'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' വേദിയിൽ നിന്ന്.
Metro Vaartha
യുഎഇയിലെ അജ്മാനിൽ ഷാബു കിളിത്തട്ടിലിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച, 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' കേരളത്തിന്‍റെ നാടക ചരിത്രവും മലയാള ഭാഷയുടെ മാധുര്യവും കാവ്യ പൈതൃകത്തിന്‍റെ മാസ്മരികതയും, ഏറ്റവും പുതിയ തലമുറകളിലേക്കു കൂടി പകർന്നു നൽകി. അതിനു മുൻപുള്ള തലമുറകൾക്കതു നാടിന്‍റെ വേരുകളിലേക്കുള്ള തിരിച്ചുപോക്കായി. കല്ലറ ഗോപൻ, ജി. ശ്രീറാം തുടങ്ങിയ ഗായകർക്കൊപ്പം പ്രവാസി മലയാളികളായ നൂറോളം കലാ പ്രവർത്തകർ വേദിയിൽ അണിനിരന്നു.
വി.കെ. സഞ്ജു
മണൽക്കാടുകൾക്കു മീതേ തണുത്ത കാറ്റ് ആഞ്ഞുവീശി. ക്രിസ്മസ് നിറങ്ങൾ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത രാത്രി കുളിരണിഞ്ഞു നിന്നു. നക്ഷത്രങ്ങൾക്ക് പതിവിലേറെ തിളക്കം. തിരക്കേറിത്തുടങ്ങിയ അജ്മാൻ കൾച്ചറൽ തിയെറ്ററിൽ കെ.പി. ഉദയഭാനുവിന്‍റെ പഴയൊരു പാട്ട് ഒരുപാട് ചുണ്ടുകളിൽ ഒരേസമയം തത്തിക്കളിച്ചു, ''വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയല്ലോ....''
അങ്ങനെയൊരു പാട്ട് അവിടെയെങ്ങും ഉച്ചത്തിൽ മുഴങ്ങിയിരുന്നില്ല. പക്ഷേ, വരികൾ അറിഞ്ഞും അറിയാതെയും ഒരുപാട് മനസുകളിൽ നിറഞ്ഞ്, അതൊരു മൂളിപ്പാട്ടായങ്ങനെ അന്തരീക്ഷത്തിൽ തങ്ങിനിന്നു. അരങ്ങിൽ നക്ഷത്രങ്ങൾ മഴ പോലെ പെയ്തിറങ്ങിയ ഒന്നാമങ്കത്തോടെ രംഗവേദി ഉണർന്നു. പിന്നെ, കേരളത്തിലെ ജനകീയ നാടകത്തിന്‍റെ ചരിത്രം അവിടെ ഇതൾ വിടർത്തി.
മലയാളക്കരയിൽ ആദ്യമാടിയ തമിഴ് നാടകങ്ങളുടെ പ്രതിനിധിയായി കണ്ണകി ചിലമ്പെറിഞ്ഞുടച്ച് മധുരാപുരി ചുട്ടെരിച്ചു. ഒരു തലമുറയുടെയാകെ ചിന്തകൾക്ക് ഗതിവേഗം പകർന്ന കെപിഎസിയുടെ രാഷ്ട്രീയ നാടകങ്ങളും കെ.ടി. മുഹമ്മദിന്‍റെ സാമൂഹിക നാടകങ്ങളുമെല്ലാം വേദിയിൽ മിന്നിമാഞ്ഞു. തലമുറകൾ ഏറ്റുപാടി അനശ്വരമാക്കിയ ഒരുപിടി നാടക ഗാനങ്ങൾ അകമ്പടിയായി.
കണ്ണകി ചിലമ്പെറിഞ്ഞുടച്ച് മധുരാപുരി ചുട്ടെരിച്ചു...
കല്ലറ ഗോപനും ജി. ശ്രീറാമും നാരായണി ഗോപനും തീർത്ത നാദങ്ങളുടെ തേരിലേറി സദസ് ഒന്നാകെ പതിറ്റാണ്ടുകൾക്കു പിന്നിലേക്ക് യാത്ര ചെയ്തു. ബലികുടീരങ്ങളും മാരിവില്ലിൻ തേൻമലരും പൊന്നരിവാളമ്പിളിയുമെല്ലാം, വെള്ളാരങ്കുന്നിലെ പൊന്മുളം കാട്ടിലെ മധുരിക്കുന്ന ഓർമകളായി നിറഞ്ഞു തുളുമ്പി... പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിലേക്ക് ഒരുമിച്ചൊരു യാത്രയായതു മാറി.
സദസിനെ വേദിയുടെ ഭാഗമാക്കിയ തെയ്യക്കോലം ഓർമകളിലെ അഗ്നിനക്ഷത്രമായി.
സദസിനെക്കൂടി വേദിയുടെ ഭാഗമാക്കിയ രക്തരക്ഷസും തെയ്യക്കോലവും ഓർമകളിലെ അഗ്നിനക്ഷത്രങ്ങളായി; നാടകവും സിനിമയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചു കളയാൻ ശ്രമിച്ച കലാനിലയത്തിന്‍റെ ഡ്രാമ സ്കോപ്പ് സങ്കേതം പോലും പുനഃസൃഷ്ടിക്കപ്പെട്ടു.
കലാനിലയത്തിന്‍റെ ഡ്രാമ സ്കോപ്പ് സങ്കേതം പോലും പുനഃസൃഷ്ടിക്കപ്പെട്ടു.
നർത്തകരും നടീനടൻമാരുമടക്കം നൂറോളം കലാപ്രവർത്തകർ, പല ഘട്ടങ്ങളിൽ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ കോർത്തിണക്കിയ കലയുടെ സിംഫണിയിലെ കണ്ണികളായി, ആസ്വാദകരുടെ ഹൃത്തടങ്ങൾ അവർക്ക് അരങ്ങൊരുക്കി.
നാടക ചരിത്രത്തെയും നാടക ഗാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള പരിപാടി. അതിനിട്ട പേര് 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി'. സിനിമാ പാട്ടിന്‍റെ വരി പേരായി തെരഞ്ഞെടുത്തത് ബോധപൂർവമായിരുന്നു എന്നു പറയുന്നു ഷോ ഡയറക്റ്റർ ഷാബു കിളിത്തട്ടിൽ.
വേദിയിൽ ഷോ ഡയറക്റ്റർ ഷാബു കിളിത്തട്ടിൽ, ഗായകർ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി. ശ്രീറാം.
അതൊരു നാടകഗാനമല്ല. അങ്ങനെയൊരു പാട്ട് ഈ പരിപാടിയുടെ ഭാഗവുമല്ല. മറിച്ച്, ആ വരിക്ക് ഉണർത്താൻ കഴിയുന്ന ഗൃഹാതുരത്വവും കൗതുകവുമത്രെ അങ്ങനെയൊരു പേരിലേക്കു വഴി തെളിച്ചത്.
കെപിഎസിയുടെ പ്രശസ്ത നാടകം 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിൽ.
രണ്ടു മാസത്തിനിടെ രണ്ടാം വട്ടമാണ് ഇങ്ങനെയൊരു പരിപാടി യുഎഇയിൽ ഷാബുവിന്‍റെ തന്നെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. നാട്ടിൽ നിന്നെത്തിയ ഗായകരൊഴികെ എല്ലാ കലാപ്രവർത്തകരും പ്രവാസി മലയാളികൾ. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പല ജോലികൾ ചെയ്തു ജീവിക്കുന്നവർ. അവരെ ഇങ്ങനെയൊരു പരിപാടിക്കു വേണ്ടി കോർത്തിണക്കുക എന്നതു തന്നെയായിരുന്നു അണിയറ പ്രവർത്തകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മൂന്നു മാസം നീണ്ട കഠിനാധ്വാനവും വിശ്രമമില്ലാത്ത റിഹേഴ്സലുകളുമുണ്ട് ഇതിനു പിന്നിൽ.
രമണനും ശകുന്തളയും വാസവദത്തയും ഒക്കെച്ചേർന്ന്, പ്രവാസികളിലെ ഏറ്റവും പുതിയ തലമുറയിലേക്ക് മലയാളത്തിന്‍റെ മാധുര്യത്തെയും കാവ്യ പാരമ്പര്യത്തെയും കൂടി പകർന്നു കൊടുത്തു.
സാധാരണഗതിയിൽ മലയാളി സംഘടനകൾ നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി മാത്രമാണ് ചെറിയ തോതിലെങ്കിലും ഇത്തരം പരിപാടികൾ വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ളത്. എന്നാൽ, 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി' രണ്ടാം പതിപ്പിനൊരുങ്ങുമ്പോൾ അങ്ങനെയൊരു തണൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു ഷാബുവും കൂട്ടരും. അജ്മാനിലെ വേദിയിൽ അങ്ങനെ വെള്ളിനക്ഷത്രങ്ങൾ മാത്രം മിന്നിത്തിളങ്ങി.
നൊടിയിട കൊണ്ട് വേദിയെ നാടകങ്ങളിൽ നിന്നു നാടകങ്ങളിലേക്കു പറിച്ചുനട്ട സീനോഗ്രഫർ നിസാർ ഇബ്രാഹിം എന്ന പ്രതിഭയുടെ മാസ്മരിക സാന്നിധ്യം വെള്ളിനക്ഷത്രത്തിന്‍റെ തിളക്കം കൂട്ടി.
കെ.ടി. മുഹമ്മദിന്‍റെ നാടകം, 'ഇത് ഭൂമിയാണ്'
ഇതിനിടെ, രമണനും ശകുന്തളയും വാസവദത്തയും ഒക്കെച്ചേർന്ന് നാടക ചരിത്രത്തെ മാത്രമല്ല, പ്രവാസികളിലെ ഏറ്റവും പുതിയ തലമുറയിലേക്ക് മലയാളത്തിന്‍റെ മാധുര്യത്തെയും കാവ്യ പാരമ്പര്യത്തെയും കൂടി പകർന്നു കൊടുക്കുകയായിരുന്നു. ഇരുട്ടും തണുപ്പും കട്ടപിടിക്കുവോളം നീണ്ട അരങ്ങിന്‍റെ സിംഫണിക്കൊടുവിൽ വിരിഞ്ഞ സംതൃപ്തിയുടെ മന്ദഹാസങ്ങൾ, അകമഴിഞ്ഞ അനുമോദനങ്ങൾ... അതൊക്കെയായിരുന്നു ബാക്കിയായ ആനന്ദങ്ങൾ.
നർത്തകരും നടീനടൻമാരുമടക്കം നൂറോളം കലാപ്രവർത്തകർ കലയുടെ ഈ സിംഫണിയിലെ കണ്ണികളായി.
''വേരുകൾ വെള്ളമൂറ്റിക്കുടിക്കുന്ന തീരങ്ങളിൽച്ചെന്ന്
അൽപ്പനേരം മെനക്കെട്ടിരിക്കാൻ ശ്രമിക്കണം....''
(വി. മധുസൂദനൻ നായർ)
കവി വാക്യത്തെ അനശ്വരമാക്കിയതു പോലെ, കോൺക്രീറ്റ് കൂടാരങ്ങളുടെ നാലു ചുവരുകൾക്കപ്പുറം, പൈതൃകത്തിന്‍റെ വേരുകളിലേക്കു നീണ്ട വഴിത്താരകളിലേക്ക് വെളിച്ചം വീശിയ മൂന്നര മണിക്കൂർ, അതായിരുന്നു മരുഭൂമിയിൽ പൂത്തുലഞ്ഞ മലയാളത്തിന്‍റെ ഈ സിംഫണി- വെള്ളിനക്ഷത്രമേ നിന്നെ നോക്കി....