കാറ്റി കിതാമുറ

 

File photo

Literature

ആരു കൊണ്ടുപോകും ഇത്തവണ ബുക്കർ സമ്മാനം?

ഇത്തവണത്തെ ബുക്കർ സമ്മാനത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നത് കാറ്റി കിതാമുറയുടെ "ഓഡിഷൻ' ആണ്.

Reena Varghese

റീന വർഗീസ് കണ്ണിമല

ഇത്തവണത്തെ ബുക്കർ സമ്മാനത്തിന്‍റെ ചുരുക്കപ്പട്ടികയിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്നത് കാറ്റി കിതാമുറയുടെ "ഓഡിഷൻ' ആണ്. ആത്മനിർഭരതയുടെ ആനന്ദക്കയങ്ങളിൽ നീന്തിത്തുടിക്കുന്ന വരികളാൽ കാറ്റി അതിനെ വ്യതിരിക്തമാക്കുന്നു. ആത്മപ്രകടനപരതയുടെ നക്ഷത്രത്തിളത്താൽ അവൾ തന്‍റെ കഥാപാത്രങ്ങളെ ചമയിച്ചൊരുക്കിയിരിക്കുന്നു. കഥാപാത്രങ്ങളുടെ ചെറിയ പ്രവൃത്തികളിൽ പോലും അതിസൂക്ഷ്മമായ പദസഞ്ചയങ്ങളാൽ കാറ്റി എഴുത്തിൽ തന്‍റേതായൊരു ഇടം ചമച്ചിരിക്കുന്നു. പ്രവചനാതീതമായ പ്രതികരണങ്ങളിലൂടെ ഓഡിഷൻ എന്ന നോവലിന്‍റെ ഇതളുകളെ ഒരു സഹസ്രദള പത്മം പോലെ എഴുത്തു കാരി വിരിയിച്ചൊരുക്കുന്നു.

റിവർഹെഡ് ബുക്സ് ആണ് കാറ്റി കിതാമുറയുടെ ഓഡിഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 8 നാണ് അത് പ്രസിദ്ധീകൃതമായത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ബുക്കർ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയിൽ അത് ഇടം നേടി എന്നത് കാറ്റി കിതാമുറെ എന്ന പ്രതിഭയുടെ രചനാപാടവത്തിന് ഉത്തമോദാഹരണമാണ്. ന്യൂയോർക്ക് നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് കാറ്റി ഈ നോവൽ രചിച്ചിരിക്കുന്നത്. ഒരു നാടക നടി തന്‍റെ ഉച്ചഭക്ഷണ വേളയിൽ കണ്ടു മുട്ടുന്ന സേവ്യർ എന്ന ചെറുപ്പക്കാരൻ അവളോട് അവളുടെ മകനാണ് എന്ന അവകാശമുന്നയിക്കുന്നതാണ് നോവലിന്‍റെ ആദ്യപാതി.

ക്ലിനിക്കൽ കാര്യക്ഷമതയുള്ള രചനാ സങ്കേതം

2010ൽ ഇത്തരത്തിലൊരു ലേഖനം വായിക്കാനിടയായതാണ് കിതാമുറെ ഇങ്ങനെയൊരു നോവലെഴുതാൻ കാരണമായത്. മനുഷ്യ ജീവിതത്തിലെ പൊള്ളുന്നതും വേദനാജനകവുമായ മനുഷ്യ ചോദനകളെ കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള നോവലാണ് ഓഡിഷൻ. കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെയും വൈകാരിക സ്തോഭങ്ങളെയും തികഞ്ഞ ക്ലിനിക്കൽ കാര്യക്ഷമതയോടെയാണ് കാറ്റി പകർത്തിയിരിക്കുന്നത്. അതാകട്ടെ അവളുടെ കഥാപാത്രങ്ങളുടെ ആഴത്തെയോ അവർ ചിത്രീകരിക്കുന്ന ചലനാത്മകതയുടെ സങ്കീർണതയെയോ പരിമിതപ്പെടുത്തുന്നുമില്ല.

മധ്യവയസ്കയായ നാടക നടിയായ മുഖ്യ കഥാപാത്രം ഇടത്തരക്കാരിയാണ്. കറുത്ത വർഗക്കാരിയാണ്. നോവലിന്‍റെ രണ്ടാം ഭാഗം ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പാതിയിൽ നാടക നടിയുടെ മകനാണെന്ന് അവകാശപ്പെട്ട സേവ്യർ രണ്ടാം പാതിയിൽ അവളുടെ ഏക മകനായിട്ടാണ് തിരിച്ചെത്തുന്നത്. മാതൃ-പുത്ര ബന്ധത്തിൽ ഈഡിപ്പൽ വികാരഭയവും ഭാരവും നോവലിസ്റ്റ് ഭംഗിയായി കോറിയിട്ടിരിക്കുന്നു.

വർത്തമാന കാലത്തു പൂർണമായും നില കൊള്ളുന്ന രചനാ സങ്കേതം

ആദ്യ പാതിയിൽ പുത്രനായി അവനെ അംഗീകരിക്കാത്ത ആ അമ്മ രണ്ടാം പാതിയിൽ തന്‍റെ മകനോട്, സേവ്യറിനോട് എപ്പോഴും മാന്യമായിരിക്കേണ്ടത് ആവശ്യമാണ് എന്നു കരുതുന്നുണ്ട്. എന്നാൽ സേവ്യർ മാതാവിന്‍റെ കുടുംബത്തോടൊപ്പം താമസിക്കാൻ വരുന്ന വേളയിൽ തന്‍റെ കാമുകിയെയും കൊണ്ടു വരുന്നത് ആ അമ്മയിൽ അസൂയയും കോപവും ജനിപ്പിക്കുന്നു. വർത്തമാന കാലത്തു പൂർണമായും നില കൊള്ളുന്ന രചനാ സങ്കേതമാണ് കാറ്റി പിന്തുടരുന്നത്.

ആദ്യ പകുതിയിൽ പേരില്ലാത്ത ഈ നായികാ കഥാപാത്രത്തിന് അവിശ്വസനീയമായ ബന്ധങ്ങൾ ഉണ്ടായിരുന്നു. തന്മൂലം ഗർഭം അലസലുകളും സംഭവിച്ചിരുന്നു. രണ്ടാം പകുതിയിലാകട്ടെ വഴിതെറ്റിപ്പോയത് അവളുടെ ഭർത്താവാണ്. അവളുടെ മകനായ സേവ്യറും ഒരു അവ്യക്തമായ അസ്തിത്വമാണ്. സേവ്യറിന്‍റെ കുട്ടിക്കാലത്തെ കുറിച്ചോ അവന്‍റെ രക്ഷാകർതൃത്വം അമ്മയായ നാടക നടിയുടെ വിവാഹത്തെ എങ്ങനെ ബാധിച്ചിരിക്കാമെന്നോ നോവലിസ്റ്റ് നമ്മോടു പറയുന്നില്ല.

പറയാൻ ഒരു പ്ലോട്ടില്ലാതെ വിജയിച്ച നോവൽ

ആത്മപരതയുടെ അതിരുകളില്ലാത്ത സാധ്യതകൾ അവതരിപ്പിക്കുന്ന നോവലാണ് ഓഡിഷൻ. ഇതിൽ ഏറ്റവും പ്രസക്തമായത് വിവാഹം, മാതൃത്വം, നമ്മുടെ പൊതു ജീവിതം എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന സ്വഭാവങ്ങളും പ്രതീക്ഷകളുമാണ്. ആശയ വൈജാത്യങ്ങളെ അങ്ങനെ തന്നെ അവതരിപ്പിക്കുന്നതിൽ ഈ നോവലിൽ കിതാമുറ വിജയിച്ചിരിക്കുന്നു.

കൃത്യമായി പറയാൻ ഒരു പ്ലോട്ടില്ലാതെ തന്നെ വിജയിച്ച നോവലാണ് ഓഡിഷൻ. ഓർമയുടെയും ഭാവനയുടെയും മൂടൽ മഞ്ഞിൽ പുതഞ്ഞ്, സമയത്തിന്‍റെ വളവുകളിലാണ് മുഖ്യകഥാപാത്രം.വ്യക്തമായ ഒരു പ്ലോട്ടില്ലാതെ എഴുതാൻ സാധാരണ ഒരു എഴുത്തുകാരും ധൈര്യപ്പെടില്ല. പക്ഷേ കിതാമുറ തന്‍റെ ആഖ്യാനത്തിലെ തകർച്ചകളിൽ വളരെ ധീരവും സ്വതന്ത്രവുമായ ഒരു മോണോഡ്രാമ-ഏകാംഗനാടകം തന്‍റെ അനുവാചകർക്കായി വരച്ചു കാട്ടുന്നു

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി