നരേന്ദ്രപ്രസാദിന്‍റെ നോവൽ @50

 
Literature

നരേന്ദ്രപ്രസാദിന്‍റെ നോവൽ @50

അദ്ദേഹത്തിന്‍റെ 'അലഞ്ഞവർ അന്വേഷിച്ചവർ' എന്ന നോവൽ 1976 ലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഈ കൃതിക്ക് അമ്പത് വയസ്

MV Desk

അക്ഷരജാലകം| എം.കെ.ഹരികുമാർ

പ്രൊഫ.ആർ.നരേന്ദ്രപ്രസാദിനെ ആളുകൾ ഏറ്റവുമധികം അറിയുന്നത് ഒരു സിനിമാനടനായാണ്. അദ്ദേഹം അവിടെ തന്റേതായ ശൈലിയും ശാബ്ദികമായ സാന്നിധ്യവും ഉറപ്പാക്കുക തന്നെ ചെയ്തു. കഥാപാത്രത്തെ വ്യാഖ്യാനിച്ച നടനാണദ്ദേഹം.ആധുനിക സാഹിത്യത്തിലും കലയിലും അറിവ് നേടിയ എഴുത്തുകാരനും നാടക സംവിധായകനുമായിരുന്നു നരേന്ദ്രപ്രസാദ്. അദ്ദേഹത്തിന്‍റെ 'സൗപർണിക' എന്ന നാടകം രംഗത്തവതരിപ്പിച്ചത് രംഗകലയെക്കുറിച്ചുള്ള പാഠത്തെ പുതുക്കുന്നതിന് വേണ്ടിയായിരുന്നു.നരേന്ദ്രപ്രസാദ് ഒരു പരീക്ഷണശാലയായിരുന്നു. അദ്ദേഹം ബുദ്ധിപരമായ ജീവിതമാണ് ജീവിച്ചത്. എന്നാൽ അദ്ദേഹത്തിലെ കലാകാരൻ ഒരു സ്വതന്ത്രമനുഷ്യനായിരുന്നു. ഒരിടത്തും ഉറച്ചുനിൽക്കാതെ, ലക്ഷ്യമില്ലാതെ അലഞ്ഞ ഒരാന്തരിക മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. തന്‍റെ സഞ്ചാരത്തെ ഒരു ഉറുമ്പിന്‍റെ സഞ്ചാരത്തോട് ഉപമിക്കാമെന്ന് ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതോർക്കുന്നു.

അദ്ദേഹത്തിന്‍റെ 'അലഞ്ഞവർ അന്വേഷിച്ചവർ' എന്ന നോവൽ 1976 ലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഈ കൃതിക്ക് അമ്പത് വയസ്സായിരിക്കുന്നു. 1970കളുടെ സംവേദനപരമായ ഭാരവും ഭ്രാന്തും ആവാഹിച്ച കൃതിയാണിത്. 1946 ലോ '47 ലോ ജനിച്ച രാഘവൻ എന്ന കഥാപാത്രത്തിലൂടെയാണ് നോവൽ ആവിഷ്കൃതമാകുന്നത്. നരേന്ദ്രപ്രസാദ് ജനിച്ചതും ഈ കാലത്താണല്ലോ. ആ കാലത്ത് ജനിച്ചവർ പൊതുവേ ഉൾക്കൊണ്ട ചരിത്രപശ്ചാത്തലവും കുടുംബപരമായ പ്രതിസന്ധികളും രാഘവനും ബാധകമാ യിരുന്നു.ഉമയമ്മറാണിയുടെ പല്ലക്ക് ചുമക്കുന്നവരുടെ കുതികാൽ വെട്ടിയ കുടുംബത്തിന് പലായനം ചെയ്യേണ്ടിവന്നു. ആ കുടുംബപരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണിയാണ് രാഘവൻ. അവൻ അഭ്യസ്തവിദ്യനായെങ്കിലും അതിനു പറ്റിയ ജോലിയോ പദവിയോ ലഭിച്ചില്ല. അതിനുള്ള സാഹചര്യം അവൻ തേടിയില്ല എന്നതാണ് യാഥാർത്ഥ്യം. അവൻ കാലത്തിന്‍റെ ഒഴുക്കിനൊപ്പം നീങ്ങി. ചിലപ്പോൾ അവൻ വിപ്ലവകാരിയായി. പുതിയൊരു ഭരണവ്യവസ്ഥ സ്വപ്നം കണ്ടു. സ്വകാര്യ കോളെജ് അധ്യാപകനായി. തീവ്രവാദത്തിലും രാഷ്ട്രീയത്തിലും രതിയിലും അവൻ കാലിടറി വീണു കൊണ്ടിരുന്നു.

കലാപരമായ ഔന്നത്യം

അവൻ തന്‍റെയുള്ളിലെ ചിതറിയ വ്യക്തികൾക്ക് ആവിഷ്കാരം നൽകുകയാണോ എന്ന് ശങ്കിക്കാവുന്നതാണ്. അവനിൽ വ്യക്തിത്വത്തിന്‍റെ ഒരു ഏകശിലാ രൂപമില്ലായിരുന്നു. അവൻ പലതായിരുന്നു. അവൻ സ്ത്രീകളിലേക്ക് ആകർഷിക്കപ്പെട്ടെങ്കിലും അവരിൽ തേടിയത് വിശുദ്ധ പ്രേമമല്ല ,മറവിയാണ്. രതിയിലൂടെ അവൻ കൂമ്പൊടിഞ്ഞ തന്റെ പ്രയാണത്തിന്റെ ചരമശുശ്രൂഷയാണ് അനുഷ്ഠിച്ചത്. അവൻ ആരെയും ഓർത്തില്ല. ഓർക്കാൻ മാത്രം ആർക്കും അവനെ സ്വാധീനിക്കാനായില്ല. ഒടുവിൽ അവൻ ഒരു കുന്നിൽ നിന്ന് വീണ് മരിക്കുകയാണ്. അർത്ഥശൂന്യമായ ഒരു ജീവിതമാണെന്നറിഞ്ഞുകൊണ്ടാണ് അവൻ ജീവിച്ചത്.ജീവിതത്തിനെതിരായ ഗൂഢാലോചനയിൽ അവൻ തന്നെ ഏർപ്പെട്ടു.ഒരു ദേശത്തിന്‍റെ പുരാവൃത്തവും മിത്തും കൂട്ടിക്കലർത്തി ഗ്രാമത്തിന്റെയും മനുഷ്യരുടെയും അടിത്തട്ടിലേക്ക് സഞ്ചരിക്കുന്ന ഈ നോവൽ കലാപരമായി ഉയർന്നുനിൽക്കുന്നു.

നരേന്ദ്രപ്രസാദ് ഒരു നോവൽ മാത്രം എഴുതിയെന്നത് ഒരു കുറവല്ല; ഒരു നോവൽ എഴുതിയെന്നതാണ് പ്രധാനം. തനിക്ക് പറയാനുള്ളതെല്ലാം ഒരു നോവലിൽ ആവിഷ്കരിച്ചു; അത്രമാത്രം. വിശ്രുത ലാറ്റിനമേരിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോ ഒരേയൊരു നോവലാണ് എഴുതിയത് - പെഡ്രോ പരാമോ. അത് ഒരു പരിമിതിയല്ല .താൻ നോവലെഴുത്തുകാരനായി വളരാൻ ഇടയാക്കിയത് 'പെഡ്രോ പരാമോ' വായിച്ചതുകൊണ്ടാണെന്ന് നോബൽ സമ്മാനം ലഭിച്ച ഗാർസിയ മാർകേസ് പറഞ്ഞിട്ടുണ്ട്. ഒരു ഡസൻ നോവൽ എഴുതുമ്പോൾ മാത്രമേ നോവലിസ്റ്റാകൂ എന്ന് ശഠിക്കുന്നത് ശരിയല്ല. ഒരു നോവൽ എഴുതുമ്പോഴും നോവലിസ്റ്റാണ് .പിന്നീട് നോവൽ എഴുതാത്തത് ഒരു പരാജയമല്ല. നോവലിസ്റ്റിന് പോലും തന്‍റെ കൃതി പിൻവലിക്കാൻ അവകാശമില്ല .മഹത്തായ ഒരു കൃതിയെ അതിന്‍റെ കർത്താവ് തള്ളിക്കളഞ്ഞാലും വായനക്കാർ ഉപേക്ഷിക്കുകയില്ല. കാഫ്കയുടെ കാര്യത്തിൽ അതാണല്ലോ സംഭവിച്ചത്. അദ്ദേഹം കത്തിച്ചു കളയാൻ പറഞ്ഞ കൃതികളാണ് പിന്നീട് ലോകസാഹിത്യത്തിന് പുതിയ മുഖം നൽകിയത്.

നോവലിന്‍റെ ഗദ്യം ഒരു ബിംബം

നരേപ്രസാദിന്‍റെ 'അലഞ്ഞവർ അന്വേഷിച്ചവർ' ആധുനികതയുടെ കാലത്ത് പ്രത്യക്ഷപ്പെട്ടതുകൊണ്ട് അതിൽ ആ കാലത്തിന്‍റെ പൊതുവായ ചില അടയാളങ്ങൾ വന്നുചേരുന്നത് സ്വാഭാവികമാണ്.മഹാകാവ്യങ്ങളുടെ കാലത്ത് എഴുതപ്പെട്ട കൃതികളിൽ ചില സാദൃശ്യങ്ങൾ കണ്ടെത്താനാവും. 'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചവർക്ക് 'അലഞ്ഞവർ അന്വേഷിച്ചവർ' നന്നായി ആസ്വദിക്കാനാവും. ഒരു നോവൽ ആസ്വദിക്കാനുള്ള ഉപകരണങ്ങൾ മനസ്സിലാണ് ഉണ്ടാവേണ്ടത് .അത് ഒരു ലാബോറട്ടറിയിൽ ലഭ്യമല്ല.ഒരു സ്ഥാപനത്തിനും അതിന്‍റെ കുത്തകയില്ല. നോവൽ ഒരു കലാരൂപമാണ് .അതിന്‍റെ ഗദ്യം ഭാവനയുടെ ബിംബമാണ്, കലയാണ്. ഗദ്യം സ്ഥൂലമായി കടലാസിൽ നീണ്ടുകിടക്കുന്നു. ഒരു വാചകമല്ല, നോവലിന്‍റെ ആകെ ഗദ്യം ഒരു ബിംബമായി കാണാവുന്നതാണ്. അതൊരു പ്രതിഫലനമാണ്. പല മനുഷ്യരിൽ, വസ്തുക്കളിൽ, സ്വപ്നങ്ങളിൽ, ചിന്തകളിൽ, ചരിത്രത്തിൽ ചിതറിക്കിടക്കുന്ന തീവ്രദുഃഖത്തെയും സമ്മോഹനമായ പ്രതീക്ഷകളെയും കൂട്ടിയിണക്കുകയാണ് ഗദ്യം.നരേന്ദ്രപ്രസാദിന്‍റെ ഗദ്യം ആ നിലയിൽ സമർത്ഥമാണ്. അത് സ്വാതന്ത്ര്യലബ്ധിയുടെ കാലത്തിന് മുമ്പും അതിന്‍റെ സമീപത്തുമുള്ള മാനുഷികബന്ധങ്ങളെ പരിശോധിക്കുന്നു. ധാർമികമായ ശക്തി നഷ്ടപ്പെട്ടതുകൊണ്ട് മനുഷ്യർക്ക് ജീവിതത്തിൽ പിൻവാങ്ങേണ്ടി വരുന്നു. ഒരു യുദ്ധക്കളമാണ് ജീവിതം. അവിടെ ആയുധം ഉപേക്ഷിച്ചുപോകുന്നവരെ നാം കാണുന്നു.

മധ്യതിരുവിതാംകൂറിന്‍റെ ഒളിച്ചോട്ടജീവിതങ്ങളുടെ ദുഃഖവും ചിതറലും അദ്ദേഹം ഗഹനമായി നോവലിൽ കൊണ്ടുവരുന്നുണ്ട്.ഇതിന്റെ ഭാരം ഏറ്റെടുത്ത രാഘവൻ എന്ന കഥാപാത്രം അതിന്റെ ആത്മീയമായ ചിതയിൽ വെന്തെരിയുകയാണ്. രാഘവൻ മദ്യപിച്ചും പിടിവിട്ടും ജീവിച്ചു ;സ്വപ്നങ്ങളെ തല്ലിക്കൊഴിച്ചു.അങ്ങനെ താഴെ വീഴുന്നു. അത് കേരളീയ ജനതയുടെ ഒരു കാലഘട്ടത്തിന്‍റെ ആത്മീയമായ പരിച്ഛേദമാണ്. എത്രയോ കഥകളിൽ ഈ അവസ്ഥ വിവരിക്കപ്പെട്ടിട്ടുണ്ട്.

കഥാപാത്രം ഒരു വ്യക്തിയല്ല

ദസ്തയെവ്സ്കി 'അടിത്തട്ടിൽ നിന്നുള്ള കുറിപ്പുകൾ' എന്ന നോവലിൽ ചെയ്തതുപോലെ സ്വയം കീറിമുറിച്ച് നോക്കുന്ന പ്രതീതിയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒരു ജനതയുടെ ആത്മീയമായ ഭയാശങ്കകളെയും ലക്ഷ്യം നഷ്ടപ്പെട്ട യാത്രകളെയും രാഘവനിലൂടെ അഭിവ്യഞ്ജിപ്പിക്കുകയാണ് .ഈ കഥാപാത്രത്തെ കേവലം വ്യക്തിയായി മാത്രം കാണേണ്ടതില്ല .അത് ഒരു കാലവും കാലാവസ്ഥയുമാണ്. ഒരു സമ്മിശ്രശബ്ദമാണത് .അതിൽ പല കാലങ്ങളും പല സ്ഥലങ്ങളും പല മനുഷ്യരും ഉയിർകൊള്ളുകയാണ്.

'അലഞ്ഞവർ അന്വേഷിച്ചവർ' വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് പലർക്കും തോന്നിക്കാണും. അതിൽ അത്ഭുതമില്ല. തന്‍റെ സാഹിത്യജീവിതത്തിൽ നരേന്ദ്രപ്രസാദ് പോലും ഒരു പ്രത്യേക സാഹിത്യശാഖയിലുള്ള തന്‍റെ പ്രകടനത്തിന് ഊന്നൽ കൊടുത്തിട്ടില്ല. 'പതിനൊന്ന് കഥകൾ'ക്ക് മഹത്തായ അവതാരിക എഴുതിയ നരേന്ദ്രപ്രസാദിന് ആ നിലയിൽ മലയാളസാഹിത്യം ഒരാദരവ് നല്കിയിട്ടില്ലല്ലോ. കടമ്മനിട്ടയുടെ കവിതകൾക്ക് ദീർഘമായ അവതാരിക എഴുതിയ അദ്ദേഹം വിമർശനത്തിൽ സ്വന്തം ആത്മവായനയാണ് സാധ്യമാക്കിയത്. അതും ഇവിടെ സസൂക്ഷ്മം പഠിക്കപ്പെട്ടില്ല. ഈ ലേഖകൻ 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്‍റെ സ്വംവായന'(ബോധി ബുക്സ്) എന്ന പേരിൽ സമീപകാലത്ത് പ്രസിദ്ധീകരിച്ച പുസ്തകം പുതിയ വിമർശനത്തെ അദ്ദേഹം എത്രത്തോളം കലാപരമായ ആവിഷ്കാരം കൊണ്ട് നിറച്ചു എന്ന് വിശദീകരിക്കുന്നുണ്ട്.

നരേന്ദ്രപ്രസാദ് ഒരു നവസംവേദനത്തിന്റെ പാതയിലാണ് ജീവിച്ചത്. ഈ നവസംവേദനം ഒരു പ്രത്യേക കഥാപാത്രത്തെയോ തത്വശാസ്ത്രത്തെയോ രാഷ്ട്രീയപക്ഷത്തെയോ സംഘടനയെയോ തോളിലേറ്റുന്ന വിദ്യയായിരുന്നില്ല. വളരെ ഏകാന്തവും സ്വതന്ത്രവുമായ ഒരു ആത്മീയ, സർഗാത്മക മാർഗ്ഗമാണത്. യാതൊന്നിന്‍റെയും വാർപ്പു മാതൃകയാവുകയല്ല, എല്ലാ മാർഗങ്ങളെയും നിരാകരിക്കുകയാണ് സൃഷ്ടികർത്താവ് എന്ന നിലയിൽ അദ്ദേഹം ചെയ്തത് .

നോവലിസ്റ്റിന്‍റെ ദിവ്യജ്ഞാനം

ഒരു കഥാപാത്രത്തിന്‍റെ നല്ലസ്വഭാവം നോക്കിയല്ല ഒരു കൃതി വായിക്കേണ്ടത്. സർക്കാർ അംഗീകരിച്ച നല്ല സ്വഭാവം മാത്രം മാനദണ്ഡമാക്കിയാൽ ശ്രീബുദ്ധനെ പോലും നമുക്ക് അംഗീകരിക്കാനാവില്ല. ബുദ്ധൻ യുവാവായിരിക്കെ കൊട്ടാരം വിട്ടുപോയത് തന്നിഷ്ടപ്രകാരമായിരുന്നു .പിന്നീട് കൊട്ടാരമല്ല, കാടും തെരുവുമായിരുന്നു ആശ്രയം. അതൊന്നും ബുദ്ധന്റെ കുറവുകളായി ആരും കാണുകയില്ല. ശരിയായ പൊരുൾ അല്ലെങ്കിൽ ജീവിതലക്ഷ്യം കൃത്യമായി മനസ്സിലാക്കാനാവാത്ത ഒരു ഘട്ടത്തിൽ ഉള്ളിൽ നിന്ന് വരുന്ന പലവിധ ആവേഗങ്ങൾക്ക് അടിപ്പെട്ട് ഉഴലുന്ന ഒരു സാഹചര്യമുണ്ടാവും. ഒരു തലമുറയെക്കുറിച്ച് വ്യാകുലപ്പെടുന്ന നോവലിസ്റ്റ് നഷ്ടപ്പെട്ട കാലത്തെ വീണ്ടുവിചാരം ചെയ്ത് ദിവ്യജ്ഞാനം പ്രസരിപ്പിക്കുന്നു.തന്റെ തലയ്ക്ക് മുകളിൽ തെളിയുന്ന അപൂർവ്വമായ ഒരു ആകാശക്കീറിനെയാണ് ആ ദിവ്യജ്ഞാനത്തിലൂടെ കാണിച്ചു തരുന്നത് .വിഭ്രമാത്മകവും അത്യാനന്ദകരവുമായ വികാരങ്ങളുടെ സംയോജനമാണത്. ഓരോ നിമിഷവും ജീവിച്ച എഴുത്തുകാരനാണദ്ദേഹം എന്ന് ഇത് ബോധ്യമാക്കിത്തരും.തന്‍റെ ആന്തരിക ലോകത്ത് അടിഞ്ഞുകൂടിയ അന്ധതയെ വകഞ്ഞു മാറ്റി പ്രകാശത്തിന്റെ ഒരു തുണ്ട് കണ്ടെത്തുകയാണ്. കാലത്തിന്‍റെ വീണ്ടെടുപ്പ് അസാധ്യമാണെന്നറിയുന്ന മനുഷ്യമനസ്സ് വിനീതമായി കീഴടങ്ങുന്നു.

ആ രംഗം നോവലിസ്റ്റ് ഇങ്ങനെ ചിത്രീകരിക്കുന്നു:'ഗൗരിയുടെ കണ്ണ് നിറഞ്ഞു. അവൾ എന്തൊക്കെയോ ആലോചിച്ചു. പഴയ കാര്യങ്ങൾ. പഴയ മുഖങ്ങൾ .പഴയതൊന്നും ആലോചിക്കരുത്. മനസ്സ് ആടിപ്പോകും. കാൽ കുത്തുന്ന മണ്ണിൽ കാരണവന്മാരുടെ പ്രേതങ്ങളാണ്.'

കൃഷ്ണൻ എന്ന കഥാപാത്രത്തിന്‍റെ ഈശ്വരൻ ശ്രീകൃഷ്ണനല്ലായിരുന്നു, ബുദ്ധനല്ലായിരുന്നു, കൊറ്റാർകാവിൽ ദേവിയല്ലായിരുന്നു എന്നെഴുതിയിട്ട് നോവലിസ്റ്റ് അത് ഇങ്ങനെ സംഗ്രഹിക്കുന്നു: 'അവനെ സംബന്ധിച്ചിടത്തോളം ദൈവം എല്ലാ സ്ഥലത്തിന്റെയും എല്ലാ കാലത്തിന്‍റെയും അധിപനായിരുന്നു. സൗകര്യപൂർവ്വം ധ്യാനിക്കാനും മന:ശാന്തി വരുത്താനുമുള്ള ഒരുപകരണമാക്കിയിരുന്നു ദൈവത്തെ. ആ പുതിയ ദൈവം അവനെ നയിച്ചു.'

ദൈവത്തെ അറിയുന്നവന്‍റെ നിമിഷമാണത് ;ദൈവത്തെ അംഗീകരിച്ചവന്റെ നിമിഷമല്ല. ഓർമ്മകൾ തികട്ടി വരും.പരിക്ഷീണിതനായവന് ഓർമ്മകൾ ഭക്ഷ്യവസ്തുവാണ്. അവൻ അതുകൊണ്ടാണ് ജീവിക്കുന്നത്.

അത് കൈയ്പും പുളിയും നിറഞ്ഞതാണ്. 'എല്ലാ കഥകളും ഓർക്കേണ്ടതില്ല. പക്ഷേ അവ അവസാനിക്കാതെ കിടക്കുന്നു. ഒരു ശ്രംഖല പോലെ.വെട്ടിക്കിളച്ചുകളഞ്ഞാലും അടുത്ത മഴയ്ക്ക് കിളിർക്കുന്ന കാശിത്തെറ്റകൾ പോലെ.'

ഓർമ്മകൾ തലച്ചുമടായി കൊണ്ടുനടന്നവരുടെ വിലാപങ്ങൾ അസ്തമിക്കുന്നില്ല .നിരർത്ഥകതകൾ കരിനിഴൽ പോലെ വന്ന് ഭയപ്പെടുത്തുകയാണ്. ശാന്തിയില്ലാത്തവർക്ക് എന്ത് ആശയം? ഈ തുടർച്ചയിൽ അമരുക തന്നെ.

'പുതിയ നിറങ്ങളോടെ ,ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്ക് നിസ്സഹായമായി നീളുന്ന ബീജം .ലാളിത്യഗീതങ്ങൾ നഷ്ടപ്പെട്ട ബീജത്തിന്റെ ശക്തനൃത്തങ്ങൾ. വരൾച്ചയിൽ, കോലാഹലത്തിൽ, തണുപ്പിൽ ,കാപട്യത്തിൽ ഒളിഞ്ഞിരിക്കുന്ന ബീജത്തിന്റെ പുല്ലാങ്കുഴൽ വിളികൾ.' അപ്രതിരോധ്യമായ ജനമൃതിയുടെ ആരവങ്ങൾക്കിടയിൽ ഏകാത്മക മനസ്സുള്ള ഒരുവൻ നിരർത്ഥകതയെ അറിയുന്നു.

ആവർത്തനങ്ങൾ

എല്ലായിടത്തും നാം ആവർത്തിക്കുന്നു; അല്ലെങ്കിൽ നാം മറ്റുള്ളവരുടെ ആവർത്തനമായി തുടരുന്നു.'കഥകൾ എല്ലായിടത്തും ഒന്നുതന്നെയാണ്. രാഘവൻ വിചാരിക്കുകയായിരുന്നു. തമിഴ് സംസാരിക്കുകയും തമിഴ് മണം ചുഴറ്റുകയും ചെയ്യുന്ന ഈ വരണ്ട കാറ്റിന്റെ നഗരത്തിൽ നടക്കുന്ന കഥകൾ, തന്‍റെ ആ പഴയ നാട്ടിലെ കടൽത്തീരങ്ങൾ പറയുന്നവ തന്നെ. താൻ ജോലി ചെയ്യുന്ന ഈ അനാഥാലയത്തിലെ മനുഷ്യർ വർഷങ്ങൾക്കു മുൻപ് ,നൂറുകണക്കിന് മൈലുകൾക്കകലെ, വല്യകുളത്തിന് ചുറ്റും അലിഞ്ഞു നടന്നവർ തന്നെ.'

നോവലിസ്റ്റിന്‍റെ ദിവ്യജ്ഞാനം പരാഗം പോലെ ഈ നോവലിൽ തൂവിക്കിടക്കുന്നു. ജ്ഞാനേന്ദ്രിയമാണ് വാക്ക്. 'നഗ്നമായ ആത്മാവ് എവിടെയോ മൂർച്ഛിച്ചു കിടന്നു .ഉല്ലാസങ്ങൾ നശ്വരമായ ശരീരത്തിന്‍റെ മുക്കിലും മൂലയിലും തളം കെട്ടിക്കിടന്നു. അപ്പോൾ അവർ യാഗം ചെയ്തു. ഹോമകുണ്ഡത്തിന് ചുറ്റും അവർ താണ്ഡവനൃത്തം നടത്തി. സർപ്പങ്ങളായി അഗ്നിയുയർന്നു.'

മനുഷ്യർക്ക് ജീവിതം വ്യക്തമായി തോന്നുമ്പോൾ അറിയത്തക്കതല്ലാതെ ലോകങ്ങൾ അവരെ അതിരുകൾക്കപ്പുറത്തേക്ക് വിളിക്കുന്നു.

രാഘവൻ എന്ന കഥാപാത്രം 'പൂർണ്ണതയിൽ അപൂർണ്ണത കാണുക'യാണ്.അത് അവന്‍റെ വിധിയാണ് .അവർ ഭ്രാന്തന്മാരാകുന്നു. വേശ്യകളാകുന്നു. കുറ്റവാളികളും വിപ്ലവകാരികളും പ്രവാചകന്മാരുമാകുന്നു.'സാഹിത്യകലയിലെ നിഷേധത്തെ പുണ്യാത്മകമായ മനസ്സുകൊണ്ട് വായിക്കുകയാണ് നോവലിസ്റ്റ്. ഓരോ ധൂളിയും ഓരോ വെളിപ്പെടലാണ്. കാലവും ലോകവും സ്പന്ദിക്കുകയാണ്. 'വയലുകൾ അയാളെ വിളിച്ചു. എന്നാണ് ഞാൻ ഞാനായി വരിക? ചെളിയിൽ പുരണ്ടു കിടക്കുമ്പോൾ ,സൂര്യൻ ഒരു രഹസ്യം തകർന്ന സന്തോഷത്തിൽ ഉണരുമ്പോൾ മണ്ണിന്‍റെ ലഹരിയിൽ പൊയ്മുഖങ്ങൾ പറിഞ്ഞു പോകുമ്പോൾ ,മണ്ണിരകളുടെ വഴുക്കലിൽ നഗ്നനായി സൂക്ഷ്മമായ ലൈംഗികസുഖം ആസ്വദിക്കുമ്പോൾ, അന്നാണോ ഞാൻ ഞാനാവുക?'

അസ്തിത്വത്തിന്‍റെ ഘനനീലിമ അല്ലെങ്കിൽ അതാര്യതയാണ് ദുഃഖമായി മാറുന്നത്. ഒന്നും അനാവരണം ചെയ്യപ്പെടാതിരിക്കുമ്പോൾ അബദ്ധങ്ങൾ ചെയ്യുകയാണ്.'അലഞ്ഞവർ അന്വേഷിച്ചവർ' ഒരു നവനോവലാണ്. നവീനമായ അവബോധവും മനഃശാസ്ത്രപരമായ കണ്ടെത്തലുമുള്ള പാത്രസൃഷ്ടിയാണ് ഇതിലുള്ളത്. ഇത് ജീവിതസന്ദേശമല്ല; ജീവിതാനുഭവമാണ്. മനുഷ്യൻ ഇങ്ങനെ ജീവിക്കുന്നു എന്നാണ് ആലേഖനം ചെയ്യുന്നത്. ഇത് ബുദ്ധിപരമായി തട്ടിക്കൂട്ടുന്ന പ്രമേയമോ ആഖ്യാനമോ അല്ല; വ്യക്തിപരമായ ആഘാതമായി വന്നുനിറയുന്ന അനുഭവങ്ങളെ പരിശോധിക്കാനുള്ള ശ്രമമാണ് .ജീവിതം ഓരോ നിമിഷവും കൈയിൽ നിന്ന് വഴുതി പോകുന്നുവെന്ന് വ്യസനസമേതം നോവലിസ്റ്റ് അറിയിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നും.ഫ്രഞ്ച് നവനോവൽ(നോവു റൂത) പ്രസ്ഥാനത്തിന്‍റെ വക്താവായ അലൻ റോബ്ബേ ഗ്രിയേ പറഞ്ഞതുപോലെ പുറംലോകം ചിതറിക്കിടക്കുന്നത് കൊണ്ട് മനുഷ്യവ്യക്തിയുടെ ബോധവും അങ്ങനെയാവും. ആ ബോധത്തിന് യുക്തി നഷ്ടപ്പെടും .അതിന് ക്രമത്തിലുള്ള പാത ഇല്ലാതാവും. അത് അതിനോട് തന്നെ യുദ്ധം ചെയ്യുന്ന അവസ്ഥയുണ്ടാകും.

'അലഞ്ഞവർ അന്വേഷിച്ചവർ' വീണ്ടും അച്ചടിച്ചിറക്കിയത് 'പാപ്പാത്തി പുസ്തകങ്ങൾ' ആണ്. ഇത് സംഘടിപ്പിച്ചു തന്ന കോട്ടയം പബ്ലിക് ലൈബ്രറിയെ നന്ദിയോടെ ഓർക്കുകയാണ്.

രജതരേഖകൾ

1) എഴുത്തുകാരൻ

ഏത് പാർട്ടിക്കാണോ അധികാരമുള്ളത് ആ പാർട്ടിയിലേക്ക് ചാഞ്ഞുനിന്നു വിളവെടുക്കുന്ന എഴുത്തുകാരുണ്ട്. അവരെ എപ്പോഴും കാണാം. അവർ ഒരു തനിയാവർത്തനം മാത്രമാണ്. അവരെ ഗൗരവത്തിൽ വായിക്കേണ്ട ആവശ്യമില്ല. പാർട്ടിയുടെ അഭിപ്രായം തങ്ങളുടെ അഭിപ്രായമാക്കി ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രസംഗിക്കുന്ന എഴുത്തുകാരുണ്ട്. അവരെ ഗൗരവത്തോടെ വായിക്കേണ്ടതില്ല. ആവർത്തനം മാത്രമാണ്.

2) ബിമൽ മിത്ര

ഒരുകാലത്ത് മലയാളത്തിലെ എഴുത്തുകാരനെ പോലെ ഇവിടെ അറിയപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ബംഗാളി സാഹിത്യകാരനാണ് ബിമൽ മിത്ര. മലയാളികളുടെ മനസ്സുമായി താദാത്മ്യം പ്രാപിച്ച കഥകളും നോവലുകളുമാണ് അദ്ദേഹത്തിൻ്റേത്. ആ കാലഘട്ടത്തിൽ ബംഗാൾ സാഹിത്യം നമുക്ക് ഹൃദ്സ്പന്ദം പോലെ അനുഭവപ്പെട്ടു. എം.എൻ.സത്യാർത്ഥി പരിഭാഷപ്പെടുത്തിയ വിലയ്ക്ക് വാങ്ങാം ,ഇരുപതാം നൂറ്റാണ്ട് എന്നീ നോവലുകൾ ഓർക്കുകയാണ്. ആ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് ബിമൽ മിത്രയുടെ 'മടക്കയാത്ര' എന്ന കഥ (തന്മ,ജൂലൈ) ഷീന ഈപ്പൻ പരിഭാഷപ്പെടുത്തിയിരിക്കുന്നു .ഈ കഥയുടെ പ്രത്യേകത ഇത് ഇന്ത്യയെ ഓരോ അണുവിലും അറിയുന്നു എന്നതാണ്. ഇന്ത്യയുടെ ഹൃദയം അറിഞ്ഞ് എഴുതുകയാണ്. ഈ കഥയിൽ മധ്യവർഗ്ഗത്തിന്‍റെ സ്വയം വിമർശനത്തെ ഇങ്ങനെ തൊട്ടു കാണിക്കുന്നു: 'പതിനായിരം അടി ഉയരത്തിൽ ഇരുന്നുകൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് വെറുതെയാണെന്ന് തോന്നി .വിലകൂടിയ ഡിന്നറും മറ്റും കഴിച്ചിട്ട് രാജ്യത്തിന്‍റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നത്അപരാധമാണെന്ന് തോന്നി.'

3) ഡോ. അസീസ് തരുവണ

'എന്തുകൊണ്ട് പല പല രാമായണങ്ങൾ'(ഗ്രന്ഥാലോകം, ജൂലൈ) എന്ന ലേഖനത്തിൽ ഡോ. അസീസ് തരുവണ രാമായണത്തിന്റെ ഉത്പത്തിയെപ്പറ്റിയും വിവിധ രാമായണ ആഖ്യാനങ്ങളെപ്പറ്റിയും വിവരിക്കുന്നു. വാത്മീകി മഹർഷിക്ക് മുമ്പുതന്നെ രാമകഥയെപ്പറ്റിയുള്ള വാമൊഴി ആഖ്യാനങ്ങൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകരെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ശ്രീരാമദാസ ഗൗഡന്‍റെ 'ഹിന്ദുത്വം' എന്ന ഗ്രന്ഥത്തിൽ പത്തൊൻപത് രാമായണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.

4) എം.എൻ.വിജയൻ

ഒരു ദാർശനികന്‍റെ ഭാഷയും ചിന്തയുമാണ് എം.എൻ. വിജയനുണ്ടായിരുന്നത്. അദ്ദേഹം എല്ലാറ്റിന്റെയും വിമർശകനായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആത്മീയവും ഭൗതികവുമായ ദർശനങ്ങളെല്ലാം അതിജീവനത്തിന് വേണ്ടി കണ്ടുപിടിച്ചതാണ്. അകത്തും പുറത്തുമുള്ള ലോകത്തെ തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ ദാർശനികപ്രശ്നങ്ങളുണ്ടാകുന്നു.'

5) ജിദ്ദു കൃഷ്ണമൂർത്തി

മഹാനായ ഇന്ത്യൻ തത്വചിന്തകൻ ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞു: 'ഒരാൾ വെറുതെ ശ്രമിച്ചാൽ സ്വതന്ത്രനാകാൻ കഴിയില്ല; സത്യത്തെ അറിയണം.' അതാണ് സ്വതന്ത്രനാക്കുന്നത്. സത്യത്തെ അറിയാൻ സത്യസന്ധനാവണം. അത് തിരികെ തരുന്നത് ജ്ഞാനമാണ്.

6) ദൈവം

നമുക്ക് ഇന്ദ്രിയങ്ങളും ബുദ്ധിയും വൈഭവങ്ങളും തന്ന അതേ ദൈവം തന്നെയാണ് അവ ശരിയായി ഉപയോഗിക്കാനാവാത്ത വിധത്തിൽ നമ്മെ പ്രതിസന്ധിയിലാക്കിയതെന്ന് എനിക്ക് വിശ്വസിക്കാൻ ബാധ്യതയൊന്നുമില്ല -പ്രമുഖ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ അഭിപ്രായപ്പെട്ടു.

7) ഗോപി കൊടുങ്ങല്ലൂർ

നല്ലപോലെ പ്രസംഗിക്കാനും എഴുതാനും കഴിവുണ്ടായിരുന്ന ഗോപി കൊടുങ്ങല്ലൂരിന് ആ സിദ്ധികളൊന്നും വേണ്ടപോലെ ഉപയോഗിക്കാൻ കഴിയാതിരുന്നത് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിലെ ആ ജോലിയായിരുന്നു. ഒരാൾക്ക് പ്രതിഭ തെളിയിക്കാനും പറന്നുയരാനും പ്രയാസമുണ്ടാക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങളിലെ ജോലി.

8) ജോർജ് എലിയറ്റ്

ജോർജ് എലിയറ്റ് എന്ന പേര് ഒരു എഴുത്തുകാരിയുടേതാണ്. മേരി ആൻ ഇവാൻസ്(1819-1880) എന്ന ഇംഗ്ലീഷുകാരി സ്വതന്ത്രമായി എഴുതാനും പുരുഷലോകത്തിന്റെ അംഗീകാരം നേടാനും ഒരു കള്ളപ്പേര് ഉപയോഗിക്കുകയായിരുന്നു. ദ് മിൽ ഓൺ ദ് ഫ്ളോസ്, മിഡിൽമാർച്ച് തുടങ്ങിയ കൃതികൾ എലിയറ്റിനെ പ്രശസ്തയാക്കി.

9) സ്ത്രീകൾ

സ്ത്രീകളെ മനസ്സിലാക്കാൻ പോകരുതെന്ന് പ്രമുഖ ഐറിഷ് നാടകകൃത്ത് ഓസ്കാർ വൈൽഡ് പറഞ്ഞു, അവരെ സ്നേഹിച്ചാൽ മതി.

മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

മോദിക്കും അമിത് ഷായ്ക്കും വധഭീഷണി

പാക്കിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും

മെട്രൊ വാർത്ത ചീഫ് എഡിറ്ററായിരുന്ന ആർ. ഗോപീകൃഷ്ണനെ അനുസ്മരിച്ചു

വയലിൽ ജോലി ചെയ്യവേ മിന്നലേറ്റ് അഞ്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരുക്ക്