സുരേഷ് ഇളമൺ
സുരേഷ് ഇളമൺ 
Literature

കിളിമരഛായകളിൽ ഒരു മനുഷ്യൻ...

അജയൻ

കവിത പോലെ മനോഹരമായ ഭാഷാ ശൈലി കൊണ്ടു മലയാളത്തിന്‍റെ ഗദ്യലോകത്ത് സ്ഥിര പ്രതിഷ്ഠ നേടിയ പുസ്തകമാണ് ഇന്ദുചൂഡൻ (പ്രൊഫ. കെ.കെ. നീലകണ്ഠൻ) എഴുതിയ 'കേരളത്തിലെ പക്ഷികൾ'. ഇപ്പോഴിതാ കേരളത്തിന്‍റെ പക്ഷിമനുഷ്യൻ എന്നു വിഖ്യാതനായ ഇന്ദുചൂഡന്‍റെ ജീവചരിത്രം 'പക്ഷികളും ഒരു മനുഷ്യനും' എന്ന പേരിൽ അതിമനോഹരമായി അക്ഷരങ്ങളിലേക്ക് ആവാഹിച്ചിരിക്കുകയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും സംവിധായകനുമായ സുരേഷ് ഇളമൺ. പുസ്തകത്തിലൂടെ ഇന്ദുചൂഡന്‍റെ ലോകത്തെക്കുറിച്ച് ആഴമുള്ളതും വ്യക്തവുമായൊരു വാങ്മയചിത്രം തന്നെയാണ് സുരേഷ് വരച്ചിടുന്നത്.

പക്ഷിനിരീക്ഷണത്തിനായി വർഷങ്ങളോളം ഇന്ദുചൂഡനൊപ്പം യാത്ര ചെയ്യുകയും ആഴത്തിലുള്ള സൗഹൃദം പുലർ‌ത്തുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ കേരളത്തിന്‍റെ പക്ഷിമനുഷ്യന്‍റെ ജീവചരിത്രം രചിക്കുവാൻ ഏറ്റവും യോജിച്ച വ്യക്തിയാണ് സുരേഷ് എന്നതിൽ തർക്കമില്ല.

ആകർഷകമായ മൂന്നു ഭാഗങ്ങളിലൂടെയാണ് ഇന്ദുചൂഡനൊപ്പമുള്ള യാത്രകളെക്കുറിച്ച് സുരേഷ് എഴുതിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് പങ്കുവച്ച സാഹസിതകൾക്കൊപ്പം, പ്രകൃതിയാണ് തന്‍റെ മതമെന്ന് പ്രഖ്യാപിക്കുന്ന ഇന്ദുചൂഡന്‍റെ ജീവിതത്തെക്കുറിച്ചുള്ള ധാരണകളും തത്വശാസ്ത്രവുമെല്ലാ ഇതിൽ ഇടം പിടിക്കുന്നുണ്ട്.

''പക്ഷികളുടെ സൗന്ദര്യം മഷി കൊണ്ട് വരച്ചിട്ട കലാകാരൻ'' എന്നാണ് ഇന്ദുചൂഡനെ വിഖ്യാത സംവിധായകൻ ജി. അരവിന്ദൻ വിശേഷിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിലും പ്രാഗത്ഭ്യം തെളിയിച്ച ഇന്ദുചൂഡനെന്ന പക്ഷിമനുഷ്യനിലേക്കാണ് പുസ്തകം വെളിച്ചം വീശുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഇന്ദുചൂഡന്‍റെ ശിഷ്യരിൽ ഒരാളാണ് സുരേഷ്. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകവുമായി പരിചയപ്പെടാനിടയായ രസകരമായൊരു കഥയും സുരേഷ് മനോഹരമായി എഴുതിയിട്ടുണ്ട്. സുരേഷും സുഹൃത്തായ വിനയനും ഏകദേശം രണ്ടടി ഉയരമുള്ള ഒരു കവുങ്ങിൽ ഒരു മരംകൊത്തിയുടെ കൂട് കണ്ടെത്തി. ഇത്രയും കുറഞ്ഞ പൊക്കത്തിൽ മരംകൊത്തിയുടെ കൂട് സാധാരണ കാണാറില്ലാത്തതു കൊണ്ട് ഇരുവരും അതേക്കുറിച്ച് സംസാരിച്ചു. ‍അപ്പോഴാണ് വിനയൻ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം സംഘടിപ്പിക്കുന്നത്. തന്‍റെ അധ്യാപകനാണ് ആ പുസ്തകത്തിന്‍റെ രചയതാവ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് സുരേഷ്. അതും കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് തനിക്കു പക്ഷി നിരീക്ഷണത്തിലുള്ള താത്പര്യത്തെക്കുറിച്ച് ഗുരുവിനോട് പറയാൻ സാധിച്ചതെന്നും സുരേഷ് എഴുതുന്നു. പക്ഷേ, സുരേഷിന് പക്ഷിനിരീക്ഷണത്തിൽ താത്പര്യമുണ്ടെന്നറിഞ്ഞതോടെ ഒരുമിച്ചുള്ള യാത്രകൾക്ക് ഇന്ദുചൂഡൻ തന്നെ തുടക്കമിട്ടു. അതിനു ശേഷം സുരേഷിന്‍റെ സ്കൂട്ടറിന്‍റെ പിൻസീറ്റിലെ പതിവ് യാത്രക്കാരൻ കൂടിയായി ഇന്ദുചൂഡൻ. ആ യാത്രകളിൽ ഉണ്ടായ നിരവധി രസകരമായ അനുഭവങ്ങളും പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ദുചൂഡൻ നോട്ട് ബുക്കിൽ വരച്ചിട്ട സ്കെച്ചുകളിലൊന്ന്.

ഇംഗ്ലീഷ് പ്രൊഫസറിൽ നിന്ന് പക്ഷിനിരീക്ഷണത്തിന്‍റെ ലോകത്തേക്കുള്ള അതിശയിപ്പിക്കുന്ന പരിവർത്തനമാണ് പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തിലുള്ളത്. കാലിയെ മേയ്ക്കുന്ന കുഞ്ഞൻ എന്ന യുവാവുമായുള്ള സൗഹൃദം അടക്കം പഴയ കാലത്തെക്കുറിച്ചുള്ള ഓർമകളെല്ലാം ഇന്ദുചൂഡൻ പങ്കു വയ്ക്കുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തെ കൂട്ടുകാരനായിരുന്നു കുഞ്ഞൻ. അയാളാണ് ഇന്ദുചൂഡന് കിളിക്കൂടുകൾ കാണിച്ചു കൊടുത്തു കൊണ്ട് പക്ഷി നിരീക്ഷണത്തിൽ താത്പര്യം വളർത്തിയത്. കുഞ്ഞന്‍റെ സ്വാധീനമാണ് പക്ഷി നീരീക്ഷണ രംഗത്ത് ബഹുമാനിക്കപ്പെടുന്ന ഒരു പദവിയിലെത്താൻ ഇന്ദുചൂഡനെ സഹായിച്ചതെന്നും സുരേഷ് നിരീക്ഷിക്കുന്നു.

ഇന്ദുചൂഡൻ നോട്ട് ബുക്കിൽ വരച്ചിട്ട സ്കെച്ചുകളിലൊന്ന്.

വിഖ്യാത പക്ഷി നിരീക്ഷകനായ സലിം അലി ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിലേക്ക് ഒരു ലേഖനമെഴുതാൻ പോലും ഇന്ദുചൂഡനെ ക്ഷണിച്ചിരുന്നു. ആന്ധ്ര പ്രദേശിലാണ് ഇന്ദുചൂഡൻ അധ്യാപകനായി സേവനമാരംഭിച്ചത്. ആരേഡുവിൽ പെലിക്കൻ സങ്കേതം കണ്ടെത്തിയതിൽ പിന്നെ അദ്ദേഹത്തിന്‍റെ യാത്ര പക്ഷി നിരീക്ഷണത്തിലേക്ക് തിരിയുകയായിരുന്നു. ഈ അനുഭവമാണ് ബിഎൻഎച്ച്എസിൽ ലേഖനമാക്കിയത്. പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതിനു ശേഷം പല കോളെജുകളിലും ജോലി ചെയ്തിരുന്നു. അതിനിടെയാണ് കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്.

ബ്രണ്ണൻ കോളെജിലെ പഠനകാലത്ത് പക്ഷികളുടെ പ്രിൻസിപ്പാളായിരുന്നു ഇന്ദുചൂഡനെന്നാണ് മലയാളത്തിലെ പ്രശസ്തനായ നിരൂപകൻ എം.എൻ. വിജയൻ പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ: ''ഞങ്ങളുടെ ബ്രണ്ണനിൽ പക്ഷിഗോത്രത്തിൽപ്പെട്ട ഒരു പ്രിൻസിപ്പാൾ ഉണ്ടായിരുന്നു. മലയാളികൾ നീലകണ്ഠനെ ഇന്ദുചൂഡൻ എന്നു വിളിച്ചു. ഷേക്സ്പിയറുടെ തലയിൽ നിന്ന് പക്ഷിക്കൂടുകൾ തേടി പറന്നു പോയ നീലകണ്ഠൻ, കടൽക്കാക്കകളെ നോക്കി കടലിനെ മറക്കും. ഏതു കവിതയിലൂടെ പറന്നാലും അതിലെ കിളികളെ മാത്രമേ കാണൂ. കുയിലിനും ചക്രവാകത്തിനും ചാതകത്തിനും, ഭാവനയുടെ ചിറകോ കൊടിയ അന്തർദ്ദാഹമോ അല്ല നീലകണ്ഠന്‍റെ കണ്ണിൽപ്പെടുക.''

പുസ്തത്തിലെ അദ്ദേഹത്തിന്‍റെ കുറിപ്പുകളും, അദ്ദേഹവുമായുള്ള സംഭാഷണവുമെല്ലാം പക്ഷി മനുഷ്യന്‍റെ അതുല്യമായ നിരീക്ഷണ പാടവത്തെയും ഏറ്റവും പ്രിയപ്പെട്ട വിഷയത്തോടുള്ള അദ്ദേഹത്തിന്‍റെ അർപ്പണബോധത്തെയും എഴുത്തുകാരനായ സി. രാധാകൃഷ്ണന്‍റെ കുറിപ്പുകളിലൂടെ അദ്ദേഹത്തിന്‍റെ ശാസ്ത്ര ബോധത്തെയും കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ട്. കാക്കകളെ കമ്യൂണിസ്റ്റുകളുമായി (ചുവപ്പു നിറം ഇല്ലെങ്കിൽ പോലും) താരതമ്യം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ എഴുത്തിലെ രസകരമായൊരു ഭാഗം. എപ്പോഴൊക്കെ കാക്കകൾ ഭക്ഷണം കണ്ടെത്തുന്നുണ്ടോ അപ്പോഴെല്ലാം അവ ആദ്യം മറ്റു കാക്കകള വിവരമറിയിച്ച്, കിട്ടിയതു പങ്കു വയ്ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇന്ദുചൂഡൻ നിരീക്ഷിക്കുന്നത്.

1978ലെ ഇന്ദുചൂഡന്‍റെ പ്രശസ്തമായ പ്രസംഗം നിരീക്ഷിക്കാം.

''ചുവരെഴുത്തുകൾ കറുത്ത വലിയ അക്ഷരങ്ങളാണ്. മനുഷ്യരാശി ഒരു കൊടുങ്കാറ്റിന്‍റെ വക്കിലാണെന്നാണ് അതു പറയുന്നത്. പക്ഷേ, കഷ്ടം, മനുഷ്യരാശിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ നിരക്ഷരരോ അല്ലെങ്കിൽ ഹ്രസ്വദൃഷ്ടിയുള്ളവരോ ആണ്. അവർക്ക് ചുവരെഴുത്തുകൾ വായിക്കാൻ കഴിയില്ല. കരഞ്ഞുകൊണ്ടിരിക്കാതെ ചുവരിലെ എഴുത്ത് നിങ്ങളെ കാണിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു; ഭൗതിക പുരോഗതിക്കുവേണ്ടിയുള്ള മനുഷ്യന്‍റെ ആത്മഹത്യാപരമായ കർമങ്ങളുടെ അനിഷേധ്യമായ അടയാളങ്ങൾ.''

കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് ജീവചരിത്രത്തിന്‍റെ ആമുഖം എഴുതിയിരിക്കുന്നത്. കൂടാതെ നിരവധി സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഇന്ദുചൂഡനെക്കുറിച്ചെഴുതിയ കുറിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു. പുസ്തകം പ്രകാശനം ചെയ്തതിനൊപ്പം ഇന്ദുചൂഡനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും രചനകളും ലഭ്യമാകുന്ന www.induchoodan.in എന്ന വെബ്സൈറ്റും ലോഞ്ച് ചെയ്തു.

ജുഡീഷ്യറിക്കെതിരായ പരാമർശം: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ

അവയവമാഫിയ കേസിൽ സാബിത്തിനെ റിമാൻഡ് ചെയ്തു

മുത്തങ്ങയിൽ പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു

റബർ വില ഉയരുന്നു; കർഷകർക്കു പ്രതീക്ഷ