ബാനു മുഷ്താഖ് സംവാദത്തിൽ സംസാരിക്കുന്നു.
ഷാർജ: ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനാണ് താൻ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് ബുക്കർ സമ്മാന ജേതാവായ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് പറഞ്ഞു. സ്ത്രീകളുടെയും ദളിതരുടെയും ശബ്‌ദമായി മാറിയതിനുള്ള അംഗീകാരമാണ് ബുക്കർ സമ്മാനമെന്നും ബാനു മുഷ്താഖ് പറഞ്ഞു.
ഷാർജ അന്തർദേശീയ പുസ്തകമേളയിൽ 'ബാനു മുഷ്താഖ്: വിമൻസ് ലൈവ്സ് ഐഡന്‍റിറ്റി ആൻഡ് റെസിസ്റ്റൻസ്' എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തനിക്ക് ബുക്കർ സമ്മാനം ലഭിച്ചതിലൂടെ കന്നഡ ഭാഷയും സാഹിത്യവുമാണ് അംഗീകരിക്കപ്പെട്ടതെന്നും അവർ വ്യക്തമാക്കി. ഒരു പ്രാദേശിക ഭാഷയിലെ ചെറുകഥയ്ക്ക് ആദ്യമായാണ് ബുക്കർ കിട്ടുന്നതെന്നും ബാനു പറഞ്ഞു.
നോവലുമായി താരതമ്യം ചെയ്യുമ്പോൾ ചെറുകഥയിൽ ഒരു പ്രമേയം അവതരിപ്പിക്കാൻ കൂടുതൽ രചനാ വൈദഗ്ദ്ധ്യം വേണമെന്ന് ബാനു മുഷ്താഖ് ചൂണ്ടിക്കാട്ടി. ലോകത്തെവിടെയും സ്ത്രീ പുരുഷ മേധാവിത്വത്തിന് കീഴെയാണ്ജീവിക്കുന്നത്. വളർത്തുമൃഗങ്ങളെ എന്ന പോലെയാണ് ചിലയിടങ്ങളിൽ സ്ത്രീകളെ കരുതുന്നത്. വീട്ടിൽ വളർത്തുന്ന നായയും പൂച്ചയും തങ്ങളോട് കൂറ് കാണിക്കണമെന്ന് ഉടമകൾ വിചാരിക്കുന്നു. സമാനമായ രീതിയിൽ സ്ത്രീകൾ കുടുംബത്തോട് കൂറ് കാണിക്കണമെന്നാണ് പുരുഷ മേധാവിത്വ സമൂഹം കരുതുന്നത്.ഇത്തരം സാമൂഹ്യ സാഹചര്യങ്ങളിലാണ് ഇന്ത്യയിൽ ഗാർഹിക പീഡന വിരുദ്ധ നിയമം കൊണ്ടുവന്നതെന്ന് ബാനു ചൂണ്ടിക്കാട്ടി.
എന്നാൽ, എല്ലാ പുരുഷന്മാരും പുരുഷ മേധാവിത്വത്തിന്‍റെ വക്താക്കളല്ല. ഒരു വിഭാഗം സ്ത്രീകൾ പുരുഷാധിപത്യത്തിന്‍റെ പ്രോത്സാഹകരായി മാറുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തിലെ ജീവിതം കൊണ്ട് അങ്ങനെ ശീലിക്കപെട്ടവരാണ് അവർ.
മോഡറേറ്റർ ഡോ. ചിറ്റ രാഘവൻ, ബാനു മുഷ്താഖ് സംവാദത്തിൽ.
വാർപ്പ് മാതൃകയിലുള്ള മുസ്ലിം സ്ത്രീ കഥാപാത്രങ്ങളല്ല തന്‍റെ കഥകളിലുള്ളതെന്ന് ബാനു പറയുന്നു.അവർ ഭീരുക്കളുമല്ല, യോദ്ധാക്കളുമല്ല. ജീവിത പ്രതിസന്ധിയെ ചോര ചിന്തുന്ന പോരാട്ടങ്ങൾ കൊണ്ടല്ല, തന്ത്രപൂർവമായ ഇടപെടലുകൾ കൊണ്ടാണ് അവർ മറികടക്കുന്നത്. അക്രമാസക്തമായ പോരാട്ടത്തിനിറങ്ങുന്ന സ്ത്രീകളെ പിന്തുണക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയല്ല നമുക്കുള്ളതെന്നും അവർ പറഞ്ഞു.നമ്മുടെ വ്യവസ്ഥിതി കുറേക്കൂടി മനുഷ്യത്വപരമാവണമെന്നും അവർ ആവശ്യപ്പെട്ടു.
ബാനു മുഷ്താഖ്.
ഒരു സന്ദേശം സമൂഹത്തിൽ എത്തിക്കാൻ കഥയല്ല മുദ്രാവാക്യമാണ് എഴുതേണ്ടതെന്ന് ബാനു പറയുന്നു.ശക്തമായ വികാരം സംക്രമിപ്പിക്കാൻ സാധിക്കുമ്പോൾ മാത്രമേ ഒരു കഥ ജനിക്കുന്നുള്ളുവെന്നും ബാനു മുഷ്താഖ് നിരീക്ഷിക്കുന്നു. കന്നഡ സാഹിത്യത്തിന് ഷാർജ അന്തർദേശിയ പുസ്തകമേള പോലെയുള്ള വേദികളിൽ കൂടുതൽ പങ്കാളിത്തം നൽകാൻ ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ബാനു മുഷ്‌താഖ് ആവശ്യപ്പെട്ടു. സംവാദത്തിന് ശേഷം വായനക്കാർക്ക് കഥാകാരി പുസ്തകങ്ങൾ ഒപ്പുവെച്ച് നൽകി. ഡോ. ചിറ്റ രാഘവൻ മോഡറേറ്ററായിരുന്നു.