്ന ഒരു വസ്തുവാണെന്ന ധാരണ പുനഃസൃഷ്ടിക്കുന്നു.
ജോർജ് സോണ്ടേഴ്സ് പറഞ്ഞത് ഇതിനോടു ചേർത്തുവച്ച് വായിക്കണം: "നിങ്ങൾ ഒരു കഥ വായിക്കുമ്പോൾ നിങ്ങൾക്കു ചുറ്റിനുമുള്ള ലോകത്തെക്കുറിച്ചു കുറച്ചു കൂടി അറിവുള്ളവരായി തീരുന്നു. ചുറ്റുപാടുകളോട് കുറേക്കൂടി ഇഷ്ടം തോന്നും'. ഇത് സംഭവിക്കുന്നത് കഥയിൽ സംവേദനക്ഷമമായത് എന്തെങ്കിലും ഉണ്ടാകുമ്പോഴാണ്. കെ.എ. സെബാസ്റ്റ്യന്‍റ "തീർന്നിട്ടില്ല' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 2) എന്ന കഥ വായിച്ചാൽ ഈ മാനസികാനുഭൂതി ലഭിക്കില്ല. അനേകം സംഭവങ്ങൾ കോർത്തിണക്കി പരത്തിപ്പറയുന്നതിലൂടെ കഥയുടെ ഭാവാത്മക ശക്തി നഷ്ടപ്പെടുന്നു. കഥ കലാരൂപമല്ലാതായിത്തീരുന്നു.
യു.പി. ജയരാജിന് കഥ എന്ന മാധ്യമത്തെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നു. കഥയിലൂടെ അദ്ദേഹം വിമർശിക്കുകയും അനീതിക്കെതിരേ അലറുകയും ചെയ്തു. എന്നാൽ, കഥ എന്ന രൂപത്തെ സംഗീതാത്മകമായ മൗനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.
ജയരാജിന്‍റെ "സ്വാർഥനായ ഒരഹങ്കാരിയുടെ ജീവിതത്തിൽ നിന്ന് ' എന്ന കഥ നിലവിലുള്ള രൂപത്തെ തന്നെ പൊളിച്ചെഴുതുകയാണ്. നാടകമോ ബഹളമോ ഒന്നുമില്ല. കഥ ശാന്തമായി ഒഴുകുന്ന ഒരു നദിയെ അനുസ്മരിപ്പിക്കുന്നു. ഈ കഥ തുടർച്ചയായ ആഖ്യാനമല്ല. ഏതാനും ഖണ്ഡികകൾ മാത്രമാണ്, അതിൽ ഓർമകൾ നൃത്തം ചെയ്യുകയാണ്. അത് ഒരു ശോക കഥയാണ് ആവിഷ്കരിക്കുന്നത്. ഓർമകൾ തിക്കിത്തിരക്കി വരുകയാണ്. കൗമാരകാലത്ത് തന്നെ ആവേശിച്ച പ്രണയത്തെ ഉപേക്ഷിച്ച് ലോകത്തു വലിയ മാറ്റങ്ങൾ കൊണ്ടുവരാമെന്ന പ്രതീക്ഷയിൽ ഏകാന്തനായി അലഞ്ഞതിൽ ദുഃഖിക്കുന്ന ഒരാളാണു കഥയിലുള്ളത്. കഥാകൃത്ത് അയാളുടെ മനസിലൂടെ സഞ്ചരിക്കുകയാണ്. അയാൾ എന്ന കഥാപാത്രം മാത്രമേയുള്ളൂ.
അയാൾ ഓർക്കുന്നു: "അവളുടെ പൂജാപുഷ്പങ്ങൾ പോലെ, എന്‍റെ മേൽ വന്നു പതിച്ച ആർദ്രമായ കണ്ണുകൾ എന്നെ വേദനയേൽപ്പിക്കുന്നു. ഒരിക്കലും ആരുമെന്നെ ഇത്രയേറെ പരാജയപ്പെടുത്തിയിട്ടില്ല. മൂന്നു വർഷങ്ങളായി ഞാനൊരു ക്രൂരമായ വിരോധത്തിലായിരുന്നു. ഒരു ഒളിച്ചുകളി. നഗരം വിടുന്നതിന്‍റെ ഒരു ദിവസം മുമ്പു വരെ ഞാനതു തുടർന്നു. ഞാൻ വളരെ വൈകിപ്പോയി. ഇപ്പോൾ അതും ഭൂതകാലത്തിന്‍റെ വെറുമൊരോർമയായി അധഃപതിച്ചുകൊണ്ടിരിക്കുന്നു. എന്നോട് ക്ഷമിക്കുക. ഞാൻ ക്രൂരനാണ്'.
സ്വപ്നങ്ങൾ അവസാനിപ്പിച്ച നായകനാണയാൾ. അയാൾക്കിപ്പോൾ സ്വന്തം ലോകമില്ല. മറ്റു പലതും നേടിയിട്ടുണ്ടാകാം. എന്നാൽ അയാൾക്ക് നഷ്ടമായത് ഇപ്പോൾ തിരിച്ചറിയുന്നു: അത് അയാളെ തന്നെയാണ്. ഈ കഥ വായിക്കുമ്പോൾ മനസിലേക്കു പല സംഭവങ്ങളും ഇരച്ചുവരും. അതു വായനക്കാരന്‍റെ ജീവിതത്തിൽ നിന്നുള്ളതാകാം. വായനക്കാരനെ ഉണർത്തുന്ന കഥയാണിത്. നാം ജീവിച്ചത് ആത്മവഞ്ചനയുടെ പാതയിലായിരുന്നോ എന്നു നൊമ്പരപ്പെടുത്തി ചിന്തിപ്പിക്കുകയാണ്. തിരിച്ചു പിടിക്കാനാവാത്ത നന്മകൾ പൊങ്ങുതടി പോലെ ഒഴുകുന്നു.
കഥാകൃത്ത് ചില വാചകങ്ങൾ കൊണ്ട് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ അത് ആർദ്രമായ മനുഷ്യഹൃദയത്തെ ഓർമിപ്പിക്കുന്നു. മനുഷ്യനിൽ ഉറങ്ങിപ്പോയ സാക്ഷിയെ മുഖാമുഖം നിർത്തുന്നു. കഥ ഇങ്ങനെയാണു പ്രവർത്തിക്കേണ്ടത്. കഥയിൽ സൗന്ദര്യാനുഭവത്തിനുള്ള ഇടമുണ്ടാകണം. അതു സിനിമയിലെ രംഗങ്ങളുടെ വിവരണമാകരുത്. കാൽ നൂറ്റാണ്ടിന്‍റെ ചരിത്രത്തിൽ മലയാള കഥ ദയനീയമായി വിസ്മൃതമാവുകയാണ്. ജീവിതത്തിൽ നിന്നുള്ള അകൽച്ചയും ആന്തരികമായ ശൂന്യതയുമാണ് ഇതിന് ആക്കം വർധിപ്പിക്കുന്നത്.
രജത രേഖകൾ
1) ശ്രീനിവാസൻ
നടൻ ശ്രീനിവാസന്‍റെ വിയോഗം ഒരു മനോഭാവത്തിന്‍റെ നഷ്ടമാണ് മലയാള സിനിമയിൽ പ്രതിഫലിപ്പിക്കുന്നത്. മുഖ്യധാരാ സിനിമയുടെ മനഃശാസ്ത്രത്തിനകത്തു കയറിയിരുന്നാണ് അദ്ദേഹം അഭിനയിച്ചത്. സിനിമയുടെ ആസ്വാദനത്തിന്‍റെ മുൻഗണനകളിൽ വരാത്ത ഒന്നായി സ്വയം പ്രതിഷ്ഠിക്കുകയും അങ്ങനെ സ്വയം വിമർശിക്കാനും പരിഹസിക്കാനുമുള്ള ഒരിടം സൃഷ്ടിക്കുകയുമാണ് ശ്രീനിവാസൻ ചെയ്തത്.
അതുകൊണ്ട്, തന്നെ തള്ളിപ്പറയാൻ പ്രത്യേക പ്രയത്നം പ്രേക്ഷകർക്ക് വേണ്ടിവരില്ല എന്ന ആത്മനിന്ദ കലർന്ന പ്രതിഷേധമാണ് അദ്ദേഹത്തിന്‍റെ സിനിമകളിലും കഥാപാത്രങ്ങളിലും കാണാനാവുന്നത്. സിനിമയ്ക്കകത്ത് അതിനോടിണങ്ങാതെ, പ്രത്യേക പരിഗണനകളിൽ തളച്ചിടപ്പെടാതെ അരികുകളിൽ ജീവിക്കുന്നതിനെ പ്രേക്ഷകർ നോക്കുന്നതിന്‍റെ മനോഭാവം കൃത്യമായി വിശകലനം ചെയ്യാൻ ആ ചിത്രങ്ങൾ ഉപകരിക്കും. സിനിമയ്ക്കുള്ളിലേക്ക് സിനിമയിലൂടെ തന്നെ ഒരു അപരനോട്ടം സാധ്യമാക്കിയ നടനാണദ്ദേഹം.
2) നാരായണി മുത്തശ്ശി
മഴ മനസിൽ സൃഷ്ടിച്ച ഭാവ തരളതകൾ ഒന്നൊന്നായി നിരത്തുകയാണ് നാരായണി മുത്തശ്ശി "മഴ' (പ്രഭാതരശ്മി,
നവംബർ ) എന്ന കവിതയിൽ.
"എല്ലാരുമൊപ്പമായ് പങ്കിടും നിർവൃതി
കാവ്യമായി കേട്ടുകുളിർക്കട്ടെ കർണങ്ങൾ
സസ്യജാലത്തിൻ വർണക്കുടമാറ്റമായ്
പെയ്യുന്നു തേന്മഴ മനതാരിലൊക്കെയും!
കൊള്ളിയാൻ മിന്നുന്ന ഭാവനയെന്തെന്തു
ഭാവഭേദങ്ങൾ വരുത്തുന്നു ഭൂവിതിൽ'.
3) കേന്ദ്ര സാഹിത്യ അക്കാദമി
ഈ വർഷം കേന്ദ്ര അക്കാദമി പ്രഖ്യാപിക്കാനിരുന്ന അവാർഡുകൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇടപെട്ടു തടഞ്ഞത് പത്രത്തിൽ വായിച്ചു. അക്കാദമി സ്വയംഭരണ സ്ഥാപനമായതുകൊണ്ട് അതിൽ സർക്കാർ ഇടപെടരുതെന്നു വാദിക്കുന്നത് ന്യൂനപക്ഷത്തിന്‍റെ സാംസ്കാരിക പൊങ്ങച്ചത്തിനു നല്ലതാണ്. എന്നാൽ അക്കാദമി അവാർഡുകൾ കൊടുക്കുന്നതിൽ നേരത്തേ തന്നെ ദുരൂഹതയുണ്ടായിരുന്നു. ഈ വർഷമാണു പത്രങ്ങളിൽ പരസ്യം നൽകി കൃതികൾ ക്ഷണിച്ചത്. അതുകൊണ്ട് എല്ലാം നേരെയായി എന്നു പറയാനൊക്കില്ല.
മുൻ വർഷങ്ങളിൽ ഒരു ഗ്രന്ഥകാരന് നേരിട്ട് തന്‍റെ കൃതി അവാർഡിന് സമർപ്പിക്കാൻ കഴിയില്ലായിരുന്നു. കേരള സാഹിത്യ അക്കാദമി, സാഹിത്യ പരിഷത്ത്, മലയാളം സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ മുഖേനയാണ് കൃതികൾ അക്കാദമിയുടെ പരിഗണനയ്ക്കു വന്നിരുന്നത്. ഈ സ്ഥാപനങ്ങൾക്ക് നിക്ഷിപ്ത താത്പര്യമുള്ളതുകൊണ്ട് സ്വതന്ത്രനായ എഴുത്തുകാരന് അക്കാദമി അവാർഡ് കിട്ടുക പ്രയാസമാണ്.
കുറേ വർഷങ്ങളായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊടുത്തത് മികച്ച കൃതികൾക്കല്ല, മികച്ച വ്യക്തികൾക്കായിരുന്നു. കൊള്ളാവുന്ന കൃതികളെ പല രീതിയിൽ വക മാറ്റി പിന്നിലേക്കു തള്ളിയിട്ടു. സർക്കാർ ഇടപെട്ടതു നന്നായി. സാംസ്കാരിക രംഗത്ത് രാഷ്‌ട്രീയ പാർട്ടികളുടെ ആളുകൾ ഇടപെടുന്നതു തിരുത്താനാവാത്ത തെറ്റാണ്. സ്വജനപക്ഷപാതമാണ് അതിന്‍റെ സ്വഭാവം. എല്ലാം "ഞങ്ങളുടെ ആളുകൾക്ക് ' എന്ന പരിഗണന വരുന്നതോടെ ജനാധിപത്യവും ആശയപരമായ മുന്നേറ്റവും അസ്തമിക്കും.
4) ഗുരു- ഗാന്ധി സമാഗമം
ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്‍റെ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ച "ഗുരുവും ഗാന്ധിയും - നൂറ്റാണ്ടിന്‍റെ തേജസ്' എന്ന പുസ്തകം ശ്രദ്ധയാകർഷിക്കുന്നു. ശ്രീനാരായണ ഗുരുദേവനെ മഹാത്മാ ഗാന്ധി ശിവഗിരിയിൽ സന്ദർശിച്ചതിന്‍റെ ശതാബ്ദി പ്രമാണിച്ച് പ്രമുഖരായ പലരിൽ നിന്നു ലേഖനങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച ഈ കൃതി കേരളത്തിന്‍റെ സാമൂഹ്യ, സാംസ്കാരിക കാലാവസ്ഥാ പരിശോധനയ്ക്കു വിധേയമാക്കുന്നു. ഡോ. തിയോഡോഷ്യസ് മാർതോമാ മെത്രാപ്പൊലീത്ത, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, അജയ് ശേഖർ, എം. ലിജു, എം.കെ. ഹരികുമാർ തുടങ്ങിയവർ എഴുതിയിരിക്കുന്നു. പി.ആർ. പ്രകാശാണ് എഡിറ്റർ.
5) എം. കൃഷ്ണൻ നായർ
മലയാള സാഹിത്യത്തിലെ അടിയൊഴുക്കുകളും ഗൂഢനീക്കങ്ങളും സസൂക്ഷ്മം വീക്ഷിച്ചു തുറന്നുപറഞ്ഞ് സത്യസന്ധതയുടെ ആൾരൂപമാകാൻ കഴിഞ്ഞത് പ്രൊഫ. എം. കൃഷ്ണൻ നായർക്കു മാത്രമാണ്. അദ്ദേഹം പുസ്തകം വായിച്ചത് സാധാരണക്കാർക്കു പ്രയോജനകരമായി. വിമർശിക്കപ്പെട്ടവർ അദ്ദേഹത്തെ ബഹിഷ്കരിച്ചിട്ടുണ്ടാകാം. എന്നാൽ കൃഷ്ണൻ നായരാണ് വായനയെ ജനാധിപത്യവത്കരിച്ചത്. ഒരു പാരലൽ കോളെജ് അധ്യാപകൻ 80കളിൽ ഈ ലേഖകനോട് പറഞ്ഞു: "എം. കൃഷ്ണൻ നായരാണ് യഥാർഥ വിമർശകൻ, അദ്ദേഹത്തെ ഒരാഴ്ച പോലും വായിക്കാതിരുന്നിട്ടില്ല'.
6) രണ്ടു പുസ്തകങ്ങൾ
ഈ ലേഖകന്‍റെ രണ്ടു പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. "കരുണ - കാരുണ്യത്തിന്‍റെ അദൃശ്യത' (ബ്ലൂ ഇങ്ക് ബുക്സ്, കണ്ണൂർ), ഒരു ജാതി, ഒരു മതം, ഒരു ദൈവം (ബോധി ബുക്സ്, കൊല്ലം) എന്നിവ. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ആശാന്‍റെ "കരുണ'യെക്കുറിച്ച് നിലനിന്ന ബുദ്ധമത, മോക്ഷ സങ്കല്പ വായനകളെ നിരാകരിക്കുന്ന കൃതിയാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നീ ആശയങ്ങൾ എന്താണെന്ന് വിശദീകരിക്കുന്ന ഒരു കൃതിയുണ്ടാകുന്നത്.